ബ്രസീല്‍ തോറ്റതില്‍ മലപ്പുറം തേങ്ങുന്നു
മലപ്പുറം: ലോകകപ്പ് ഫുട്ബോളിന്റെ ക്വാട്ടര്‍ ഫൈനലില്‍ ബ്രസീല്‍ ഫ്രാന്‍സിനോട് അടിയറവു പറഞ്ഞതോടെ മലപ്പുറത്തെ ഫുട്ബോള്‍പ്രേമികളില്‍ വലിയൊരു വിഭാഗത്തിന്റെയും ആവേശം കെട്ടടങ്ങി.
ശനിയാഴ്ചത്തെ മത്സരത്തില്‍ ബ്രസീല്‍ തോറ്റതോടെ ബ്രസീല്‍ ആരാധകരെല്ലാം കടുത്തദുഖത്തിലാണെന്നും ഞായറാഴ്ച രാവിലെതന്നെ തങ്ങളുടെ പ്രിയ താരങ്ങള്‍ക്ക് വിജയാശംസകളേകാനായി ഉയര്‍ത്തിയ കൂറ്റന്‍ ബാനറുകളും ബോര്‍ഡുകളുമെല്ലാം അവര്‍ അഴിച്ചുമാറ്റിയെന്നും വളാഞ്ചേരിയിലെ ടൊര്‍ണാഡോ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ് പ്രസിഡന്റ് കെ.പി.സസീര്‍ പറഞ്ഞു.
ഫുട്ബോള്‍ ആരാധനയ്ക്ക് പേരുകേട്ട മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്ത് ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങുന്നതിനുമുമ്പേതന്നെ അതാഘോഷമാക്കാനുള്ള പരിപാടികള്‍ തുടങ്ങിയിരിന്നു.
അര്‍ജന്റീന, ബ്രസീല്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ഹോളണ്ട് എന്നീ ടീമുകളോടാണ് കൂടുതലായും ഇവിടുത്തെ ഫുട്ബോള്‍ പ്രേമികള്‍ താല്പര്യം കാണിച്ചിരുന്നത്. ലോകകപ്പിന് തുടക്കമായപ്പോള്‍ത്തന്നെ ഈ ടീമുകളുടെയും അതിലെ പ്രമുഖ കളിക്കാരുടെയുമെല്ലാം കൂറ്റന്‍ കട്ടൗട്ടുകളുംമറ്റും മലപ്പുറത്തിന്റെ ഗ്രാമങ്ങളില്‍പ്പോലും സ്ഥിരം കാഴ്ചയായിരുന്നു.
എന്നാല്‍ അര്‍ജന്റീനയുടെ തോല്‍വിയോടെ ആരാധകരില്‍ വലിയൊരു വിഭാഗത്തിന്റെ ആവേശം ഏറെക്കുറെ കെട്ടടങ്ങി. ഇപ്പോള്‍ ബ്രസീലിന്റെ തോല്‍വി കൂടിയായപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ മലപ്പുറത്തിന്റെ ഫുട്ബോള്‍ ആരാധന തേങ്ങലിലേക്ക് വഴിമാറിയിരിക്കുന്നു.
ആരാധകരിലേറെയും അര്‍ജന്റീനയ്ക്കും ബ്രസീലിനുമൊപ്പമായിരുന്നതിനാലാണ് ഇരുടീമിന്റെയും പരാജയം മലപ്പുറത്തിന്റെതന്നെ ദു:ഖമായി മാറിയത്. അര്‍ജന്റീന തോറ്റപ്പോള്‍ ബ്രസീലിന്റെ ആരാധകര്‍ തകര്‍ത്താഘോഷിച്ചതിനു പകരം വീട്ടാനെന്നവണ്ണം ബ്രസീലിന്റെ തോല്‍വി അര്‍ജന്റീനയുടെ ആരാധകരും ആഘോഷിച്ചു.
സെമിഫൈനലിലിലെ നാലു ടീമുകളില്‍ ജര്‍മനിക്കായിരിക്കും കൂടുതല്‍ ആരാധകരുണ്ടാവുകയെന്ന് മുന്‍ ജില്ലാ ലീഗ് ഫുട്ബോള്‍ താരമായ നൗഷാദ് അഭിപ്രായപ്പെടുന്നു.