കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമുക്തഭടന്മാര്‍ ടൂറിസം മേഖലയില്‍ ചുവടുറപ്പിക്കുന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി: ഉയര്‍ച്ചയിലേക്കു കുതിക്കുന്ന കേരളത്തിലെ ടൂറിസം മേഖലയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ വിമുക്തഭടന്മാരും മുന്നോട്ടുവരുന്നു.

ഇതിന്റെ ആദ്യപടിയെന്ന നിലയില്‍ കേരള എക്സ് സര്‍വ്വീസ് മെന്‍ വെല്‍ഫേര്‍ അസോസിയേഷന്‍ (കെ ഇ എക്സ് ഡബ്ല്യൂ എ) വിമുക്തഭടന്മാരുടെ വീടുകളില്‍ വിനോദസഞ്ചാരികള്‍ക്ക് താമസസൗകര്യമൊരുക്കുന്ന പുതിയ പദ്ധതിക്ക് രൂപം നല്‍കിക്കഴിഞ്ഞു.

വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന സഞ്ചാരികള്‍ക്കായി വീടുകളില്‍ പ്രത്യേക മുറികളും ഭക്ഷണവും മറ്റു സൗകര്യങ്ങളും നിശ്ചിത നിരക്കില്‍ ലഭ്യമാക്കുകയാണ് ചെയ്യുന്നത്. സ്വന്തം വീടുകളില്‍ സഞ്ചാരികള്‍ക്ക് നിശ്ചിത നിരക്കില്‍ താമസവു ംഭക്ഷണവും നല്‍കുന്ന പതിവുണ്ടെങ്കിലും ആ രംഗത്തേക്ക് വിമുക്തഭടന്‍മാര്‍ കടന്നെത്തുന്നത് ഇതാദ്യമാണെന്ന് മേജര്‍ ജനറല്‍ ഹാര്‍വെന്റ് കിഷന്‍(ഡയറക്ടര്‍ ജനറന്‍ ഓഫ് റീ സെറ്റില്‍മെന്റ് ഇന്‍ ദി ഡിഫന്‍സ് മിനിസ്ട്രി) പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളിലെയും വിമുക്തഭടന്മാര്‍ക്ക് കേരളത്തിലെ ഇത്തരം പ്രവര്‍ത്തനങ്ങളെ മാതൃകയാക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിവര്‍ഷം അറുപതിനായിരത്തിലേറെ ഭടന്മാര്‍ പ്രതിരോധ സേനയില്‍നിന്നും വിരമിക്കുന്നുണ്ട്. മറ്റു ജോലികളില്‍നിന്നും വിരമിക്കുന്നവരെ വച്ചുനോക്കുമ്പോള്‍ സൈന്യത്തില്‍ നിന്നും വിരമിക്കുന്നവര്‍ കുറച്ചുകൂടി ചെറുപ്പമാണ്. അതുകൊണ്ടുതന്നെ വീണ്ടും ഏതെങ്കിലും തരത്തിലുള്ള ജോലിയില്‍ ഏര്‍പ്പെടാനും ഇവര്‍ക്ക് സൗകര്യമുണ്ട്.

ഇപ്പോള്‍ പല കമ്പനികളും സ്ഥാപനങ്ങളും വിമുക്തഭടന്മാര്‍ക്ക് ജോലിയില്‍ മുന്‍ഗണന നല്‍കുന്നുമുണ്ട്. ജോലിക്കാലത്ത് നല്ല അച്ചടക്കവും കാര്യക്ഷമതയുമുള്ള പരീശീലനം ലഭിക്കുന്നവരെന്ന പരിഗണനയാണ് ഇവര്‍ക്ക് മുന്‍ഗണന നല്‍കാന്‍ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്നത്.

സഞ്ചാരികള്‍ക്ക് താമസ സൗകര്യമൊരുക്കുന്ന കാക്കനാട്ടെ സൈനിക് വിഹാര്‍ വെള്ളിയാഴ്ചയാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. 17 വീടുകളില്‍ വിനോദസഞ്ചാരികള്‍ക്ക് താമസിക്കുവാന്‍ വേണ്ട സൗകര്യങ്ങളോടു കൂടിയാണ് കൊച്ചിയില്‍ ആദ്യ സംരംഭം ആരംഭിക്കുന്നതെന്ന് എക്സ് സര്‍വ്വിസ് മെന്‍ ടൂറിസം ഡവലപ്പ്മെന്റ് അസോസിയേഷന്റെ ചീഫ് എസ്.കെ.പിള്ള പറഞ്ഞു.

അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ത്തന്നെ നല്ല ആതിഥേയരാകാന്‍ വിമുക്തഭടന്മാര്‍ക്ക് പരീശീലനവും നല്‍കുന്നുണ്ട്. സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ ഇങ്ങനെ വിമുക്തഭടന്‍മാരുടെ വീടുകള്‍തോറും സഞ്ചാരികള്‍ക്ക് താമസസൗകര്യമൊരുക്കുന്ന പദ്ധതിക്ക് രൂപം നല്‍കുമെന്നും പിള്ള വ്യക്തമാക്കി.

ഈ പുതിയ പദ്ധതിപ്രകാരം വിമുക്തഭടന്മാര്‍ക്ക് വരുമാനമുണ്ടാക്കാം എന്നതിനുപുറമേ പൊതുവെ അമിത ഗൗരവക്കാരാണെന്നും ബാങ്കുകള്‍ക്കും പാലങ്ങള്‍ക്കും കാവല്‍നില്‍ക്കാന്‍ മാത്രമേ ഇവര്‍ കൊള്ളുയുള്ളു എന്നുമുള്ള ധാരണകള്‍ക്ക് മാറ്റം വരുത്താന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജോലിയില്‍നിന്ന് വിരമിച്ചതിനുശേഷം വിമുക്തഭടന്മാരുടെ കഴിവുകള്‍ ഉപയോഗപ്പെടുത്താനുള്ള ഒരു പദ്ധതിയും സര്‍ക്കാരോ എന്‍ ജി ഒ സംഘടനകളോ ഇതേവരെ തുടങ്ങിയിട്ടില്ല. ജോലിയില്‍നിന്നാര്‍ജിച്ച അച്ചടക്കവും വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാനുള്ള കഴിവുമെല്ലാം ടൂറിസം മേഖലയില്‍ വിമുക്തഭടന്മാര്‍ക്കു തുണയാകുമെന്നും എസ്.കെ.പിള്ള അഭിപ്രായപ്പെടുന്നു. അസോസിയേഷന്റെ വെബ് സൈറ്റ് വഴിയും മറ്റു പ്രചാരണങ്ങള്‍ വഴിയുമാണ് പുതിയ പദ്ധതിയുടെ മാര്‍ക്കറ്റിംഗ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X