കടല്‍ക്ഷോഭത്തില്‍ ഒട്ടേറെ വീടുകള്‍ തകര്‍ന്നു

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടം വിതച്ച രൂക്ഷമായ കടലാക്രമണമുണ്ടായി. ഒട്ടേറെ വീടുകള്‍ വെള്ളത്തിനടിയിലായി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരപ്രദേശങ്ങളിലാണ് കടലാക്രമണം അതിരൂക്ഷമായത്.

കടല്‍ക്ഷോഭത്തില്‍ പെട്ട് പൂവാര്‍ പൊഴിക്കരയില്‍ ഒരാള്‍ മുങ്ങിമരിച്ചു. കൊല്ലം പെരുനാട് മുരുന്താല്‍ പടിഞ്ഞാറ്റതില്‍ പൈക്കാവ് വീട്ടില്‍ ഷിബു എസ്. ചന്ദ്രന്‍ (21) ആണ് മരിച്ചത്.

മെയ് 20 വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിയോടെ തുടങ്ങിയ കടല്‍കയറ്റം വ്യാപക നാശമുണ്ടാക്കിയത് കടല്‍ഭിത്തിയില്ലാത്ത തീരപ്രദേശങ്ങളിലാണ്. തിരുവനന്തപുരം ജില്ലയിലെ പൊഴിയൂര്‍, കരുകുളം, പൂവാര്‍, അടിമലത്തുറ, പുതിയതുറ എന്നിവിടങ്ങളില്‍ രൂക്ഷമായ കടലാക്രമണമുണ്ടായി. ആയിരത്തോളം വീടുകള്‍ വെള്ളത്തിനടിയിലായി. ഇവിടെ നിന്ന് ആയിരത്തിയഞ്ഞൂറോളം പേരെ ഒഴിപ്പിച്ചിട്ടുണ്ട്.

ആലപ്പുഴയില്‍ ഇരുപതോളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. നൂറിലേറെ വീടുകള്‍ക്ക് കേടുപാടുണ്ടായി. ആയിരത്തോളം വീടുകള്‍ വെള്ളത്തിനടിയിലായി. ഒട്ടേറെ കുടുംബങ്ങള്‍ ജില്ലയിലെ തീരപ്രദേശങ്ങളില്‍ നിന്നും വീടൊഴിഞ്ഞുപോയിട്ടുണ്ട്.

കൊല്ലത്ത് ചെറിയഴീക്കല്‍, വലിയഴീക്കല്‍ ഭാഗങ്ങളിലാണ് രൂക്ഷമായ കടലാക്രമണമുണ്ടായത്. തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിലെ ചില ഭാഗങ്ങളിലും ശക്തമായ കടലാക്രമണമുണ്ടായി. കാസര്‍കോട് നാല്പതോളം വീടുകളില്‍ വെള്ളം കയറി.

കടലാക്രമണത്തെ തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടലാക്രമണം ഉണ്ടാവാനുള്ള സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനും ദുരിതബാധിതര്‍ക്ക് സൗജന്യറേഷന്‍ നല്‍കാനും നിര്‍ദേശമുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്