കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാരത് ഉദയ് യാത്ര പ്രശ്നമുണ്ടാക്കില്ല

  • By Staff
Google Oneindia Malayalam News

കൊച്ചി: ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി നയിക്കുന്ന ഭാരത് ഉദയ് യാത്രകേരളത്തില്‍ ക്രമസമാധാന പ്രശ്നമോ വര്‍ഗ്ഗീയ പ്രശ്നമോ ഉണ്ടാക്കില്ലെന്ന് പ്രതിരോധ വകുപ്പ് മന്ത്രിയും ദേശീയ ജനാധിപത്യമുന്നണി കണ്‍വീനറുമായ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് അഭിപ്രായപ്പെട്ടു.

എല്ലാ പാര്‍ട്ടികള്‍ക്കും അതിന്റേതായ പ്രചാരണ രീതികളുണ്ട്. പാര്‍ട്ടിയ്ക്ക് വേണ്ടി വോട്ട് ചോദിയ്ക്കാനാണ് അദ്വാനി കേരളത്തില്‍ പ്രചരണ യാത്ര നടത്തുന്നത്. അതിനെ സംശയിയ്ക്കേണ്ട കാര്യമില്ല. ലക്ഷദ്വീപിലേയ്ക്ക് പോകുന്നതിനിടെ കൊച്ചി വിമാനത്താവളത്തില്‍ വാര്‍ത്താ ലേഖകരുമായി സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

അദ്വാനിയുടെ കേരളത്തിലെ യാത്ര തടയണമെന്ന സിപിഐ, സിപിഎം, മുസ്ലിംലീഗ് തുടങ്ങിയ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെക്കുറിച്ച് സൂചിപ്പിച്ചപ്പോഴാണ് ഫെര്‍ണാണ്ടസ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. യാത്ര അവസാനിക്കുന്നതോടെ കേരളത്തില്‍ വര്‍ഗീയകലാപം ഉണ്ടാകുമെന്ന ഇക്കൂട്ടരുടെ പ്രചാരണം അവരുടെ മനസ്സിലുള്ള അസൂയയുടെ പ്രതിഫലനമാണെന്നാണ് കേരളത്തിലെ ബി.ജെ.പി. ഘടകം പറയുന്നത്.

അദ്വാനി കേരളത്തില്‍ രണ്ട് ദിവസമാണ് പര്യടനം നടത്തുന്നത്. 2004 മാര്‍ച്ച് 10, 11 തീയതികളില്‍ നടത്തുന്ന കേരളപര്യടനത്തില്‍ എട്ട് ജില്ലകളില്‍ ഒമ്പത് ലോക്സഭാ മണ്ഡലങ്ങളിലെ സ്വീകരണപരിപാടികളില്‍ എല്‍.കെ. അദ്വാനി പ്രസംഗിക്കും. കന്യാകുമാരിയില്‍നിന്ന് പഞ്ചാബിലേക്ക് നടക്കുന്ന ആദ്യഘട്ട യാത്രയുടെ ഭാഗമാണ് കേരളപര്യടനം. മാര്‍ച്ച് 10ന് പാറശ്ശാലയില്‍നിന്ന് ആരംഭിക്കുന്ന കേരളത്തിലെ ഭാരത് ഉദയ് യാത്ര 11ന് വൈകീട്ട് പാലക്കാട്ട് സമാപിക്കും. മാര്‍ച്ച് 10 ബുധനാഴ്ച വൈകീട്ട് 4.30 തിരുവന്തപുരം, 6.30 കൊട്ടാരക്കര, 7.30 ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലെത്തും. അന്ന് രാത്രി അദ്വാനി കോട്ടയത്ത് താമസിക്കും.

11-ാം തീയതി വ്യാഴാഴ്ച രാവിലെ 8.30ന് കോട്ടയം, 10ന് മൂവാറ്റുപുഴ, 11.30ന് അങ്കമാലി, 12.00 തൃശ്ശൂര്‍, 3.00 പാലക്കാട് എന്നിങ്ങനെയാണ് യാത്രാപരിപാടി. എല്‍.കെ. അദ്വാനി കേരളത്തില്‍ നടത്തുന്ന 400 കിലോമീറ്റര്‍ പര്യടനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X