കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസത്തിന് പരിഗണന കൂടുന്നു

  • By Staff
Google Oneindia Malayalam News

ദില്ലി: കുട്ടികളുടെ വിദ്യാഭ്യാസത്തിന് കൂടുതല്‍ പരിഗണന നല്‍കുന്ന സംസ്ഥാനം സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളം ആണെന്ന് കരുതേണ്ട. സാക്ഷരതയില്‍ കേരളത്തേക്കാള്‍ പിന്നിലാണെങ്കിലും ഹരിയാനയാണ് കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നത്.

ഹരിയാനയിലെ വീടുകളില്‍ കുട്ടികളുടെ പഠനത്തിനായി കൂടുതല്‍ പണം ചെലവഴിക്കുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഹരിയാനയിലെ നഗരപ്രദേശങ്ങളില്‍ ആളോഹരി ചെലവില്‍ വിദ്യാഭ്യാസത്തിനായുള്ള വിഹിതം 1988ല്‍ 4.7 ശതമാനം ആയിരുന്നത് 2002ല്‍ 8.3 ശതമാനമായി വര്‍ധിച്ചു. വിദ്യാഭ്യാസത്തിനായി മാസത്തില്‍ ചെലവഴിക്കുന്ന തുക 28 രൂപയില്‍ നിന്ന് 86.40 രൂപയായി കൂടി.

ഗ്രാമങ്ങളിലും ഈ പ്രവണത കാണാം. 1998ല്‍ ഗ്രാമീണര്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മൊത്തം ചെലവിന്റെ നാല് ശതമാനമാണ് വിനിയോഗിച്ചിരുന്നതെങ്കില്‍ 2002ല്‍ അത് 4.9 ശതമാനമായി കൂടി. ഇത് ദേശീയശരാശരി(2.6 ശതമാനം)യേക്കാള്‍ മുകളിലാണ്.

മറ്റൊരു ഉത്തരേന്ത്യന്‍ സംസ്ഥാനമായ പഞ്ചാബിലും കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്ന തുക വര്‍ധിച്ചിട്ടുണ്ട്. 1998ലെ കണക്ക് പ്രകാരം പഞ്ചാബില്‍ നഗരപ്രദേശങ്ങളില്‍ വിദ്യാഭ്യാസത്തിനായി മാസത്തില്‍ ചെലവഴിച്ചിരുന്നത് മൊത്തം ചെലവിന്റെ 6 ശതമാനമായിരുന്നു. ഇത് 2002ല്‍ ഏഴ് ശതമാനമായി കൂടി. ഗ്രാമപ്രദേശങ്ങളില്‍ ഇത് 4.6 ശതമാനത്തില്‍ നിന്നും 4.5 ശതമാനമായി കുറഞ്ഞെങ്കിലും ഇത് ദേശീയ ശരാശരിയുടെ ഇരട്ടിവരും.

ഹരിയാനയിലും പഞ്ചാബിലും മാത്രമല്ല, മറ്റ് പല സംസ്ഥാനങ്ങളിലും ഈ പ്രവണത പ്രകടമാണ്. ഐടി മേഖലയിലേതു പോലുള്ള ജോലികള്‍ വ്യാപകമായതിന്റെ ഒരു ഫലമായി വേണം ഈ പ്രവണതയെ കാണാന്‍.

വിദ്യാഭ്യാസത്തിനായുള്ള ചെലവ് മാത്രമല്ല, മരുന്നിനും ആരോഗ്യപരിരക്ഷക്കും വസ്ത്രങ്ങള്‍ക്കും ഇന്ധനത്തിനും വൈദ്യുതിക്കുമുള്ള ചെലവ് ചെയ്യുന്ന വിഹിതത്തിന്റെ നിരക്കും കൂടിയിട്ടുണ്ട്.

ഇപ്പോഴും ഭക്ഷണത്തിനാണ് വീടുകളിലെ ചെലവിന്റെ ഭൂരിഭാഗവും പോവുന്നത്. എന്നാല്‍ ഭക്ഷണത്തിനായി ചെലവിടുന്ന തുകയുടെ പങ്ക് കുറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ നഗരപ്രദേശങ്ങളില്‍ മൊത്തം ചെലവിന്റെ 49.6 ശതമാനവും ഭക്ഷണത്തിനായി പോകുമെന്നായിരുന്നു 1998ലെ കണക്ക്. എന്നാല്‍ 2002ല്‍ ഇത് 43.1 ശതമാനമായി കുറഞ്ഞു. ഗ്രാമപ്രദേശങ്ങളില്‍ ഇത് 60.8 ശതമാനത്തില്‍ നിന്നും 55.5 ശതമാനമായി കുറഞ്ഞു. ചെലവിന്റെ രീതിയില്‍ മാറ്റം വന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.

അതേ സമയം കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഈ പ്രവണതയില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. ഈ സംസ്ഥാനങ്ങളില്‍ ഭക്ഷണച്ചെലവിനുള്ള പങ്ക് കുറഞ്ഞിട്ടില്ല. പശ്ചിമബംഗാള്‍, ഒറീസ, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ വീടുകളില്‍ ചെലവിന്റെ ഭക്ഷണത്തിനായുള്ള വിഹിതം ദേശീയശരാശരിയായ 55.5 ശതമാനത്തേക്കാള്‍ കൂടുതലാണ്. മൊത്തം ചെലവിന്റെ 60 ശതമാനമാണ് ഇവിടെ ഭക്ഷണത്തിനായുള്ള വിഹിതം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X