കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞാലിക്കുട്ടിയുടെ നാളുകള്‍ എണ്ണപ്പെടുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ് ഹൈക്കമാന്റ് പിടിമുറുക്കി തുടങ്ങിയതോടെ കുഞ്ഞാലിക്കുട്ടി പ്രശ്നത്തില്‍ ഏതാനും നാളുകള്‍ക്കുള്ളില്‍ പരിഹാരമുണ്ടായേക്കും. മന്ത്രിപദത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ നാളുകള്‍ എണ്ണപ്പെട്ടുവെന്നാണ് സൂചന.

ദില്ലിയിലേക്ക് പോകുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് കുഞ്ഞാലിക്കുട്ടി പ്രശ്നം ഹൈക്കമാന്റുമായി ചര്‍ച്ച ചെയ്യും. കുഞ്ഞാലിക്കുട്ടി പ്രശ്നം ചര്‍ച്ച ചെയ്യാനല്ല ദില്ലിയിലേക്ക് പോവുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും ഹൈക്കമാന്റുമായുള്ള ചര്‍ച്ചയില്‍ സംസ്ഥാനത്ത് നീറിനില്‍ക്കുന്ന ഈ പ്രശ്നം ചര്‍ച്ച ചെയ്യപ്പെടുമെന്ന് വ്യക്തമാണ്.

കുഞ്ഞാലിക്കുട്ടി പ്രശ്നം ഒരു പ്രശ്നമേയല്ലെന്നും കോണ്‍ഗ്രസില്‍ കുഞ്ഞാലിക്കുട്ടിയുടെ രാജി ആവശ്യപ്പെടുന്നത് ഒന്നോ രണ്ടോ പേര്‍ മാത്രമാണെന്നും മാധ്യമങ്ങള്‍ സൃഷ്ടിച്ച തെറ്റിദ്ധാരണ മാത്രമാണ് ജനങ്ങള്‍ക്കിടയിലുള്ളതെന്നും മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും മന്ത്രിക്കസേരയിലെ കുഞ്ഞാലിക്കുട്ടിയുടെ നാളുകള്‍ എണ്ണപ്പെട്ടുവെന്നു തന്നെയാണ് സൂചന. ഇപ്പോഴത്തെ രാഷ്ട്രീയനീക്കങ്ങള്‍ ആ വഴിക്കാണ്.

കുഞ്ഞാലിക്കുട്ടി രാജിവയ്ക്കുകയാണ് പ്രശ്നപരിഹാരത്തിനുള്ള വഴിയെന്ന് കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിയോട് സൂചിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കുഞ്ഞാലിക്കുട്ടി പ്രശ്നം തങ്ങള്‍ ചര്‍ച്ച ചെയ്യുക പോലും ചെയ്യുന്നില്ലെന്ന മുഖ്യമന്ത്രിയുടെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകള്‍ ആരും മുഖവിലക്കെടുക്കുന്നില്ല.

കുഞ്ഞാലിക്കുട്ടി പ്രശ്നത്തെക്കുറിച്ച് തന്നോട് ഒന്നും തന്നെ ഹൈകമാണ്ട് സംസാരിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം പറഞ്ഞത്. പ്രശ്നം സംസ്ഥാനം തന്നെ പരിഹരിയ്ക്കണമെന്ന് അഹമ്മദ് പട്ടേല്‍ പറഞ്ഞതിന് ശേഷമായിരുന്നു ഇത്. എന്നാല്‍ വളരെ വൈകാതെ തന്നെ മുഖ്യമന്ത്രിയെ കെ.പി.സി.സി. അദ്ധ്യക്ഷന്‍ തെന്നല ബാലകൃഷ്ണപിള്ള കൂടികാഴ്ചയ്ക്ക് വിളിച്ചു. ഈ കൂടികാഴ്ചയില്‍ കുഞ്ഞാലിക്കുട്ടിയെ മാറ്റണമെന്ന് തെന്നല മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായാണ് അറിയുന്നത്. വിഷയം മുഖ്യമന്ത്രിയോട് സൂചിപ്പിയ്ക്കാതെ തെന്നലയെ മാത്രം ഹൈകമാണ്ട് അറിയിച്ചെങ്കില്‍, അത് കുഞ്ഞാലിക്കുട്ടി പ്രശ്നത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇതുവരെ സ്വീകരിച്ച നയത്തോടുള്ള ഹൈകമാണ്ടിന്റെ അതൃപ്തി കൂടി സൂചിപ്പിയ്ക്കുന്നുണ്ട്.

കുഞ്ഞാലിക്കുട്ടിയെ മന്ത്രിസ്ഥാനത്തു നിന്ന് നീക്കാതെ പ്രശ്നം പരിഹരിക്കാനാവില്ലെന്ന് ഹൈക്കമാന്റിന് ബോധ്യപ്പെട്ടിട്ടുണ്ട്. അത് ഏതുവിധത്തില്‍ വേണമെന്ന വിഷയം മാത്രമാണ് ഇനി അവശേഷിക്കുന്നത്. മുസ്ലിം ലീഗിന്റെ മുഖം രക്ഷിക്കുന്ന വിധത്തില്‍ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്നാണ് നോക്കുന്നത്. അതിന് ലീഗ് നേതാക്കള്‍ തന്നെ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്.

കുഞ്ഞാലിക്കുട്ടി പ്രശ്നം മൂലം ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയകുപ്പായത്തില്‍ പറ്റിയിരിക്കുന്ന ചെളി കുഞ്ഞാലിക്കുട്ടി രാജിവച്ചതു കൊണ്ടുമാത്രം കഴുകികളയാനാവുമോ എന്ന ചോദ്യം അവശേഷിക്കുന്നു. പ്രശ്നം എത്രമാത്രം വഷളാക്കാമോ അത്രത്തോളമെത്തിച്ചതിന് ശേഷമാണ് യുഡിഎഫും കെപിസിസിയുമൊക്കെ പ്രശ്നം പരിഹരിക്കാന്‍ നോക്കുന്നത്. കുഞ്ഞാലിക്കുട്ടി രാജിവച്ചാലും കുഞ്ഞാലിക്കുട്ടിയെ പരസ്യമായി സംരക്ഷിക്കാന്‍ ശ്രമിച്ച ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ഇമേജിന് പറ്റിയ ക്ഷീണം അത്രയെളുപ്പം മാറ്റാവുന്നതല്ല.

രണ്ടര വര്‍ഷം ഭരിച്ച ആന്റണി സര്‍ക്കാരിനോടുണ്ടായിരുന്നതിനേക്കാള്‍ വലിയ ജനരോഷം നൂറ് ദിവസത്തിനുള്ളില്‍ തന്റെ വിവാദപരമായ നിലപാടുകളിലൂടെ നേടിയെടുത്ത ഉമ്മന്‍ചാണ്ടി നല്ലൊരു ഭരണതന്ത്രജ്ഞനല്ലെന്ന് തെളിയിച്ചിരിയ്ക്കുകയാണ്. അദ്ദേഹം വെറും ജനകീയ നേതാവ് മാത്രമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുമ്പോഴും രണ്ടാം കിട രാഷ്ട്രീയക്കാരന്റെ നിലപാടുകള്‍ തുടര്‍ന്ന ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയെന്ന നിലയില്‍ ജനമനസില്‍ നിന്നും വളരെ ദൂരയൊണ്. ആ അകലം ഇല്ലാതാക്കാന്‍ അദ്ദേഹം ഏറെ ആയാസപ്പെടേണ്ടിവരും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X