കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രൂപ്പ് പ്രവര്‍ത്തനം സജീവമാവുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംഘടനാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 30നകം പൂര്‍ത്തിയാക്കാന്‍ കെപിസിസി നിര്‍വാഹക സമിതി തീരുമാനിച്ചതോടെ കോണ്‍ഗ്രസിലെ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം ഒരിടവേളക്ക് ശേഷം സജീവമാവുന്നു.

സംഘടനാ തിരഞ്ഞെടുപ്പിനുളള ഒരുക്കങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിമറിയുകയാണ്. മൂന്നാം ഗ്രൂപ്പില്‍ ജി. കാര്‍ത്തികേയനുമായി ഇടഞ്ഞുനില്‍ക്കുന്ന രമേശ് ചെന്നിത്തലയും കെ. സുധാകരനെ ഒതുക്കാന്‍ ശ്രമിക്കുന്ന നാലാം ഗ്രൂപ്പ് നേതാവ് വയലാര്‍ രവിയും ഐ ഗ്രൂപ്പുമായി അടുക്കുന്നുവെന്നതാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഏറ്റവും പുതിയ സംഭവവികാസം.

സംഘടനാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ ഗ്രൂപ്പുകള്‍ക്ക് സ്വന്തമായി പ്രത്യേകിച്ചൊരു സ്വാധീനവും ചെലുത്താനാവില്ല എന്നറിയാവുന്ന രമേശ് ചെന്നിത്തലയും വയലാര്‍ രവിയും തത്കാലത്തേക്കെങ്കിലും ഐ ഗ്രൂപ്പുമായി ഒരു ധാരണക്ക് ശ്രമിക്കുകയാണ്. എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ടതോടെ ദേശീയരാഷ്ട്രീയത്തിലുള്ള തന്റെ സാധ്യതകള്‍ക്ക് മങ്ങലേറ്റിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ രവി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരവ് നടത്താനുള്ള ശ്രമത്തിലുമാണ്.

അതേ സമയം ഇരുനേതാക്കളുമായി ധാരണയിലെത്തുന്നത് എ ഗ്രൂപ്പിനെ തറപറ്റിക്കാന്‍ സഹായകമാവുമെന്ന കണക്കുകൂട്ടലിലാണ് കെ. കരുണാകരന്‍. സംഘടനാ തിരഞ്ഞെടുപ്പ് ഇടക്ക് ദുര്‍ബലമായി പോയ ഗ്രൂപ്പിന് പുതിയ ഊര്‍ജം നല്‍കുമെന്ന വിശ്വാസത്തിലാണ് ഐ ഗ്രൂപ്പ് നേതാക്കള്‍.

സംഘടനാ തിരഞ്ഞെടുപ്പ് നടത്തുന്നതിനെ പിന്തുണച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാടിനോട് എ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന് ശക്തമായ പ്രതിഷേധമുണ്ട്. സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്ന ഐ ഗ്രൂപ്പിന്റെ ആവശ്യത്തെ പിന്തുണക്കേണ്ട ബാധ്യത ഉമ്മന്‍ചാണ്ടിക്കുണ്ടായിരുന്നോ എന്ന ചോദ്യം അവര്‍ ഉന്നയിക്കുന്നു.

എല്ലാ കാര്യങ്ങളും എ ഗ്രൂപ്പിന് അനുകൂലമായി നീങ്ങുമ്പോഴാണ് ഉമ്മന്‍ചാണ്ടി ഇത്തരമൊരു നിലപാടെടുത്തതെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. ഹൈക്കമാന്റിന് പോലും ഉടന്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തുന്നതിനോട് യോജിപ്പില്ലായിരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് ചൂണ്ടിക്കാട്ടുന്ന അവര്‍ ഉമ്മന്‍ചാണ്ടിയുടെ നിലപാട് ഒട്ടും തന്ത്രപരമല്ലെന്ന അഭിപ്രായക്കാരാണ്.

സംഘടനാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ സംബന്ധിച്ച പരാതികള്‍ ഫാക്സ് സന്ദേശങ്ങളായും മറ്റും എഐസിസി ഓഫീസില്‍ ലഭിച്ചുതുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ എഐസിസിയുടെ ഇടപെടല്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X