അനഘയെ പീഡിപ്പിച്ചതായി സിബിഐ കണ്ടെത്തി

  • Posted By:
Subscribe to Oneindia Malayalam

കോട്ടയം: കിളിരൂര്‍ പീഡനകേസിനെ തുടര്‍ന്ന് കവിയൂരില്‍ കൂട്ടആത്മഹത്യ ചെയ്ത നമ്പൂതിരി കുടുംബത്തിലെ പതിനഞ്ചുകാരിയായ അനഘയെന്ന പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി കിളിരൂര്‍ കേസ് അന്വേഷിക്കുന്ന സിബിഐ കണ്ടെത്തി.

മകള്‍ പീഡിപ്പിക്കപ്പെട്ടതിന്റെ മനോവിഷമത്തിലാകണം കുടുംബും ആത്മഹത്യ ചെയ്തതെന്ന സംശയം ഇതോടെ ബലപ്പെട്ടു. അനഘയുടെ മൃതദേഹം പോസ്റുമോര്‍ട്ടം ചെയ്ത കോട്ടയം മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍മാരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇതുസംബന്ധിച്ച തെളിവുകള്‍ സിബിഐക്ക് ലഭിച്ചത്.

തിരുവല്ല ചുമത്ര മഹാദേവക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്ന നാരായണന്‍ നമ്പൂതിരിയും കുടുംബവും 2004 സപ്റ്റംബര്‍ 28നാണ് കൂട്ട ആത്മഹത്യ ചെയ്തത്. നാരായണന്‍ നമ്പൂതിരി, ഭാര്യ ശോഭ, മക്കളായ അനഘ, അഖില, അക്ഷയ് എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കിളിരൂര്‍ കേസിലെ പെണ്‍കുട്ടി ശാരി ലൈംഗികപീഡനത്തിന് വിധേയയായെന്ന വിവരം പുറത്തറിഞ്ഞതിന് പിന്നാലെയായിരുന്നു ഇത്.

രണ്ടു കേസുകളിലും പ്രതിസ്ഥാനത്തുള്ളത് ലതാനായര്‍ക്ക് നാരായണന്‍നായരുടെ കുടുംബവുമായുണ്ടായിരുന്ന അടുത്ത ബന്ധം സൂചിപ്പിക്കുന്ന രേഖകള്‍ സി ബി ഐ കണ്ടെടുത്തു. ലതാനായരുടെ പേരിലുള്ള ചെക്കും അനഘയുടെ നോട്ടുബുക്കുകളിലെ കുറിപ്പുകളും ഈ ബന്ധം വെളിപ്പെടുത്തുന്ന തെളിവുകളാണ്. നര്‍ത്തകിയായ അനഘയെ ലതാനായര്‍ പലയിടത്തും നൃത്ത പരിപാടികള്‍ക്കായി കൊണ്ടുപോയിരുന്നു.

കിളിരൂര്‍ പെണ്‍കുട്ടി ശാരിയുടെ മരണം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് സി ബി ഐ അനഘയുടെ കുടുംബത്തിന്റെ ആത്മഹത്യയും അന്വേഷിക്കുന്നത്. ശാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ മരണം സംഭവിച്ചത് വരെയുള്ള കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. വിഷവസ്തു ഉള്ളില്‍ ചെന്നാണ് ശാരി മരിച്ചതെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ശാരിക്ക് വിവിധ ഘട്ടങ്ങളില്‍ നല്കിയ മരുന്നുകള്‍, ചികിത്സാ രീതി, സന്ദര്‍ശകര്‍, ആന്തര അവയവങ്ങളുടെ പരിശോധന തുടങ്ങിയവയെല്ലാം ശാസ്ത്രീയമായി അപഗ്രഥിക്കാനാണ് സി ബി ഐയുടെ തീരുമാനം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്