കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാലിന്യനിയന്ത്രണം; ബോര്‍ഡിന് സുപ്രീംകോടതി സമിതിയുടെ വിമര്‍ശനം

  • By Staff
Google Oneindia Malayalam News

കൊച്ചി: വ്യവസായ സ്ഥാപനങ്ങള്‍ മാലിന്യനിയന്ത്രണച്ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാറും മലിനീകരണ നിയന്ത്രണബോര്‍ഡും വീഴ്ച വരുത്തിയതായി സുപ്രീംകോടതി സമിതി.

മലിനീകരണം നിരീക്ഷിയ്ക്കുന്നതിന് സുപ്രീംകോടതി നിയോഗിച്ച സമിതിയിലെ അംഗമായ ഡോ. ക്ലോഡ് അല്‍വാരീസ് ഇതുസംബന്ധിച്ച തുടര്‍നടപടി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് സര്‍ക്കാറിനെ കടുത്ത ഭാഷയില്‍വിമര്‍ശിച്ചത്. വിനാശകാരികളായ മാലിന്യങ്ങള്‍ സംസ്കരിക്കുന്നതുസംബന്ധിച്ച് നിര്‍ദേശം പാലിക്കാത്ത ഫാക്ടറികള്‍ പറഞ്ഞ സമയത്ത് തന്നെ പൂട്ടും. ഇക്കാര്യത്തില്‍ കാലാവധി നീട്ടുന്ന പ്രശ്നമില്ലെന്നും ക്ലോഡ് പറഞ്ഞു.

കൊച്ചി ഏലൂര്‍ എടയാര്‍ മേഖലയിലെ വ്യവസായ സ്ഥാപനങ്ങള്‍ മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ പാലിക്കുന്നതുറപ്പാക്കാന്‍നിയോഗിച്ച പ്രാദേശിക നിരീക്ഷണ സമിതിയില്‍ പുതുതായി അഞ്ച് അംഗങ്ങളെ ചേര്‍ത്ത നടപടി സുപ്രീംകോടതി സമിതി റദ്ദാക്കി. സമിതിയുടെ അനുമതിയില്ലാതെ ട്രേഡ് യൂണിയന്‍ നേതാക്കളെയും പഞ്ചായത്ത് ഭാരവാഹികളെയും പ്രാദേശിക സമിതിയില്‍ അംഗമാക്കിയ നടപടി സുപ്രീംകോടതിയുടെ അധികാരത്തെ ചോദ്യം ചെയ്യുന്നതാണ്. ഇങ്ങനെ ചെയ്യാന്‍സര്‍ക്കാറിന് അധികാരമില്ലെന്നും ഇക്കാര്യങ്ങള്‍ക്ക് ഉത്തരവാദി ഇതുസംബന്ധിച്ച് ഉത്തരവിറക്കിയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം നടപടികള്‍ മൂലം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ സമിതിക്ക് വിശ്വാസം നഷ്ടപ്പെട്ടതായും അല്‍വാരീസ് പറഞ്ഞു.

2003 ഒക്ടോബര്‍ 14ലെ സുപ്രീംകോടതിവിധി പ്രകാരം വിനാശകാരിയായ മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ സംവിധാനമില്ലാത്ത ഫാക്ടറികള്‍ പൂട്ടാന്‍ നിര്‍ദേശിച്ചിരുന്നു. ഇതു പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുവാനാണ് ഡോ. ജി. ത്യാഗരാജന്‍ ചെയര്‍മാനായ സമിതിയെ സുപ്രീംകോടതി നിയോഗിച്ചത്. സമിതി ആഗസ്തില്‍ കേരളം സന്ദര്‍ശിച്ചിരുന്നു.

ഭൂരിപക്ഷം ഫാക്ടറികളും മലിനീകരണനിയന്ത്രണ ചട്ടങ്ങള്‍പൂര്‍ണമായി പാലിക്കുന്നില്ലെന്ന് സുപ്രീംകോടതി സമിതി കണ്ടെത്തി. സുപ്രീംകോടതി നിര്‍ദേശങ്ങള്‍ പാലിക്കാത്ത 198 ഫാക്ടറികള്‍ പൂട്ടാന്‍മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിടുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അപേക്ഷപ്രകാരം മാലിന്യനിയന്ത്രണ സംവിധാനമൊരുക്കാന്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഒരു മാസത്തെ സമയം അനുവദിച്ചിരുന്നു. ഇത് ഒക്ടോബര്‍ 15ന് അവസാനിക്കും. ഒക്ടോബര്‍ 22നുശേഷം സൗകര്യളൊരുക്കാത്ത ഫാക്ടറികള്‍ പൂട്ടേണ്ടിവരും. ചില ഫാക്ടറികള്‍ക്ക് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മൂന്നുമാസം വരെ സമിതി സമയം അനുവദിച്ചിട്ടുണ്ട്.

പുതുതായി ചേര്‍ത്ത അംഗങ്ങളെ ഒഴിവാക്കി പകരം ശാസ്ത്രീയജ്ഞാനമുള്ളവരുടെ ഒരു പാനല്‍ രൂപീകരിക്കാന്‍ അല്‍വാരീസ് നിര്‍ദേശിച്ചു. ഈ പാനലില്‍പ്പെട്ടവരുടെ സഹായം ഫാക്ടറി പരിശോധനയ്ക്ക് ഉപയോഗപ്പെടുത്താം.

സമിതിയിലെ അംഗങ്ങള്‍ പല ഗ്രൂപ്പായി പാക്ടറികള്‍ പരിശോധിച്ച് നടപടികള്‍ പൂര്‍ത്തിയാക്കണം. ഇതിന് അനുവദിച്ച ആറു മാസത്തില്‍ ബാക്കിയുള്ള 135 ദിവസം കൊണ്ട് സമയബന്ധിതമായി കാര്യങ്ങള്‍ തീര്‍ക്കണം. പ്രാദേശിക നിരീക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വെബ്സൈറ്റിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാക്കണം. ഫാക്ട് ഗസ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ തച്ചില്‍, പ്രാദേശിക നിരീക്ഷണ സമിതി ചെയര്‍മാന്‍ കെ.പി. ജോര്‍ജ്, സമിതിയംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X