കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ മക്കള്‍ രാഷ്ട്രീയത്തിന് തിരിച്ചടി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മക്കളെ തങ്ങളുടെ അനന്തിരാവകാശികളായി രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്ന നേതാക്കള്‍ക്ക് കേരളത്തിലെ തിരഞ്ഞെടുപ്പ് വിധിയെഴുത്ത് പാഠമാവുന്നു. മക്കളെ രാഷ്ട്രീയത്തില്‍ കൈപ്പിടിച്ചുയര്‍ത്താന്‍ മോഹിച്ച രണ്ട് പ്രബല നേതാക്കളുടെ രാഷ്ട്രീയസ്വപ്നങ്ങള്‍ക്കാണ് തിരിച്ചടിയുണ്ടായത്.

വടക്കാഞ്ചേരി നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കെ. മുരളീധരനും മുകുന്ദപുരം ലോക്സഭാ മണ്ഡലത്തില്‍ പത്മജാ വേണുഗോപാലും തോറ്റത് മക്കളെ രാഷ്ട്രീയത്തില്‍ വാഴിക്കാനുള്ള കരുണാകരന്റെ കരുനീക്കങ്ങളെയാണ് പാഴാക്കിയത്. മൂവാറ്റുപുഴയില്‍ റവന്യു മന്ത്രി കെ. എം. മാണിയുടെ മകന്‍ ജോസ് കെ. മാണിയുടെ തോല്‍വിയും പുത്രരാഷട്രീയത്തിന് തിരിച്ചടിയായി.

കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ച് വൈദ്യുതിമന്ത്രിയായതിന് ശേഷം വി. ബലറാമിനെ എംഎല്‍എ സ്ഥാനം രാജിവപ്പിച്ച് വടക്കാഞ്ചേരി മണ്ഡലത്തിലെ ഉപതിരഞ്ഞടുപ്പില്‍ ജനവിധി തേടിയ മുരളീധരന് രാഷ്ട്രീയജീവിതത്തിലുണ്ടായ ഏറ്റവും വലിയ ആഘാതമായി തിരഞ്ഞെടുപ്പ് ഫലം. രാജിവച്ച് അദ്ദേഹമിനി മന്ത്രിസഭയില്‍ നിന്നൊഴിയണം. മാസങ്ങള്‍ മാത്രം നീണ്ടുനിന്ന മുരളിയുടെ മന്ത്രിജീവിതം അങ്ങനെ അവസാനിക്കുകയാണ്. മാസങ്ങള്‍ക്കുള്ളില്‍ മുരളിക്ക് നഷ്ടപ്പെട്ടത് കെപിസിസി പ്രസിഡന്റ് സ്ഥാനവും മന്ത്രിസ്ഥാനവും.

കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ മുരളിയുടെ ഇനിയുള്ള സ്ഥാനമെന്തെന്ന് അടയാളപ്പെടുത്തേണ്ടത് വരുംദിവസങ്ങളാണ്. ഉപതിരഞ്ഞെടുപ്പില്‍ തോറ്റ മന്ത്രിയെന്ന വിശേഷണം പതിഞ്ഞുകിട്ടിയ മുരളിക്ക് രാഷ്ട്രീയജീവിതത്തിലേറ്റ വന്‍തിരിച്ചടിയുടെ ആഘാതത്തില്‍ നിന്ന് പെട്ടൊന്നും മുക്തമാവാനാവില്ല.

മുകുന്ദപുരത്തെ പത്മജയുടെ തോല്‍വിയോടെ തകര്‍ന്നത് കരുണാകരന്റെ സ്വപ്നങ്ങളാണ്. മകളെ അധികാര രാഷ്ട്രീയത്തിന്റെ ഉന്നതങ്ങളിലെത്തിക്കാമെന്ന മോഹത്തോടെ കരുനീക്കങ്ങള്‍ നടത്തിയ കരുണാകന്റെ രാഷ്ട്രീയഭാവി ഇനിയെന്ത് എന്ന ചോദ്യവും തിരഞ്ഞെടുപ്പ് ഫലം അവശേഷിപ്പിക്കുന്നു. ജനങ്ങളുടെ വിധിയെഴുത്ത് ഒരു അഛനും മക്കള്‍ക്കും സംഭവിച്ച രാഷ്ട്രീയദുരന്തമായി മാറുകയായിരുന്നു.

റവന്യു മന്ത്രി കെ. എം. മാണിയുടെ മകന്‍ ജോസ് കെ. മാണിയും പത്മജയെ പോലെ കന്നിയങ്കത്തില്‍ മുറിവേറ്റ് നിലംപൊത്തിയ നേതാവാണ്. മൂവാറ്റുപുഴയില്‍ ജോസ് കെ. മാണി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ജയിച്ചത് മാണിയുമായി കൊമ്പുകോര്‍ത്ത് കേരള കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടിയുണ്ടാക്കിയ പി. സി. തോമസും. തങ്ങളുടെ പാര്‍ട്ടിയുടെ സ്വത്തെന്ന് മാണി കരുതിയ മണ്ഡലത്തിലാണ് പുത്രന് ദയനീയമായ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നത്. മാണിയുടെ മുറിവുകളും ഉണങ്ങാന്‍ സമയമെടുക്കും. മാണിയെ എന്നും തുണച്ചിരുന്ന പാല നിയമസഭാ നിയോജക മണ്ഡലത്തില്‍ പോലും ജോസ് കെ. മാണി തോമസിനേക്കാള്‍ പിന്നിലായിപ്പോയി എന്നത് ജനവികാരത്തിലേയ്ക്ക് വിരള്‍ ചൂണ്ടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X