കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപിഎസ് തിളക്കവുമായി രമ്യ

  • By Staff
Google Oneindia Malayalam News

മീനങ്ങാടി(വയനാട്): പത്തുവര്‍ഷം ദൈര്‍ഘ്യമുള്ള തന്റെ സ്വപ്നംസഫലമായ സന്തോഷത്തിലാണ് വയനാട്ടിലെ മീനങ്ങാടി സ്വദേശിയായ രമ്യ രോഷ്ണിയെന്ന പെണ്‍കുട്ടി. സിവില്‍ സര്‍വീസസിന്റെ വിജയഗാഥയിലേക്ക് തനിക്കൊപ്പം വയനാടെന്ന പിന്നോക്ക ജില്ലയെയും രമ്യ കൈപിടിച്ചു നടത്തി.

ആരോഗ്യവകുപ്പില്‍ ഫാര്‍മസിസ്റായ പി.ആര്‍.രാഘവന്റെയും ഹെല്‍ത്ത് സൂപ്പര്‍വൈസറായി വിരമിച്ച ശ്യാമളാ ദേവിയുടെയും മകളാണ് ഇത്തവണത്തെ സിവില്‍സര്‍വ്വീസ് പരീക്ഷയില്‍ 72-ാം റാങ്കുനേടിയ ഇരുപത്തിയാറുകാരി രമ്യ. രാജ്യമൊട്ടുക്കുമുള്ള ഉന്നത ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളില്‍ നിന്ന് പഠിച്ചെത്തിയ വിദ്യാര്‍ത്ഥികളുമായി മത്സരിച്ചുനേടിയതാണെന്നതുകൊണ്ടുതന്നെ രമ്യയുടെ 72--ാംറാങ്കിന് തങ്കത്തിളക്കമുണ്ട്.

കുട്ടിക്കാലത്തുതന്നെ രമ്യ വായനയില്‍ അതീവതാല്പര്യം കാണിച്ചിരുന്നെന്ന് അമ്മ ശ്യാമളാദേവി പറഞ്ഞു. അതുതെളിയിക്കുന്നതാണ് രമ്യയുടെ പുസ്കകശേഖരവും. ശാസ്ത്ര ഗ്രന്ഥങ്ങളും ജനപ്രിയനോവലുകളും മുതല്‍ കാഫ്കയും ആതര്‍ കോനന്‍ ഡോയലും വരെയുണ്ട് രമ്യയുടെ ശേഖരത്തില്‍.

ഏതൊരു സാധാരണ വിദ്യാര്‍ത്ഥിയെയും പോലെ നാട്ടിലെ സര്‍ക്കാര്‍ വിദ്യാലയത്തിലായിരുന്നു രമ്യയുടെയും സ്കൂള്‍ക്കാലം. അതുകഴിഞ്ഞ് പ്രീഡിഗ്രിയും ഡിഗ്രിയും രമ്യ പൂര്‍ത്തിയാക്കിയത് കോഴിക്കോട് ഫാറൂഖ് കോളജില്‍നിന്നാണ്. ശേഷം മൈസൂര്‍ സര്‍വ്വകലാശാലയില്‍നിന്ന് സോഷ്യോളജിയില്‍ മാസ്റര്‍ ബിരുദം നേടി. അതിനുശേഷം തിരുവനന്തപുരത്ത് ഓര്‍ത്തഡോക്സ് സഭ നടത്തുന്ന സിവില്‍ സര്‍വീസ് അക്കാദമിയില്‍ പരിശീലനത്തിനു ചേര്‍ന്നു.

പിന്നീടങ്ങോട്ട് കഠിന പ്രയത്നമായിരുന്നെന്നും പരീക്ഷയില്‍ ജയിക്കുമെന്നതില്‍ നല്ല ഉറപ്പുണ്ടായിരുന്നെന്നും രമ്യ പറയുന്നു. ഈ ആത്മവിശ്വാസം കൊണ്ടുതന്നെയാണ് ഇന്റലിജന്‍സ് ബ്യൂറോയില്‍ ലഭിച്ച ഇന്റലിജന്‍സ് ഓഫീസറുടെ ജോലി രമ്യ വേണ്ടെന്നു വെച്ചതും.

തന്റെ നേട്ടത്തിനുപിന്നില്‍ പ്രത്യക്ഷമായും പരോക്ഷമായും പ്രവര്‍ത്തിച്ചവരെയെല്ലാം രമ്യ സ്നേഹ പൂര്‍വ്വം ഓര്‍ക്കുന്നു. സ്കൂള്‍ക്കാലത്ത് ഓരോ ക്ലാസ്സിലും തനിക്ക് മികച്ച അധ്യാപകരെത്തന്നെ കിട്ടിയിരുന്നുവെന്ന് രമ്യ പറയുന്നു. ഫാറൂഖ് കോളേജിലെ അധ്യാപകര്‍ പഠനത്തില്‍ ഏറെ സഹായിച്ചിരുന്നു. സിവില്‍ സര്‍വീസ് എന്ന സ്വപ്നം തന്റെ മനസ്സിനു പകര്‍ന്നു തന്ന സഹപാടികളോടും താന്‍ കടപ്പെട്ടിരിക്കുന്നുവെന്ന് പറയാന്‍ രമ്യ മടികാണിക്കുന്നില്ല.

സിവില്‍ സര്‍വീസ് പരിശീലനത്തിനുചേര്‍ന്നപ്പോള്‍ മികച്ച പ്രകടനം കാഴ്ച വെച്ച 15 പേരെ സ്പോണ്‍സര്‍ ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് തന്റെ പ്രത്യേക നന്ദി അറിയിക്കാന്‍ രമ്യ മറന്നില്ല. 15പേരെ സ്പോണ്‍സര്‍ ചെയ്യുകയും സംസ്ഥനത്ത് സിവില്‍ സര്‍വീസിലുള്ള ഉദ്യോഗസ്ഥരില്‍നിന്ന് അവര്‍ക്ക് കൂടുതല്‍ അറിവുനേടാനുള്ള സഹായം സജ്ജമാക്കാനും മുഖ്യമന്ത്രി പ്രത്യേകശ്രദ്ധ കാണിച്ചിരുന്നു.

വളരെ പ്രശസ്തമായ നമ്പര്‍ വണ്‍ ഇംഗ്ലീഷ് മീഡീയം സ്കൂളുകളില്‍ പഠിച്ചവര്‍ക്കുമാത്രമേ ദേശീയ നിലവാരത്തിലുള്ള മത്സപ്പരീക്ഷകളില്‍ വിജയം നേടാനാകൂ എന്ന നമ്മുടെ സമൂഹത്തിന്റെ ധാരണ അസ്ഥനത്താണെന്ന് ഒരിക്കല്‍ക്കൂടിത്തെളിയിച്ചിരിക്കുകയാണ് ഈ വയനാട്ടുകാരി. മനസ്സിലുറപ്പിച്ച ലക്ഷ്യത്തിലെത്താന്‍ താന്‍ ആത്മാര്‍ത്ഥതയോടെയും സൂക്ഷമതയോടെയും പരിശ്രമിച്ചിട്ടുണ്ടെന്നും അതുതന്നെയാണ് വിജയത്തിലേക്കുള്ള വഴിയെന്നും രമ്യ പിന്‍ഗാമികളെ ഓര്‍മ്മിപ്പിക്കുന്നു. ഐ പി എസ് പരിശീലനത്തിനായി രമ്യ ആഗസ്തില്‍ മസൂറിയിലേക്ക് പോകും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X