പാലാട്ട് മോഹന്‍ദാസ് വിവരാവകാശ കമ്മീഷണറായേക്കും
തിരുവനന്തപുരം: വിവരാവകാശ കമ്മീഷന്റെ ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറായി പാലാട്ട് മോഹന്‍ദാസ് നിയമിതനായേക്കും.
ഇപ്പോള്‍ ചിഫ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന മോഹന്‍ദാസ് ഒക്ടോബര്‍ അവസാനം സര്‍വീസില്‍ നിന്ന് വിരമിക്കും. ഇതിന് ശേഷം അദ്ദേഹത്തിന് വിവരാവകാശ കമ്മീഷണറുടെ ചുമതല നല്‍കാനാണ് തീരുമാനം. സര്‍ക്കാര്‍ തലത്തില്‍ ഇതു സംബന്ധിച്ച ധാരണയായിട്ടുണ്ടെന്നാണ് അറിയുന്നത്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, ധന മന്ത്രി വക്കം പുരുഷോത്തമന്‍ എന്നിവര്‍ അടങ്ങിയ സമിതിക്കാണ് കമ്മീഷണറെ നിയമിക്കാനുളള ചുമതല. ഇത് ഗവര്‍ണര്‍ അംഗീകരിക്കുകയും വേണം. പ്രതിപക്ഷ നേതാവുമായി ധനമന്ത്രി വക്കം പുരുഷോത്തമന്‍ ഇതുസംബന്ധിച്ച ചര്‍ച്ച നടത്തും.
ഹൈക്കോടതി ജഡ്ജിയുടെ കേഡറിലാണ് വിവരാവകാശ കമ്മീഷണര്‍ നിയമിതനാകുക. ചീഫ് സെക്രട്ടറി റാങ്കില്‍ രണ്ട് വിവരാവകാശ കമ്മീഷണര്‍മാരെക്കൂടി കമ്മീഷനിലേക്ക് നിയമിക്കും.