കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയ്ഡഡ് കോളജുകള്‍ പ്രവേശന വ്യവസ്ഥ പാലിക്കണം: ബേബി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് കോളജുകള്‍ പ്രവേശന വ്യവസ്ഥകള്‍ വേണ്ടവിധം പാലിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി പറഞ്ഞു.

കോളജുകളിലെ പ്രവേശനവും തെരഞ്ഞെടുപ്പും സംബന്ധിച്ച് മാനേജ്മെന്റുകളും അധ്യാപകരും വിദ്യാര്‍ത്ഥി സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്കിടയിലാണ് മന്ത്രി ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.

എയ്ഡഡ് കോളജുകളിലെ പ്രവര്‍ത്തനത്തെക്കുറിച്ച് വളരെ വ്യക്തമായ വ്യവസ്ഥകളുണ്ട്. ഇത് വേണ്ടത് പോലെ പാലിക്കപ്പെടുന്നില്ല. വ്യവസ്ഥകള്‍ പലതും ലംഘിക്കപ്പെടുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

നിയമങ്ങള്‍ക്ക് വിപരീതമായും ക്രമവിരുദ്ധമായുമാണ് പല മാനേജ്മെന്റുകളും പ്രവേശനം നടത്തുന്നത്. എന്നാലിവരില്‍ വളരെ കുറ്റമറ്റ രീതിയില്‍ പ്രവേശനം നടത്തുന്ന സഥാപനങ്ങളുമുണ്ട്.

പരാതികള്‍ തിരുത്തി മുന്നോട്ട് പോകാന്‍ എല്ലാവരും ശ്രദ്ധിക്കണം. സര്‍ക്കാരിന്റെ ഇടപെടല്‍ കഴിവതും ഒഴിവാക്കിക്കൊണ്ട് തിരുത്തല്‍ വരുത്തേണ്ടതാണ്.മാനേജ്മെന്റുകള്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം. മെറിറ്റില്‍ യാതൊരു വിധത്തിലുള്ള മായം ചേര്‍ക്കാനും അനുവദിക്കില്ല- മന്ത്രി വിശദീകരിച്ചു.

യൂണിവേഴ്സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. കോളജുകളില്‍ ഈ വര്‍ഷം തന്നെ തെരഞ്ഞെടുപ്പ് എങ്ങനെ നടത്താമെന്നും യോഗം ചര്‍ച്ച ചെയ്തു.

യൂണിവേഴ്സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ് ഈ വര്‍ഷം തന്നെ നടത്തണമെന്നും തെരഞ്ഞെടുപ്പ് നിയമത്തില്‍ കാതലായ മാറ്റം വേണമെന്നും വിദ്യാര്‍ത്ഥി സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതേ സമയം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ മാറ്റങ്ങള്‍ വേണമെന്ന് മാനേജ്മെന്റുകള്‍ വാദിച്ചു. രാവിലെ പത്ത് മണിമുതല്‍ വൈകുന്നേരം നാല് മണിവരെയുള്ള രാഷ്ട്രീയ പ്രവര്‍ത്തനം ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമാധാന അന്തരീക്ഷം തകര്‍ന്നതായും മാനേജ്മെന്റുകള്‍ അഭിപ്രായപ്പെട്ടു.

കോളജുകള്‍ അടച്ചിടുന്നതിന് ഉത്തരവാദികള്‍ മാനേജ്മെന്റുകളാണെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടി. പ്രശ്നങ്ങളുണ്ടായാല്‍ അത് പരിഹരിക്കേണ്ട ബാധ്യത മാനേജ്മെന്റുകള്‍ക്കുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങളും പിടിഎയും അനധികൃതമായി ഫണ്ട് പിരിക്കുന്നുണ്ടെന്ന കാര്യം ചര്‍ച്ചയ്ക്കിടെ സംഘടനകള്‍ വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വികസനത്തിനെന്ന പേരില്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നുവരെ പണം പിരിക്കുന്ന രീതി അവസാനിപ്പിക്കണം.

ചര്‍ച്ചയില്‍ പങ്കെടുത്ത എം.എ.ബേബി ചര്‍ച്ചചെയ്ത ഒരു കാര്യത്തിലും വ്യക്തമായ തീരുമാനം പറഞ്ഞിട്ടില്ല. വാദമുഖങ്ങളില്‍ ചിലത് ശരിയാണെന്ന് സമ്മതിച്ച മന്ത്രി ഈ വര്‍ഷം തന്നെ തെരഞ്ഞെടുപ്പ് നടത്താന്‍ ശ്രമിക്കുമെന്ന് ഉറപ്പുനല്‍കി. പരീക്ഷകള്‍ക്ക് വ്യക്തമായ കലണ്ടര്‍ പ്രസിദ്ധീകരിക്കണമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പ് നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തും. എന്നാല്‍ ഇക്കാര്യത്തില്‍ പെട്ടന്നൊരു തീരുമാനം ഇപ്പോള്‍ പറയുന്നില്ല- അദ്ദേഹം അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X