വിന്‍ഡീസ് മണ്ണില്‍ ഇന്ത്യക്ക് ചരിത്രനേട്ടം
ജമൈക്ക: 35 വര്‍ഷത്തിനു ശേഷം വെസ്റ് ഇന്‍ഡീസ് മണ്ണില്‍ ഇന്ത്യക്ക് ടെസ്റ് പരമ്പര വിജയം. നാലാം ടെസ്റില്‍ വെസ്റ് ഇന്‍ഡീസിനെ 49 റണ്‍സിന് തോല്പിച്ച് ഇന്ത്യ 1-0ന് പരമ്പര സ്വന്തമാക്കി.
ജയിക്കാന്‍ 269 റണ്‍സ് വേണ്ടിയിരുന്ന വെസ്റ് ഇന്‍ഡീസ് അനില്‍ കുംബ്ലെയുടെ സ്പിന്‍ ചതിക്കുഴിക്കു മുന്നില്‍ 219 റണ്‍സെടുക്കുമ്പോഴേക്കും ഓള്‍ഔട്ടാവുകയായിരുന്നു. ആറ് വിക്കറ്റെടുത്ത കുംബ്ലെ സംഹാരതാണ്ഡവമാടിയപ്പോള്‍ പരമ്പരയിലെ ആദ്യ രണ്ടു കളികളിലും നിര്‍ഭാഗ്യത്തിന് കൈവിട്ടുപോയ വിജയം ഇന്ത്യ കൈയെത്തിപ്പിടിക്കുകയായിരുന്നു.
പുറത്താവാതെനിന്ന രാംഡിനും (62) സര്‍വണും (51) മാത്രമാണ് വിന്‍ഡീസ് നിരയില്‍ ചെറുത്തുനിന്നത്. രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്ത് വണ്‍ഡൗണായിറങ്ങിയ ബ്രയന്‍ ലാറ 11 റണ്‍സെടുത്ത് പുറത്തായി. ശ്രീശാന്ത് മൂന്ന് വിക്കറ്റെടുത്തു. ഒരു വിക്കറ്റ് പട്ടേലിനാണ്.
മാന്‍ ഒഫ് ദി മാച്ചും മാന്‍ ഒഫ് ദി സീരിസും രാഹുല്‍ ദ്രാവിഡാണ്.