കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരട് ചന്ത: എന്‍ഡിഡിബിയ്ക്ക് താല്പര്യം

  • By Staff
Google Oneindia Malayalam News

കൊച്ചി: മരട് കാര്‍ഷിക മൊത്തവില്പന മാര്‍ക്കറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിന് ദേശീയ ഡയറി ഡെവലപ്മെന്റ് ബോര്‍ഡ് താത്പര്യം പ്രകടിപ്പിച്ചു.

ഒരു മാസത്തിനുള്ളില്‍ പദ്ധതിയുടെ സാധ്യത സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടു. കെ. ആര്‍. ഗൗരിയമ്മ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് സാധ്യതാ റിപ്പോര്‍ട്ടും മാര്‍ക്കറ്റ് സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥകളും തയ്യാറാക്കുന്നതിന് ബോര്‍ഡിനോട് ആവശ്യപ്പെട്ടത്.

മരടില്‍ 46 ഏക്കര്‍ സ്ഥലത്താണ് മാര്‍ക്കറ്റ് സ്ഥാപിക്കുന്നത്. ഈ സ്ഥലത്തിന്റെ നാലിലൊന്ന് ഭാഗത്ത് കെട്ടിടങ്ങള്‍ പണിതുകഴിഞ്ഞു. യൂറോപ്യന്‍ ഇകണോമിക് കമ്യൂണിറ്റിയാണ് പദ്ധതിക്ക് ഫണ്ട് നല്‍കുന്നത്. കര്‍ഷകര്‍ക്ക് ഇടനിലക്കാരനെ ഒഴിവാക്കി നേരിട്ട് ഉപഭോക്താക്കള്‍ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ മാര്‍ക്കറ്റുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് സ്ഥാപിക്കുന്നത്.

നാണ്യവിളകള്‍ക്ക് കയറ്റുമതി സംസ്കരണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. എല്ലാ അവശ്യ സാധനങ്ങളും ചെറുകിട വില്പനക്കാര്‍ക്ക് മാര്‍ക്കറ്റില്‍ ലഭ്യമാക്കും.

ഇപ്പോഴത്തെ പദ്ധതി നിര്‍ദേശ പ്രകാരം എറണാകുളത്തെ മൊത്തവില്പന മാര്‍ക്കറ്റ് മരടിലേക്ക് മാറ്റും. കൂടുതല്‍ ചെറുകിട വ്യാപാരികള്‍ പുതിയ മാര്‍ക്കറ്റിനെ സമീപിക്കുന്നതിനാല്‍ മരട് മാര്‍ക്കറ്റിലേക്ക് മാറുന്ന മൊത്തവില്പന വ്യാപാരികള്‍ക്ക് കൂടുതല്‍ സാധ്യതകള്‍ തുറക്കുമെന്നാണ് കൃഷി വകുപ്പ് അധികൃതര്‍ പറയുന്നത്. എല്ലാ സാധനങ്ങളും ഒരിടത്ത് ലഭിയ്ക്കുമെന്നത് ഉപഭോക്താക്കളെയും ആകര്‍ഷിയ്ക്കും.

അതേ സമയം പുതിയ മാര്‍ക്കറ്റിലേക്ക് മാറുന്നതു സംബന്ധിച്ച് എറണാകുളം മാര്‍ക്കറ്റിലെ വ്യാപാരികള്‍ക്കിടയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഇതിനായി മാര്‍ഗരേഖകളൊന്നുംം തയ്യാറാക്കിയിട്ടില്ല. ഇതുസംബന്ധിച്ച് മന്ത്രി ഗൗരിയമ്മയും ഉന്നത ഉദ്യോസസ്ഥരും വ്യാപാരികളുമായി ചര്‍ച്ച നടത്തിയെങ്കിലും പുതിയ മാര്‍ക്കറ്റിലേക്ക് മാറുന്നതു സംബന്ധിച്ച് അന്തിമ ധാരണയിലെത്തിയിട്ടില്ല.

മരട് മാര്‍ക്കറ്റിലേക്ക് മാറിയാല്‍ അത് മൊത്തവ്യാപാരത്തെ തകര്‍ച്ചയിലേക്ക് നയിക്കുമെന്ന ആശങ്ക വ്യാപാരികള്‍ക്കിടയില്‍ ഉണ്ടെന്ന് എറണാകുളം മര്‍ച്ചന്റ് യൂണിയന്‍ പ്രസിഡന്റ് എല്‍.എ. ജോഷി പറയുന്നു. ചെറുകിട വ്യാപാരികള്‍ മരട് ചന്തയില്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് സാധനങ്ങള്‍ എടുക്കുന്ന സ്ഥിതിവിശേഷമുണ്ടായാല്‍ മൊത്തവില്പനവ്യാപാരികള്‍ പ്രതിസന്ധിയിലാകുമെന്നാണ് ആശങ്ക.

എറണാകുളത്തെ ചന്ത മരടിലേക്ക് മാറ്റിയാല്‍ നഗരത്തില്‍ ഹൈക്കോടതി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് അഴിയുമെന്ന ആശ്വാസത്തിലാണ് ജില്ലാ ഭരണകൂടം. അതേ സമയം എറണാകുളത്തെ ചന്ത മരടിലേക്ക് മാറ്റുന്നതിനെതിരെ ഹെഡ്ലോഡ് വര്‍ക്കേഴ്സ് യൂണിയന്‍ എതിര്‍പ്പ് ഉയര്‍ത്തിയിട്ടുണ്ട്. കയറ്റിറക്ക്, വഴിയോരക്കച്ചവടക്കാര്‍ തുടങ്ങി എറണാകുളം ചന്തയെ ആശ്രയിക്കുന്ന 25,000 പേര്‍ വഴിയാധാരമാകുമെന്നും ആശങ്കയുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X