ജാര്‍ഖണ്ഡ്: വിശ്വാസവോട്ട് 11ന് വേണമെന്ന് സുപ്രിം കോടതി
ദില്ലി: ജാര്‍ഖണ്ഡില്‍ ഷിബു സോറന്‍ മന്ത്രിസഭ മാര്‍ച്ച് 15ന് പകരം മാര്‍ച്ച് 11ന് നടത്തണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടു.
വിശ്വാസവോട്ട് നേടുന്നതിന് മുമ്പായി ആംഗ്ലോ-ഇന്ത്യന്‍ അംഗത്തെ നിയിമിക്കരുതെന്നും സുപ്രിം കോടതി നിര്‍ദേശിച്ചു.
ജാര്‍ഖണ്ഡ് നിയമസഭയിലേക്കുള്ള ആഗ്ലോ-ഇന്ത്യന്‍ പ്രതിനിധിയായി ആല്‍ഫ്രെഡ് ജോര്‍ജ് ഡി റൊസാരിയോയെ തിരഞ്ഞെടുക്കാന്‍ ഷിബു സോറന്‍ സര്‍ക്കാര്‍ ബുധനാഴ്ച തീരുമാനിച്ചിരുന്നു.
മാര്‍ച്ച് 11ലെ നിയമസഭയുടെ കാര്യപരിപാടി ഷിബു സോറന്റെയും അര്‍ജുന്‍ മുണ്ഡയുടെയും നേതൃത്വത്തിലുള്ള ഇരുമുന്നണികളില്‍ ആര്‍ക്കാണ് സഭയില്‍ ഭൂരിപക്ഷമുള്ളതെന്ന് കണ്ടെത്തലായിരിക്കണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റിസ് ആര്‍. സി. ലഹോതിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
എന്‍ഡിഎയുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് മാര്‍ച്ച് 21ന് തീരുമാനിച്ചിരുന്ന വിശ്വാസവോട്ടെടുപ്പ് ഗവര്‍ണര്‍ സയിദ് റിപ്തി റാസി മാര്‍ച്ച് 15നാക്കിയത്. മാര്‍ച്ച് 10നാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നതെങ്കിലും വിശ്വാസവോട്ടെടുപ്പ് 15നാണ് നടത്താന്‍ തീരുമാനിച്ചിരുന്നത്. വിശ്വാസവോട്ടെടുപ്പ് 11ന് നടത്തണമെന്നാണ് സുപ്രിം കോടതി ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്.
മാര്‍ച്ച് 11ലെ സഭാനടപടികള്‍ സമാധാനപരമായിരിക്കണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചു. അന്നത്തെ നടപടികളെ കുറിച്ച് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ പ്രോട്ടം സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. സഭാനടപടികളുടെ വീഡിയോയില്‍ പകര്‍ത്തിയ ദൃശ്യങ്ങളുടെ കോപ്പി കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദേശം.
അര്‍ജുന്‍ മുണ്ഡ നല്‍കിയ ഹര്‍ജിയിന്മേലാണ് വിധിയുണ്ടായത്. വിശ്വാസവോട്ടെടുപ്പില്‍ ആരുടെയും സ്വാധീനമില്ലെന്ന് ഉറപ്പുവരുത്തണമെന്ന് സുപ്രിം കോടതി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.