കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞാലിക്കുട്ടിമാരും വഹാബുമാരും ലീഗിനെ ഹൈജാക് ചെയ്യുന്നു

  • By Staff
Google Oneindia Malayalam News

കോട്ടയം: മുസ്ലിം ലീഗില്‍ ഒരിയ്ക്കല്‍ മഹത്തുക്കളായ നേതാക്കളുണ്ടായിരുന്നു. എന്നാല്‍ അക്കാലം മാറിയിരിയ്ക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് വി. എം. സുധീരന്‍ പറഞ്ഞു. ഇപ്പോള്‍ ആ പാര്‍ട്ടിയെ കുഞ്ഞാലിക്കുട്ടിമാരും വഹാബുമാരും ഹൈജാക് ചെയ്യുകയാണെന്നും സുധീരന്‍ ആരോപിച്ചു. കരിമണല്‍ ഖനനത്തെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തവേയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.

കേരളത്തില്‍ മതതീവ്രവാദത്തെ ചെറുക്കുന്നതില്‍ ലീഗിന്റെ പങ്ക് വളരെ വലുതാണ്. ലീഗ് ശക്തിപ്പെടണമെന്നാണ് എക്കാലത്തെയും തന്റെ ആഗ്രഹം. പക്ഷേ, കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള ആളുകളുടെ പ്രവര്‍ത്തനം അതിന് ഉപകരിയ്ക്കില്ല. പകരം പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുകയേയുള്ളൂ.

ആലപ്പുഴയുടെ തീരപ്രദേശത്തെ കരിമണല്‍ ഖനന വിവാദം ഈ മട്ടിലായതിന്റെ ഉത്തരവാദി കുഞ്ഞാലിക്കുട്ടിയാണ്. പഠനം നടത്തിയശേഷമേ തുടര്‍നടപടികള്‍ ഉള്ളൂവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെ പ്രശ്നം അവസാനിച്ചതാണ്. എന്നാല്‍, അതൊന്നും ബാധകമല്ലെന്ന മട്ടില്‍ വ്യവസായമന്ത്രി മുന്നോട്ടുപോവുകയായിരുന്നു. കഴിഞ്ഞദിവസം തനിക്കെതിരെ ആലപ്പുഴയില്‍ ലീഗുകാര്‍ നടത്തിയ പത്രസമ്മേളനവും പൊതുസമ്മേളനവും കുഞ്ഞാലിക്കുട്ടിയുടെ പിന്തുണയോടെ നടന്നതാണ്.

തനിക്കെതിരെ കോടതിയില്‍ പോകുമെന്നാണ് ലീഗുകാര്‍ പറഞ്ഞിട്ടുള്ളത്. അതാണു വേണ്ടതും. അങ്ങനെ ഒരവസരം കിട്ടുമല്ലോ. കാര്യങ്ങള്‍ ശരിക്ക് ജനമറിയുകയും ചെയ്യും. ലീഗിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ പ്രവര്‍ത്തനം കൊണ്ടുകൂടിയാണ് മുന്‍മന്ത്രി സൂപ്പിക്കെതിരെ ജനരോഷം ഉയര്‍ന്നത്.

യഥാര്‍ത്ഥത്തില്‍ ലീഗിനെ അപമാനിക്കുകയാണിവര്‍. ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പാണക്കാട് ശിഹാബ്തങ്ങള്‍ക്ക് കത്തയച്ചത്. കഴിഞ്ഞകാല പാരമ്പര്യംവച്ച് നടപടിയെടുക്കേണ്ടതുമായിരുന്നു. പക്ഷേ, ലീഗിനുവേണ്ടി പ്രവര്‍ത്തിച്ച ഉന്നത നേതാവായ ജി.എം. ബനാത്ത്വാലയോട് അനീതി കാട്ടിയവര്‍ തന്നോടുനീതി കാട്ടുമെന്ന് പ്രതീക്ഷിച്ചതാണ് തെറ്റായിപ്പോയതെന്നും സുധീരന്‍ പറഞ്ഞു. കരിമണലിന്റെ സ്വാധീനം എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലുമുണ്ട്. ഖനനത്തെ അനുകൂലിച്ച് അഭിപ്രായം പറയുന്നവരെ ശ്രദ്ധിച്ചാല്‍ പൊതുസ്വഭാവം വ്യക്തമാകും.

കരിമണല്‍ ഖനനത്തെ ഒടുവില്‍ വെള്ളാപ്പള്ളിയും അനുകൂലിച്ചിട്ടുണ്ട്. വെള്ളാപ്പള്ളി ഒരു കച്ചവടക്കാരനാണ്. എല്ലാറ്റിലും ലാഭംകാണുന്നയാള്‍. കരിമണലിലും ഈ ലാഭം കണ്ടിരിക്കാം.

വഴിയേ പോകുന്നവര്‍ക്ക് പന്തുതട്ടാനുള്ളതല്ല ലീഗെന്ന കെ. കരുണാകരന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ തന്റെ ഇഷ്യൂ വ്യക്തിപരമല്ലെന്നുപറഞ്ഞ് സുധീരന്‍ ഒഴിഞ്ഞുമാറി. കരിമണല്‍ ഖനനത്തിനെതിരെ എ.കെ. ആന്റണിയോടും താന്‍ ശക്തിയായി വാദിച്ചിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടിയുടെ ഇതുവരെയുള്ള നിലപാടില്‍ അതൃപ്തിയൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X