കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോ. വല്യത്താന്റെ രാജി വിവാദമാകുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ശാസ്ത്ര-സാങ്കേതിക, പരിസ്ഥിതി കൗണ്‍സില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള ഡോ.എം.എസ്. വല്യത്താന്റെ രാജി വിവാദമാകുന്നു. രാജിയ്ക്ക് കാരണമായ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

സംസ്ഥാനത്തെ മൂന്ന് ഉന്നത ശാസ്ത്രസ്ഥാപനങ്ങളിലേക്ക് ഡയറക്ടര്‍മാരെ തിരഞ്ഞെടുക്കാനുള്ള ഇന്റര്‍വ്യൂ ഒക്ടോബര്‍ 27,28 തീയതികളില്‍ നടത്തുമെന്ന് വല്യത്താന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് റദ്ദാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചതാണ് വല്യത്താനെ രാജിനല്കാന്‍ പ്രകോപിപ്പിച്ചതെന്നറിയുന്നു.

രാജിക്കത്തയച്ചതായി വല്യത്താന്‍ വാര്‍ത്താമാധ്യമങ്ങളോട് വ്യക്തമാക്കിക്കഴിഞ്ഞു. രാജിയ്ക്ക് പിന്നിലെ കാരണമെന്താണെന്ന് സര്‍ക്കാര്‍ തുറന്നുപറയട്ടെ എന്ന നിലപാടിലാണ് വല്യത്താന്‍.

വല്യത്താന്റെ രാജിയ്ക്ക് പിന്നിലെ കാരണം തങ്ങള്‍ക്കറിയില്ലെന്നും ഈ രാജി ആശ്ചര്യമുളവാക്കുന്നുവെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രതികരണം. എന്നാല്‍ ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി കൗണ്‍സിലിന്മേലുള്ള സര്‍ക്കാരിന്റെ അമിതമായ ഇടപെടലില്‍ വല്യത്താന്‍ കുറച്ചുനാളുകളായി അസ്വസ്ഥനായിരുന്നുവെന്നും അതാണ് രാജിയ്ക്ക് കാരണമെന്നും കൗണ്‍സിലിലെ ചില ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. വാസ്തവത്തില്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന സ്വയംഭരണാവകാശസ്ഥാപനമായ കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്(സിഎസ്ഐആര്‍) മാതൃകയിലുള്ള സ്ഥാപനമാണ് സംസ്ഥാന ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി കൗണ്‍സില്‍.

എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ മുന്‍കയ്യിലാണ് രണ്ട് വര്‍ഷം മുമ്പ് ഈ കൗണ്‍സില്‍ സ്ഥാപിച്ചത്. വിവിധ ശാസ്ത്ര സ്ഥാപനങ്ങളിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിയ്ക്കുകയായിരുന്നു സ്ഥാപനത്തിന്റെ കടമ.

ട്രോപിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട്(ടിബിജിആര്‍ഐ), നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് പ്ലാനിംഗ് ആന്റ് റിസര്‍ച്ച് സെന്റര്‍(നാറ്റ്പാക്), രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി എന്നീ സ്ഥാപനങ്ങളുടെ മേധാവികളെ തിരഞ്ഞെടുക്കാനാണ് ഒക്ടോബര്‍ 27, 28തീയതികളില്‍ ഇന്റര്‍വ്യൂ നിശ്ചയിച്ചിരുന്നത്. ഇതാണ് സംസ്ഥാനസര്‍ക്കാര്‍ മന്ത്രിസഭായോഗത്തിന് ശേഷം റദ്ദാക്കിയത്. ഈ സ്ഥാപനങ്ങളുടെ ഡയറക്ടര്‍മാരുടെ കാലാവധി നീട്ടിക്കൊടുക്കുകയായിരുന്നു ഇന്റര്‍വ്യൂ റദ്ദാക്കുക വഴി സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്നറിയുന്നു.

ഈ മൂന്ന് സ്ഥാപനങ്ങളുടെയും ഡയറക്ടര്‍മാരെ തിരഞ്ഞെടുക്കാനുള്ള പ്രക്രിയ കുറച്ചുനാളുകളായി കൗണ്‍സില്‍ ആരംഭിച്ചിരുന്നു. ആദ്യം തസ്തികകളിലേക്ക് ആളെ ക്ഷണിച്ചുകൊണ്ട് പരസ്യം നല്കിയിരുന്നു. ഇതിന് അപേക്ഷകളയച്ചവരില്‍ നിന്നാണ് ഏതാനും പേരെ അവസാനവട്ട ഇന്റര്‍വ്യൂവിന് തിരഞ്ഞെടുത്തത്. അതിനിടയിലാണ് പെട്ടെന്നിടപെട്ട് ഇവരുടെ ഇന്റര്‍വ്യൂ സര്‍ക്കാര്‍ റദ്ദാക്കിയത്. ഇതാണ് വല്യത്താനെ ചൊടിപ്പിച്ചതെന്നറിയുന്നു. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വല്യത്താന് സ്വതന്ത്രമായി പ്രവര്‍ത്തിയ്ക്കാന്‍ വേണ്ട എല്ലാ സാഹചര്യവും നല്കിയിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടി വന്നതോടെ ഈ സാഹചര്യം മാറിയിരിക്കുകയാണെന്നും കൗണ്‍സിലിലെ ചില ഉദ്യോഗസ്ഥര്‍ വിമര്‍ശിക്കുന്നു. മുഖ്യമന്ത്രി കൗണ്‍സിലിന്റെ പ്രസിഡന്റ് കൂടിയാണ്.

ഡോ. വല്യത്താന്റെ രാജി ഇടതുപക്ഷം ഏറ്റെടുത്തിരിക്കുകയാണ്. ഈ രാജിയെപ്പറ്റി അന്വേഷിയ്ക്കണമെന്ന് ജനതാദള്‍(എസ്) സംസ്ഥാനപ്രസിഡന്റ് എം.പി. വീരേന്ദ്രകുമാറും സിപിഐ സംസ്ഥാനസെക്രട്ടറി പിണറായി വിജയനും ആവശ്യപ്പെട്ടിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X