ഗള്‍ഫ് ജോലികള്‍ക്കായി കുടുംബശ്രീ പരിശീലനം നല്‍കുന്നു

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കുടുംബശ്രീ പദ്ധതിക്ക് കീഴില്‍ ഗള്‍ഫ് മേഖലകളില്‍ ജോലി നേടാന്‍ വനിതാ വോളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നു. സര്‍ക്കാരിന്റെ പ്രവാസകാര്യ വകുപ്പായ നോര്‍ക്കയുമായി യോജിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കുടുംബ ശ്രീ മിഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ടി.കെ. ജോസാണ് ഇക്കാര്യം അറിയിച്ചത്.

ആവശ്യമായ പരിശീലനം നല്‍കിയതിനു ശേഷമാണ് സ്ത്രീകളെ ജോലിക്കയക്കുക. കുടുംബശ്രീയിലെ വനിതാ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുന്നതിന് വേണ്ട സജ്ജീകരണങ്ങള്‍, കൊച്ചിയിലെ എസ്സിഎം എസ് ഇന്‍സ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് നോര്‍ക്ക ഏര്‍പ്പെടുത്തിയിട്ടുണ്ട്. എസ്എസ്എല്‍സിയാണ് പരിശീലനത്തിന് വേണ്ട അടിസ്ഥാന യോഗ്യത. പരിശീലനം നേടിയ സ്ത്രീകളെ നോര്‍ക്ക വഴിയും സര്‍ക്കാരിന്റെ തന്നെ റിക്രൂട്ടിംഗ് ഏജന്‍സികള്‍ വഴിയും മാത്രമേ ഗള്‍ഫ് രാജ്യങ്ങളിലേക്ക് അയക്കൂ. ജോലിയുടെ പേരിലുളള തട്ടിപ്പും ഇതുവഴി കുറക്കാനാകും.

35-45 പ്രായമുള്ളവരെയാണ് ഇതിനായി തെരഞ്ഞെടുക്കുക. ലൈംഗിക ചൂഷണ സാധ്യത കുറയ്ക്കുന്നതിനു വേണ്ടിയാണിത്. കുടുംബശ്രീയുടെ കീഴില്‍ നന്നായി പ്രവര്‍ത്തിക്കുന്നവരെയാണ് പരിശീലനത്തിന് തെരഞ്ഞെടുക്കുന്നത്.

വീട്ടുപയോഗ സാധനങ്ങള്‍ കൈകാര്യം ചെയ്യുക, പ്രാഥമിക ശുശ്രൂഷ, ശിശു പരിപാലനം, രോഗികളുടെ ശുശ്രൂഷ തടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പരിശീലന പരിപാടിക്കാണ് നോര്‍ക്ക പദ്ധതിയിട്ടിരിക്കുന്നത്. വിവിധ ജില്ലകളില്‍ കുടുംബശ്രീ യൂണിറ്റുകളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നവരുടെ പാനല്‍ തയാറാക്കി വിവിധ ബാച്ചുകളാക്കിയാണ് രണ്ടാഴ്ചത്തെ പരിശീലനം നല്‍കുന്നത്. ഇവരെ ഇംഗ്ലീഷും അറബിയും പഠിപ്പിക്കുന്നുണ്ട്.

ഈ പുതിയ സംരംഭം ഗള്‍ഫ്രാജ്യങ്ങളില്‍ തൊഴില്‍ നേടാന്‍ കേരളീയരെ വളരെയധികം സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും ജോസ് പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്