പ്രവേശനപരീക്ഷാകേന്ദ്രങ്ങളിലേക്ക് എസ്എഫ്ഐ മാര്‍ച്ച് നടത്തി
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജിലെ മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശന പരീക്ഷ നടക്കുന്ന തേവര എസ്എച്ച് കോളജിലേക്ക് എസ്എഫ്ഐ മാര്‍ച്ച് നടത്തി. പരീക്ഷ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു നടത്തിയ മാര്‍ച്ച് സമാധാനപരമായിരുന്നു. അഞ്ഞൂറോളം പേര്‍ പ്രകടനത്തില്‍ പങ്കെടുത്തു.
കോളജിന് കുറച്ചു ദൂരം മുമ്പ് വച്ച് പൊലീസ് സമരക്കാരെ തടഞ്ഞു. തുടര്‍ന്ന് സമരക്കാര്‍ അവിടെ ധര്‍ണ നടത്തി. സമരക്കാര്‍ക്ക് അക്രമം ഉണ്ടാക്കണമെന്ന ലക്ഷ്യമില്ലെന്ന് ജാഥ നയിച്ച എസ്എഫ്ഐ നേതാവ് രാജേഷ് പറഞ്ഞു.
സ്വാശ്രയ മാനേജ്മെന്റുകള്‍ നടത്തുന്ന പരീക്ഷ നിയമവിരുദ്ധമാണ്. ഭരണഘടനാ കമ്മിറ്റിക്ക് മാത്രമേ പ്രവേശന പരീക്ഷ നടത്താന്‍ അവകാശമുള്ളൂ. സംസ്ഥാന സര്‍ക്കാര്‍ ഇതിന് കൂട്ടുനില്‍ക്കുകയാണ് ചെയ്യുന്നത്. അതിനെതിരെ പ്രതിഷേധിക്കുക മാത്രമാണ് എസ്എഫ്ഐയുടെ ലക്ഷ്യം. പ്രവേശന പരീക്ഷ തടഞ്ഞാല്‍ മറ്റെവിടെയെങ്കിലും വച്ച് മാനേജ്മെന്റുകള്‍ അത് നടത്തുമെന്നതിനാലാണ് സംഘര്‍ഷം ഉണ്ടാക്കാത്തതെന്ന് രാജേഷ് പറഞ്ഞു.
സംസ്ഥാനത്തെ ആറ് സ്വകാര്യ മെഡിക്കല്‍ കോളജിലെ മുന്നൂറോളം മാനേജ്മെന്റ് സീറ്റുകളിലേക്കാണ് പ്രവേശന പരീക്ഷ നടക്കുന്നത്.