പ്രാര്‍ത്ഥനകളുമായി എലവാഞ്ചേരി ഗ്രാമം
പാലക്കാട്: തങ്ങളുടെ കൊച്ചുഗ്രാമത്തില്‍ നിന്നൊരാള്‍ യു എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതിന്റെ ആഹ്ലാദത്തിമര്‍പ്പിലാണ് പാലക്കാട് ജില്ലയിലെ എവാഞ്ചേരി ഗ്രാമവാസികള്‍.
ശശി തരൂരിനെ യു എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേയ്ക്ക് ഇന്ത്യന്‍ പ്രതിനിധിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വര്‍ത്ത പുറത്തുവന്നതോടെ അക്ഷരാര്‍ത്ഥത്തില്‍ സ്വയം മറന്നു സന്തോഷിക്കുകയും പ്രാര്‍ത്ഥിക്കുകയുമാണിവിടത്തുകാര്‍.
തിരഞ്ഞെടുപ്പില്‍ അദ്ദേഹം ജയിച്ചാലും ഇല്ലെങ്കിലും ഈ സന്തോഷം അടക്കിവെയ്ക്കാന്‍ കഴിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നതെന്ന് ശശിതരൂരിന്റെ അമ്മാവന്‍ നാരായണനുണ്ണി പറയുന്നു.
മരുമകന്‍ ഉന്നതസ്ഥാനത്തേയ്ക് തിരഞ്ഞെടുക്കപ്പെടും എന്നുതന്നെയാണ് ഉണ്ണിയുടെയും വിശ്വാസം. തിരഞ്ഞെടുക്കപ്പെട്ടാല്‍ ശശി ഞങ്ങളെ കാണാന്‍ എവഞ്ചാരേയില്‍ വരും. കാരണം മുത്തശ്ശിയുമായി അത്രയ്ക്കടപ്പമുണ്ടവന്--- ഉണ്ണി പറയുന്നു.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന്റെ വാര്‍ത്തവന്നശേഷം യഥാര്‍ത്ഥവിവരങ്ങളറിയാനായി അമ്പത്തിനാലുകാരനായ ഉണ്ണിയുടെ വീടിനുമുന്നില്‍ വന്‍ ജനക്കൂട്ടമാണ്.
എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഫോണില്‍ ബന്ധപ്പെട്ടിരുന്നെങ്കിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ശശി ഒന്നും പറഞ്ഞിരുന്നില്ലെന്ന് ഉണ്ണി പറഞ്ഞു.
ജനിച്ചതും പഠിച്ചതുമൊക്കെ വെളിയിലായിരുന്നെങ്കിലും എലവഞ്ചേരിക്കാര്‍ക്കെല്ലാം ശശി സ്വന്തക്കാരനാണ്- ഉണ്ണി പറയുന്നു. ശശി തരൂരിന്റെ അമ്മ ലില്ലിയുടെ ഇളയ സഹോദരനാണ് കര്‍ഷകനായ നാരായണനുണ്ണി.
ജോലിത്തിരക്കുകളൊക്കെ മാറ്റിവെച്ച് നാട്ടിലെത്തിയാല്‍ ശശി തനി എവഞ്ചേരിക്കാരനാണ്. സസ്യാഹാരം മാത്രംകഴിക്കുന്ന ശശി വലിപ്പച്ചെറുപ്പമില്ലാതെ ഇടപഴകുന്ന സ്വഭാവക്കാരനാണ്. അതുതന്നെയാണ് അയാളെ ഗ്രാമീണര്‍ക്ക് പ്രിയപ്പെട്ടവനാക്കുന്നതും.
ജൂലൈയില്‍ നാട്ടില്‍ വരുമെന്ന് ശശി വാക്കുതന്നിരുന്നുവെന്നും എന്നാല്‍ അവസാനം യാത്ര മാറ്റിവെയ്ക്കുകയായിരുന്നുവെന്നും ഉണ്ണി പറഞ്ഞു. മാത്രമല്ല കഴിഞ്ഞ തവണ വന്നപ്പോള്‍ ജോലിത്തിരക്കിന് അവധി കൊടുത്ത് നാട്ടില്‍ വന്ന് 10 ദിവസം താമസിക്കുമെന്നും ഒരു പുസ്തകം എഴുതാനുണ്ടെന്നും ശശി അമ്മാവനോട് പറഞ്ഞിരുന്നുവത്രേ.
തരൂരിന്റെ അമ്മ ലില്ലി മകള്‍ക്കൊപ്പം അമേരിക്കയിലാണ് താമസം. അവര്‍ ജൂലൈയില്‍ നാട്ടില്‍ തിരിച്ചെത്തിയേക്കും.
തിരക്കുകള്‍ക്കിടയില്‍ ഇനി ഏറെ തവണയൊന്നും നാട്ടില്‍ വരാന്‍ കഴിഞ്ഞില്ലെങ്കിലും മുമ്പ് വാക്കുതന്നപോലെ പുസ്തമെഴുതാനായി എല്ലാ തിരക്കുകയും ഇട്ടെറിഞ്ഞ് മരുമകന്‍ തന്റെയടുത്തേയ്ക്ക് വരുമെന്ന് വിശ്വാസത്തില്‍ കാത്തിരിക്കുകയാണ് ഉണ്ണി.