മാധ്യമപ്രവര്‍ത്തകരെ വിജിലന്‍സ് മര്‍ദിച്ചു

  • Posted By:
Subscribe to Oneindia Malayalam

തൃശൂര്‍: മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് വാര്‍ത്താസമ്മേളനത്തിനെത്തിയ എക്സൈസ് ഉദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം ചെയ്യലില്‍ നിന്ന് രക്ഷപ്പെടാനായി വിജിലന്‍സ് ഓഫീസില്‍ അഭയം പ്രാപിച്ചത് സംഘര്‍ഷത്തിനിടയാക്കി. എക്സൈസ് ഉദ്യോഗസ്ഥനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഓഫീസിലെത്തിയ മാധ്യമപ്രവര്‍ത്തകരെ വിജലിന്‍സ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചു.

തൃശൂര്‍ പ്രസ് ക്ലബില്‍ എക്സൈസുകാരുടെ അഴിമതിയെ കുറിച്ച് വെളിപ്പെടുത്താനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകനെന്ന വ്യാജേന എക്സൈസ് ഉദ്യോഗസ്ഥനെത്തിയതാണ് സംഘര്‍ഷങ്ങള്‍ക്കു വഴിവച്ചത്. സംശയം തോന്നിയ മാധ്യമപ്രവര്‍ത്തകര്‍ ജോയിയെ ചോദ്യം ചെയ്തു.

ടെലിഗ്രാഫിന്റെ ലേഖകനെന്ന് സ്വയം പരിചയപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം ചെയ്യല്‍ ശക്തമായപ്പോള്‍ എക്സ്പ്രസ് ലേഖകനെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് ജോയിയെ തടഞ്ഞു വയ്ക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ തീരുമാനിച്ചതോടെ ക്ലബില്‍ നിന്നും അയാള്‍ ഇറങ്ങിയോടി.

അടുത്തുള്ള വിജിലന്‍സ് ഓഫീസില്‍ അഭയം പ്രാപിച്ച ഇയാളെ പിന്തുടര്‍ന്ന് എത്തിയ മാധ്യമപ്രവര്‍ത്തകര്‍ അയാളെ വിട്ടുകിട്ടണമെന്ന് വിജിലന്‍സുകാരോട് ആവശ്യപ്പെട്ടു. വിജിലന്‍സുകാര്‍ അതിന് തയ്യാറായില്ല. ഇതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടാവുകയും മാധ്യമപ്രവര്‍ത്തകരെ വിജിലന്‍സുകാര്‍ മര്‍ദിക്കുകയും ചെയ്തത്.

സൂര്യ ടിവി, മനോരമ, കൈരളി ടിവി എന്നിവയുടെ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ വിജിലന്‍സ് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. മുതിര്‍ന്ന വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് പ്രശ്നം പരിഹരിച്ചത്.

പ്രസ്ക്ലബില്‍ അതിക്രമിച്ചു കയറിയ ജോയിയെ പൊലീസിന് കൈമാറണമെന്ന മാധ്യമപ്രവര്‍ത്തകരുടെ ആവശ്യം ഉദ്യോഗസ്ഥര്‍ അംഗീകരിച്ചു. ജോയിയെ പൊലീസ് അറസ്റ് ചെയ്തു. വിജിലന്‍സ് ഓഫീസ് അതിക്രമിച്ച് കയറിയ കുറ്റത്തിന് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്