സിവില്‍ സര്‍വീസ് അക്കാദമി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം നല്‍കുന്ന സിവില്‍ സര്‍വീസ് അക്കാദമി ജൂണ്‍ 14ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസവകുപ്പുമന്ത്രി ഇ.ടി മുഹമ്മദ് ബഷീര്‍ അറിയിച്ചതാണ് ഇക്കാര്യം.

സംസ്ഥാന സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരളയുടെ ആഭിമുഖ്യത്തിലാകും സിവില്‍ സര്‍വീസ് അക്കാദമി പ്രവര്‍ത്തിക്കുക. ദേശീയ നിലവാരത്തില്‍ ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലുള്ള സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രങ്ങളോട് കിടപിടിക്കത്തക്ക സൗകര്യമൊരുക്കുന്ന അക്കാദമിക്കായി രാജ്യത്തെ മികച്ച പരിശീലനം കേന്ദ്രങ്ങളുമായി സഹകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ക്കും അഭിമുഖ പരീക്ഷയ്ക്കുമുള്ള പരിശീലനമാകും അക്കാദമിയിലൂടെ നല്കുക. റെഗുലര്‍, ഈവനിംഗ്, വാരാന്ത്യ വിഭാഗങ്ങളിലായി മൂന്ന് ബാച്ചുകളായാണ് പരിശീലനം നല്‍കുന്നത്.

അക്കാദമിയില്‍ ആകെയുള്ള 800 മണിക്കൂറുകളില്‍ 450 മണിക്കൂര്‍ ജനറല്‍ സ്റഡീസിനും 350 മണിക്കൂര്‍ ഓപ്ഷണലിനും ബാക്കി ലൈബ്രറി ഉപയോഗത്തിനുമാകും വിനിയോഗിക്കുക. വിദഗ്ധ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ പാഠഭാഗങ്ങളുടെ വിശകലനം, മാര്‍ഗനിര്‍ദ്ദേശം, അവലോകനം, ഡിബേറ്റ്, സെമിനാര്‍ അവതരണം തുടങ്ങിയവയിലൂടെ സമഗ്രമായ പഠനപദ്ധതി വിദ്യാര്‍ത്ഥികള്‍ക്കായി അക്കാദമി ലഭ്യമാക്കും.

സി-ഡാക്, റിലയന്‍സ് തുടങ്ങിയവയുടെ സഹകരണത്തില്‍ ഡല്‍ഹിയിലും മറ്റ് പ്രമുഖ പരിശീലന കേന്ദ്രങ്ങളിലെ വിദഗ്ധ അധ്യാപകരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനവും അക്കാദമിയില്‍ ഒരുക്കുന്നുണ്ട്. 120 വിദ്യാര്‍ത്ഥികള്‍ക്കാവും ആദ്യ ബാച്ചില്‍ പ്രവേശനം നല്‍കുക. റഗുലര്‍ കോഴ്സിന് 25,000 രൂപയും വാരാന്ത്യ കോഴ്സിന് 20,000 രൂപയുമാകും ഫീസെന്നും മന്ത്രി അറിയിച്ചു.

സ്വാശ്രയ കോളജ് ഫീസ് വിഷയത്തില്‍ വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിലെ പോലെ പ്രഫഷണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് പൊതുപ്രവേശന പരീക്ഷയ്ക്ക് പകരം യോഗ്യതാ പരീക്ഷയിലെ മാര്‍ക്ക് മാനദണ്ഡമാക്കുന്നത് ചര്‍ച്ചകളിലൂടെ തീരുമാനിക്കേണ്ട വിഷയമാണ്. കുറ്റമറ്റ രീതിയിലാണ് പ്രവേശന പരീക്ഷ കേരളത്തില്‍ നടക്കുന്നത്. യോഗ്യതാ മാര്‍ക്ക് മാത്രം പരിഗണിക്കുന്നതില്‍ പല വരും വരായ്കകളുമുണ്ട്. ഇന്ന് അത് പ്രശ്നമാവില്ല. എന്നാല്‍ ഭാവിയില്‍ ഇതില്‍ ആര്‍ക്കെങ്കിലും കൈകടത്താന്‍ കഴിയുമോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൂടി പരിഗണിച്ചാകും ഇതില്‍ തീരുമാനമെടുക്കേണ്ടത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്