കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ഗീയതയ്ക്കുമെതിരെ ബിഷപ്പിന്റെ മുന്നറിയിപ്പ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സഭാ വിശ്വാസികള്‍ക്ക് നേര്‍വഴി കാണിച്ചുകൊണ്ട് തിരുവനന്തപുരം രൂപതാ മെത്രാന്‍ സൂസ പാക്യം ഇടയ ലേഖനം ഇറക്കി. വിശ്വാസികള്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് പറയാതെ പറഞ്ഞുകൊണ്ടാണ് സൂസപാക്യത്തിന്റെ ഇടയ ലേഖനം.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടുകളെ നേരിട്ടും അല്ലാതെയും വിമര്‍ശിച്ചുകൊണ്ടാണ് ഇടയലേഖനം.

സംസ്ഥാനത്തിന്റെ പുരോഗതിക്കുപകരം ഗ്രൂപ്പുവഴക്കുകള്‍ക്കും വിഴുപ്പലക്കുകള്‍ക്കും പ്രാധാന്യം കൈവന്നതിനെ അദ്ദേഹം വിമര്‍ശിച്ചിട്ടുണ്ട്. മേയ് രണ്ട് ഞായറാഴ്ച ദിവ്യബലി മധ്യേ രൂപതയിലെ ദേവാലയങ്ങളില്‍ ഇടയലേഖനം വായിച്ചു.

സംസ്ഥാനതലത്തിലും നിരാശാജനകമായ അനുഭവങ്ങളാണ് നമുക്കുള്ളതെന്നും ബിഷപ്പ് സൂസപാക്യം അഭിപ്രായപ്പെട്ടു.സംസ്ഥാനത്തിന്റെ പുരോഗതിയെക്കാളേറെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഗ്രൂപ്പുവഴക്കുകളുടെയും തമ്മിലടികളുടെയും വിഴുപ്പലക്കുകളുടെയും നാടകങ്ങളാണ് നമ്മള്‍ കുറേനാളായി കണ്ടുകൊണ്ടിരിക്കുന്നത്. മദ്യ ലോബികളെക്കൂടാതെ നിലനില്‍ക്കാനാവാത്ത സ്ഥിതിവിശേഷമാണ് ഇന്ന് കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ക്കെല്ലാം പൊതുവേയുള്ളത്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെല്ലാം പാലിക്കാന്‍ സാധിച്ചെന്നുവരികയില്ലെന്ന് രാഷ്ട്രീയ പ്രമുഖര്‍ തന്നെ പറയുമ്പോള്‍ കബളിപ്പിക്കപ്പെട്ട ഒരനുഭവമാണ് നമുക്കുണ്ടാകുന്നത്. ആത്മാര്‍ഥമായ ഒരു ശ്രമമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ആശ്വസിക്കാമായിരുന്നു. ഒരു വശത്ത് വര്‍ഗീയതയെ അപലപിക്കുകയും മറുവശത്ത് വോട്ടുതേടാനായി ഏതു വര്‍ഗീയതയേയും ഊട്ടിവളര്‍ത്തുകയും അവിശുദ്ധ കൂട്ടുകെട്ടുകളുണ്ടാക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ നേതൃത്വമാണ് ഒരു പരിധിവരെ നമുക്കിന്നുള്ളത്. അപ്രകാരമൊരു നേതൃത്വത്തിന് സ്തുതി പാടുന്നവരായി നാം അധഃപതിച്ചുപോയിട്ടില്ലേയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഓരോ ജനതയ്ക്കും ലഭിക്കുന്നത് അവരവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളായിരിക്കും എന്ന തത്വം ഈ തിരഞ്ഞെടുപ്പിന്റെ അവസരത്തിലെങ്കിലും ഓര്‍ക്കുന്നത് നന്നായിരിക്കും-ബിഷപ്പ് സൂസപാക്യം പറഞ്ഞു.

ഭരണഘടന ഉറപ്പാക്കുന്ന അവകാശങ്ങള്‍ തുടര്‍ന്നും സംരക്ഷിക്കാന്‍ കഴിയുമോയെന്ന ആശങ്ക ദേശീയതലത്തില്‍ നമ്മെ ഏറ്റവും അധികം ഭയപ്പെടുത്തുന്നുവെന്ന് ബിഷപ്പ് വ്യക്തമാക്കി. മതമൗലികവാദികളുടെയും വര്‍ഗീയവാദികളുടെയും സ്വാധീനം ഭരണതലത്തില്‍ വര്‍ദ്ധിച്ചുവരുന്നുണ്ട്. അവര്‍ അങ്ങിങ്ങായി മതപീഡനം അഴിച്ചുവിടുകയും സമുദായസൗഹാര്‍ദ്ദം തകര്‍ക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഗുജറാത്തുപോലുള്ള സംസ്ഥാനങ്ങളില്‍ നടന്ന കൂട്ടക്കൊലകള്‍ക്ക് കൂട്ടുനില്‍ക്കുന്ന ശക്തികള്‍ അന്തര്‍ദ്ദേശീയ തലത്തിലുള്ള ഭീകരതയെ അപലപിക്കുന്നത് വിരോധാഭാസമായി തോന്നുന്നു- ബിഷപ്പ് ഇടയലേഖനത്തില്‍ പറയുന്നു.

ആഗോളീകരണത്തിന്റെ ഫലം ഭാരതത്തിലെ പത്ത് ശതമാനത്തോളം വരുന്ന സമ്പന്ന വിഭാഗക്കാരും ഒരു പരിധിവരെ ഇടത്തരക്കാരുമാണ് അനുഭവിക്കുന്നത്. ആഗോളീകരണത്തിന്റെ ദൂഷ്യവശങ്ങള്‍ തിരഞ്ഞെടുപ്പുവേളയിലെ മറ്റൊരു ആശങ്കയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓരോരുത്തരും അവരവരുടെ മനഃസാക്ഷിക്കനുസരിച്ച് സമര്‍ഥരായവരെ ജനപ്രതിനിധികളാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

ക്രിസ്തീയവിശ്വാസത്തിന് തടസ്സം സൃഷ്ടിക്കാത്തവരായിരിക്കണം തിരഞ്ഞെടുക്കപ്പെടേണ്ടത്. ഇക്കാര്യത്തില്‍ സ്ഥാനാര്‍ഥികള്‍ ഏതുജാതി മത വിഭാഗത്തില്‍പ്പെട്ടവരാണെന്നുള്ളത് പ്രശ്നമാകേണ്ടതില്ല. വോട്ടവകാശം വിലയ്ക്ക് വാങ്ങാന്‍ ശ്രമിക്കുന്നവര്‍ യൂദാസിന് തുല്യരാണെന്നും അദ്ദേഹം പറഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ ലത്തീന്‍ കത്തോലിക്കരുടെ പ്രാദേശിക സമിതി (കെ.ആര്‍.എല്‍.സി.സി.) ഒരിടത്തും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആരെയും അതിനായി ആശീര്‍വദിച്ചിട്ടുമില്ല-ബിഷപ്പ് വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X