കേന്ദ്ര നയങ്ങളില്‍ കടുത്ത എതിര്‍പ്പ്: സിപിഎം
ഹൈദരാബാദ്: കോണ്‍ഗ്രസ്സിനെയും ബിജെപിയെയും ഒഴിച്ചു നിര്‍ത്തി അഖിലേന്ത്യാ തലത്തില്‍ മൂന്നാം മുന്നണി രൂപീകരിക്കാന്‍ ശ്രമിക്കുമെന്ന് സിപിഎം സൂചനനല്‍കി.
ഹൈദരാബാദില്‍ നടന്ന പാര്‍ട്ടി കേന്ദ്ര കമ്മറ്റിയോഗം യുപിഎ സര്‍ക്കാറിന്റെ പലനയങ്ങളിലും കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തി. കേന്ദ്രസര്‍ക്കാറിന്റെ ജനദ്രേഹപരമായ നയങ്ങള്‍ക്കെതരെ മറ്റു മതേതരകക്ഷികളെ അണിനിരത്തുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മുന്നറിയിപ്പു നല്‍കി.
യുപിഎ സര്‍ക്കാറിന്റെ വിദേശനയത്തെയും ഭക്ഷ്യനയത്തെയും വിമര്‍ശിച്ച് യുപിഎ ഏകോപന സമിതിയ്ക്ക് ഇടതുപക്ഷപ്പാര്‍ട്ടികള്‍ കത്തുനല്‍കിയിട്ടുണ്ടെന്നും സര്‍ക്കാറിന്റെ ഭാവി നടപടികള്‍ സിപിഎം സസൂക്ഷ്മംനിരീക്ഷിച്ചുവരികായാണെന്നും മൂന്നു ദിവസം നീണ്ട യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ പ്രകാശ് കാരാട്ട് പറഞ്ഞു.
തെലുങ്കുദേശം , സമാജ്വാദി പാര്‍ട്ടി, എജിപി, ഡിഎംകെ, ആര്‍ജെഡി തുടങ്ങിയ പാര്‍ട്ടികളുമായും ഭാവിയില്‍ യോജിച്ചുപ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചും പ്രകാശ് കാരാട്ട് സൂചനനല്‍കി. രാജ്യത്തെ ഭക്ഷ്യനിലയില്‍ കേന്ദ്രകമ്മറ്റിയോഗം ആശങ്ക പ്രകടിപ്പിച്ചു. ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനവും ശേഖരണവും കുറഞ്ഞുവരുന്നുണ്ടെന്നും ഇതുകരുതല്‍ ശേഖരത്തെ ബാധിച്ചിട്ടുണ്ടെന്നും കാരാട്ട് പറഞ്ഞു.
പൊതുവിതരണ സമ്പ്രദായത്തിലൂടെ പാവങ്ങള്‍ക്കുനല്‍കുന്ന അരിയുടെയും ഗോതമ്പിന്റെയും അളവ് കുറയ്ക്കുകയും വിലവര്‍ദ്ദിപ്പിക്കുകയും ചെയ്ത നടപടിയെയും സിപിഎം വിമര്‍ശിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനയിലും യോഗം ആശങ്ക പ്രകടിപ്പിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വന്‍ വിജയം നല്‍കിയ കേരളത്തിലെയും ബംഗാളിലെയും സമ്മതിദായകരെ പാര്‍ട്ടി അഭിനന്ദിച്ചു. നികുതി കുറച്ച് പെട്രോള്‍ വിലവര്‍ദ്ധനമൂലമുള്ള അമിത ഭാരം കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കിയ കേന്ദ്രസര്‍ക്കാര്‍തന്നെ ആദ്യം അതിന് മാതൃകയാവണമെന്നും കാരാട്ട് പറഞ്ഞു.
കേരളത്തിലെയോ മറ്റു സംസ്ഥാനങ്ങളിലെയോ സംഘടനാകാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്തിട്ടില്ലെന്നും പാര്‍ട്ടിയില്‍ വ്യക്തിപൂജയില്ലെന്നും കാരാട്ട് വ്യക്തമാക്കി.