സുനാമി പുനരധിവാസ പദ്ധതിയ്ക്ക് 1441.75 കോടി
തിരുവന്തപുരം: കേരളത്തിലെ സുനാമി ബാധിതരെ പുനരധിവാസിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാറും ആസൂത്രണകമ്മിഷനും ചേര്‍ന്ന് 1441.75കോടി രൂപ അനുവദിച്ചതായി റവന്യൂ മന്ത്രി കെ.പി രാജേന്ദ്രന്‍ നിയമസഭയെ അറിയിച്ചു.
സുനാമി ബാധിതര്‍ക്കായുള്ള വീടുനിര്‍മ്മാണം, കുടിവെള്ള വിതരണം, വൈദ്യുതി വിതരണം, സാമൂഹ്യ ക്ഷേമം, തീരദേശ സംരക്ഷണം, റോഡ്, പാലം എന്നിവയുടെ നിര്‍മ്മാണം എന്നിവയ്ക്കുവേണ്ടി തുക ചിലവഴിക്കുമെന്നും മന്ത്രി അറിയിച്ചു.
സുനാമി ബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ ബി. ബാബു പ്രസാദിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
സുനാമി മൂലം ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായ ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പ്രദേശത്തെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക പദ്ധതി നടപ്പാക്കും.
മൂന്ന് വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കുന്ന പദ്ധതിയ്ക്കായി 40 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയില്‍ മാത്രം 848 വീടുകള്‍ നിര്‍മ്മിച്ചുനല്‍കാനാണ് പദ്ധതിയിട്ടിരുന്നത്.
ഇതില്‍ 634 എണ്ണം വിവിധ എന്‍ജിഒ കളുടെ സഹകരണത്തോടെ നിര്‍മ്മിച്ചുകഴിഞ്ഞു. ബാക്കിയുള്ളവയുടെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണ്.
നിര്‍മ്മിച്ചുകഴിഞ്ഞ വീടുകള്‍ 620 കുടുംബങ്ങള്‍ക്കായി നല്‍കിക്കഴിഞ്ഞു. ഇപ്പോഴും താത്കാലിക അഭയകേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്കായി പ്രതിമാസം 1000 രൂപ നല്‍കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ദുരിതാശ്വാസ മേല്‍നോട്ട കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി വ്യാഴാഴ്ച യോഗം ചേരും-മന്ത്രി അറിയിച്ചു.












Click it and Unblock the Notifications