50 മണിക്കൂര്‍ കുഴല്‍ക്കിണറില്‍ കഴിഞ്ഞ പ്രിന്‍സിന് പുനര്‍ജന്മം
ഹല്‍ദേരി(ഹരിയാന): അറുപതടി ആഴമുള്ള കുഴല്‍ക്കിണറില്‍ വീണ് അഞ്ചുവയസ്സുകാരന് രണ്ടു ദിവസത്തിനുശേഷം അതിസാഹസികമായി പുനര്‍ജന്മം.
ഒരു രാജ്യം മുഴുവന്‍ പ്രാര്‍ത്ഥനാ നിരതരായിനില്‍ക്കേ 36മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങളെത്തുടര്‍ന്നാണ് സൈനികര്‍ പ്രിന്‍സ് എന്ന് ഹരിയാനക്കാരനായ ബാലന് പുനര്‍ജന്മമേകിയത്.
ആറാം ജന്മദിനത്തിലാണ് 16ഇഞ്ച്മാത്രം വ്യാസമുള്ള കുഴിയില്‍ നിന്ന് സൈനികര്‍ പ്രിന്‍സിന് രണ്ടാം ജന്മം നല്‍കിയത്. ജന്മദിനവും പിന്നിട്ട് 50മണിക്കൂറാണ് പ്രിന്‍സ് ഭൂമിക്കടിയില്‍ കഴിഞ്ഞത്.
അംബാല കന്റോണ്‍മെന്റിലെ 65എന്‍ജിനീയേഴ്സ് ബറ്റാലിയനാണ് അതീവ ദുഷ്കരമായ ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷിക്കുന്നത് ഇന്ത്യയില്‍ ഇതാദ്യമായാണ്. അടുത്തിടെ തമിഴ്നാട്ടിലും കേരളത്തിലുമായി കുഴല്‍ക്കിണറില്‍ വീണ മൂന്ന് കുട്ടികളും മരിക്കുകയായിരുന്നു.
ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ ഹാല്‍ദേരി സ്വദേശിയായ കര്‍ഷകത്തൊഴിലാളി രാംചന്ദറുടെ മകനാണ് പ്രിന്‍സ്. വെള്ളിയാഴ്ചയാണ് പ്രിന്‍സ് കുഴല്‍ക്കിണറില്‍ വീണത്. വീണയുടനെതന്നെ കയറിട്ടുകൊടുത്തും മറ്റും കുട്ടിയെ രക്ഷിക്കാന്‍ ഗ്രാമവാസികള്‍ ശ്രമം നടത്തിയിരുന്നു. ആദ്യം കയറില്‍പിടി കിട്ടിയെങ്കിലും പീന്നീട് വഴുതി താഴേയ്ക്ക് പതിക്കുകയായിരുന്നു.
കുഴിയില്‍ കുട്ടിയ്ക്ക് മറ്റ് അപകടങ്ങളൊന്നും പറ്റിയിട്ടില്ലെന്ന് ക്ലോസ്ഡ് സര്‍ക്യൂട്ട ടിവിയിലൂടെ ഇതിനിടെ വ്യക്തമായിരുന്നു. ഓക്സിജനും ഭക്ഷണവും കളിപ്പാട്ടങ്ങളും ഇതിനിടെ താഴെയെത്തിച്ചുകൊടുത്തിരുന്നു.
പുലര്‍ച്ചെയ്ക്കു ശേഷം ഏതാനും മണിക്കൂര്‍ കുട്ടിയുടെ പ്രതികരണമൊന്നുമില്ലാതിരുന്നത് അല്പനേരം ആശങ്കയുണ്ടാക്കിയിരുന്നു. ഇതിനിടെ പെയ്ത മഴയും രക്ഷാപ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കി.
പ്രിന്‍സ് വീണ കിണറില്‍ നിന്നും പത്തടി അകലെ വറ്റിക്കിടന്ന കിണറില്‍ നിന്നും കുഴല്‍ക്കിണറിലേക്ക് തുരങ്കം നിര്‍മ്മിച്ചാണ് അതീവ കൃത്യതയോടെ സൈനിക എന്‍ജിനീയര്‍മാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. ദൗത്യത്തിന് കൂടുതല്‍ ആധുനിക മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനായി വിദേശസേനകളിലെ വിദഗ്ധരുമായി ഇവര്‍ ബന്ധപ്പെടുകയും ചെയ്തു.
പരുക്കോ വേദനയോ ഇല്ലാതെയാണ് പ്രിന്‍സ് തന്നെക്കാത്ത് പുറത്തിരിക്കുന്ന നാട്ടുകാര്‍ക്കു മുന്നിലെത്തിയത്. മിക്ക വാര്‍ത്താ ചാനലുകളും പ്രിന്‍സിന്റെ രക്ഷാ ദൗത്യം തല്‍സമയം സംപ്രേഷണം ചെയ്തിരുന്നു.
സൈന്യത്തിലെ കോര്‍ ഓഫ് എന്‍ജിനീയേഴ്സിന്റെ നേതൃത്വത്തില്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്, മുംബൈ ഫയര്‍ ബ്രിഗേഡ് എന്നിവ സംയുക്തമായി നടത്തിയ രക്ഷാദൗത്യം ഏകോപിപ്പിക്കാന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപിന്ദര്‍ സിംഗ് ഹുഡയും മന്ത്രിമാരും സ്ഥലത്തെത്തിയിരുന്നു.
രാത്രി എട്ടുമണിയോടെ പുറത്തെത്തിച്ച കുട്ടിയുടെ ബന്ധുക്കളെ കാണിച്ചശേഷം ആശുപത്രിയിലേക്ക് മാറ്റി. പ്രിന്‍സിനെ രക്ഷിക്കാനായതില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, യുപിഎ അധ്യക്ഷ സോണിയാഗാന്ധി എന്നിവര്‍ ആശ്വാസം രേഖപ്പെടുത്തി. സൈന്യം അടക്കമുള്ള രക്ഷാപ്രവര്‍ത്തകരെ ഇവര്‍ അഭിനന്ദിച്ചു.
പ്രിന്‍സിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയും കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി രേണുകാ ചൗധരിയും രണ്ടുലക്ഷം രൂപ വീതം സഹായം പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തകര്‍ക്കെല്ലാം ഹരിയാന സര്‍ക്കാര്‍ 51,000രൂപ വീതം നല്‍കും.
വേണ്ടത്ര പ്രാണവായു കിട്ടിയതും കുട്ടിയുടെ അസാധാരണ ധൈര്യവും അതിജീവനശേഷിയുമാണ് ജീവന്‍ രക്ഷിച്ചതെന്ന് കേണല്‍ വിദ്യാര്‍ത്ഥി പറഞ്ഞു.












Click it and Unblock the Notifications