കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണിയ്ക്ക് ആഭ്യന്തരം നഷ്ടമായേക്കും

  • By Staff
Google Oneindia Malayalam News

ദില്ലി: എ. കെ. ആന്റണിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റ് തീരുമാനിച്ചു. അതേ സമയം അദ്ദേഹത്തിന്റെ ചുമതലയില്‍ നിന്ന് ആഭ്യന്തര വകുപ്പ് ഒഴിവാക്കിയേക്കും.

ആന്റണിയെ നീക്കണമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ നിര്‍ദേശിച്ചുവെങ്കിലും തത്കാലം ആന്റണി മുഖ്യമന്ത്രി സ്ഥാനത്തു തുടരട്ടെയെന്നാണ് ഹൈക്കമാന്റിന്റെ തീരുമാനം. അതേ സമയം പൊലീസ് വകുപ്പ് കൈയാളുന്നതില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്ന ആന്റണിയില്‍ നിന്ന് ആഭ്യന്തരവകുപ്പ് നീക്കും. പൊലീസിന് നല്‍കിയ സ്വാതന്ത്യ്രം ദുരുപയോഗപ്പെടുത്തിയതാണ് തിരഞ്ഞെടുപ്പ് പരാജയത്തിന് ഒരു കാരണമെന്ന് കഴിഞ്ഞ ദിവസം ആന്റണി തന്നെ പറഞ്ഞിരുന്നു.

എ. കെ. ആന്റണിയെ മാറ്റി വയലാര്‍ രവിയെ മുഖ്യമന്ത്രിയാക്കണമെന്ന് അഹമ്മദ് പട്ടേല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് അറിയുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നിയമസഭാംഗമല്ലാത്ത രവിയെ നിയമസഭയിലേക്ക് മത്സരിപ്പിച്ച് ജയിപ്പിക്കുക എന്നത് എളുപ്പമല്ലാത്തതിനാല്‍ ആ നിര്‍ദേശം തള്ളപ്പെട്ടു. പകരം വക്കം പുരുഷോത്തമന്റെ പേര് പട്ടേല്‍ നിര്‍ദേശിച്ചുവെങ്കിലും ഇപ്പോള്‍ ആന്റണിയെ മാറ്റേണ്ടെന്ന നിലപാടിലാണ് സോണിയ എത്തിച്ചേര്‍ന്നത്.

മുകുന്ദപുരം, കോഴിക്കോട്, എറണാകുളം മണ്ഡലങ്ങളില്‍ കരുണാകരന്‍ നിര്‍ദേശിച്ച സ്ഥാനാര്‍ഥിക്ക് വിജയസാധ്യതയില്ലെന്ന്് ഹൈക്കമാന്റിന് ബോധ്യപ്പെട്ടിട്ടും കരുണാകരന്‍ നിര്‍ദേശിച്ചവരെ തന്നെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആന്റണി ആവശ്യപ്പെട്ടിരുന്നുവെന്നതാണ് പട്ടേലിനെ ആന്റണിയ്ക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്. പരാജയപ്പെടുകയാണെങ്കില്‍ താന്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് ആന്റണി പറഞ്ഞിരുന്നതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ മാറ്റണമെന്നാണ് പട്ടേല്‍ ആവശ്യപ്പെട്ടത്.

അതേ സമയം മന്ത്രിസഭയിലും കെപിസിസിയിലും സമഗ്രമായ അഴിച്ചുപണിയുണ്ടാവും. തെന്നല ബാലകൃഷ്ണപിള്ളയെയും വയലാര്‍ രവിയെയും കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനും വക്കം പുരുഷോത്തമന്‍, ആര്യാടന്‍ മുഹമ്മദ് എന്നിവരെ സംസ്ഥാനമന്ത്രിമാരാക്കാനും നിര്‍ദേശമുണ്ട്.

ജൂണ്‍ ഒന്ന്, രണ്ട് തീയതികളില്‍ തിരുവനന്തപുരത്ത് കെപിസിസി നിര്‍വാഹക സമിതി യോഗം ചേരും. യോഗത്തില്‍ ഹൈക്കമാന്റ് പ്രതിനിധികള്‍ നിരീക്ഷകരായി പങ്കെടുക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X