ഗുലാം നബി ആസാദ് കശ്മീര്‍ മുഖ്യമന്ത്രിയാകും
ദില്ലി: കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഗുലാംനബി ആസാദ് ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി നവംബര്‍ രണ്ടിന് സ്ഥാനമേല്‍ക്കും. ഏതാനും ദിവസമായി തുടരുന്ന അനിശ്ചിതത്വത്തിന് വിരാമമിട്ട് മുഖ്യമന്ത്രി സ്ഥാനം പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു.
അടുത്ത മൂന്ന് വര്‍ഷം ഗുലാം നബി ആസാദായിരിക്കും കശ്മീരിലെ മുഖ്യമന്ത്രി. ആദ്യത്തെ രണ്ട് വര്‍ഷം പിഡിപിക്കും പിന്നീട് മൂന്ന് വര്‍ഷം കോണ്‍ഗ്രസിനും മുഖ്യമന്ത്രി സ്ഥാനം എന്നായിരുന്നു ഇരുപാര്‍ട്ടികളും തമ്മിലുണ്ടായിരുന്ന ധാരണ.
എഐസിസി ജനറല്‍ സെക്രട്ടറി അംബികാസോണിയാണ് തീരുമാനം വാര്‍ത്താലേഖകരെ അറിയിച്ചത്. മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയതിനു ശേഷം കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയാണ് മുഖ്യമന്ത്രി സ്ഥാനമേറ്റെടുക്കാന്‍ തീരുമാനമെടുത്തത്.
ഒക്ടോബര്‍ 28 വെള്ളിയാഴ്ച ശ്രീനഗറില്‍ നടക്കുന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം ഗുലാം നബി ആസാദാനിെ നേതാവായി തിരഞ്ഞെടുക്കും. സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിന് കേന്ദ്രമന്ത്രിസ്ഥാനം നല്‍കിയേക്കും.
പാകിസ്ഥാനുമായുള്ള ബന്ധവും കശ്മീരിലെ ഭൂകമ്പവും കണക്കിലെടുത്ത് ഇപ്പോഴത്തെ സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കേണ്ടതില്ലെതില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് അഭിപ്രായമുണ്ടായിരുന്നു. എന്നാല്‍ കശ്മീരിലെ കോണ്‍ഗ്രസിന്റെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ സോണിയ തീരുമാനിച്ചത്. എംഎല്‍എമാരും യൂത്ത് കോണ്‍ഗ്രസ് നേതാക്കളും രാജി വയ്ക്കുന്ന സാഹചര്യമുണ്ടായപ്പോള്‍ അധികാര കൈമാറ്റം നടപ്പിലാക്കാന്‍ സോണിയ നിര്‍ബന്ധിതയാവുകയായിരുന്നു.