കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹജ് ക്വാട്ട ഉയര്‍ത്താന്‍ ആവശ്യപ്പെടും

  • By Staff
Google Oneindia Malayalam News

മലപ്പുറം: ഹജ് യാത്രയ്ക്കായുള്ള അപേക്ഷകരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളുടെ ഹജ് ക്വാട്ട നിശ്ചയിക്കാന്‍ കേന്ദ്രസര്‍ക്കാറിനോടും കേന്ദ്ര ഹജ് കമ്മറ്റിയോടും ആവശ്യപ്പെടുമെന്ന് സംസ്ഥാന ഹജ്കമ്മറ്റി ചെയര്‍മാന്‍ പ്രൊഫസര്‍ എ.കെ അബ്ദുള്‍ ഹമീദ് അറിയിച്ചു.

മൊത്തം ജനസംഖ്യയില്‍ മുസ്ലിങ്ങളുടെ എണ്ണത്തിന് ആനുപാതികമായാണ് ഇപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് ഹജ് ക്വാട്ട അനുവദിക്കുന്നത്. 2005വരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഹജ്യാത്രയ്ക്ക് അപേക്ഷിച്ചവരുടെ എണ്ണം ക്വാട്ടയിലേതിലും കുറവായിരുന്നു.

ഇങ്ങനെയുണ്ടാവുന്ന ഒഴിവുകള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് വീതിച്ചുനല്‍കുമ്പോഴാണ് കൂടുതല്‍ പേര്‍ക്ക് ഹജിന് പോകാനുള്ള സാഹചര്യമുണ്ടാകുന്നത്. എന്നാല്‍ ഈ വര്‍ഷം മിക്ക സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ അപേക്ഷകരുണ്ട്.

1.5ലക്ഷം അപേക്ഷകളാണ് ഇത്തവണ കേന്ദ്രഹജ്കമ്മറ്റിയ്ക്ക് ലഭിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നിന്ന് 7661 മുതിര്‍ന്നവര്‍ക്കും മൂന്ന് കുട്ടികള്‍ക്കും ഹജ്കമ്മറ്റി മുഖാന്തിരം ഹജിന് പോകാനുള്ള സൗകര്യമുണ്ട്.

കേരളത്തില്‍ ഏറ്റവും അധികം അപേക്ഷകരുള്ളത് മലപ്പുറം ജില്ലയില്‍ നിന്നാണ്. 2255 പേരാണ് ഇവിടെനിന്നുള്ളത്. ഏറ്റവും കുറവ് പത്തനംതിട്ടയില്‍ നിന്നാണ്. 52 പേര്‍ മാത്രമേ ഇവിടെനിന്നും അപേക്ഷ നല്‍കിയിട്ടുള്ളു. കോഴിക്കോട് ജില്ലയില്‍ നിന്ന് 2054 പേര്‍ അപേക്ഷിച്ചിട്ടുണ്ട്.

കേരളത്തില്‍ നിന്നുമാത്രമായി 6868 അപേക്ഷകര്‍ ഇപ്പോഴും വെയിറ്റിംഗ് ലിസ്റിലാണ്. ഇതില്‍ കൂടുതല്‍പേര്‍ക്ക് യാത്രയ്ക്ക് അവസരമുണ്ടാകുമെന്ന് തോന്നുന്നില്ലെന്ന് ഹമീദ് പറഞ്ഞു.

കരിപ്പൂരിലെ താല്‍ക്കാലിക ഹജ് ക്യാമ്പ് നവംബര്‍ 20ന് തുറക്കും. ആദ്യവിമാനം 25ന് പുറപ്പെടും. വിമാനക്കൂലിയും വിദേശ കറന്‍സിയ്ക്കുള്ള തുകയും നവംബര്‍ ഏഴിനകം കേന്ദ്രഹജ് കമ്മിറ്റി ഓഫീസില്‍ എത്തിയ്ക്കണമെന്ന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇവര്‍ക്കായുള്ള പ്രതിരോധ കുത്തിവെയ്പ് രണ്ടാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കും. ഹജ് ക്യാമ്പ് സംഘാടക സമിതിയും സംസ്ഥാന ഹജ് കമ്മറ്റിയും ഒക്ടോബര്‍ 29ന് ചേരും. ഇതിനുശേഷമായിരിക്കും കസ്റംസ്, ഇമിഗ്രേഷന്‍, സിഐഎസ്എഫ്, എയര്‍പോര്‍ട്ട് അതോറിറ്റി, എയര്‍ലൈന്‍ ഉദ്യോഗസ്ഥരുടെ യോഗം നടക്കുക.

ഹജ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ നവംബര്‍ നാലിന് ദില്ലിയില്‍ കേന്ദ്ര ഹജ് കമ്മിറ്റിയുടെയും സംസ്ഥാന കമ്മിറ്റി ചെയര്‍മാന്‍മാരുടെയും യോഗം ചേരുന്നുണ്ട്. കേരളത്തിന്റെ ക്വാട്ട വര്‍ദ്ധിപ്പിക്കാനായി മാനദണ്ഡം മാറ്റുക, ഔദ്യോഗിക ഹാജിമാര്‍ക്ക് മിനായോട് ചേര്‍ന്നുള്ള ടെന്റുകളില്‍ താമസസൗകര്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഈ യോഗത്തില്‍ ഉന്നയിക്കുമെന്ന് ഹമീദ് പറഞ്ഞു.

ഹജ് വളണ്ടിയര്‍മാര്‍ക്ക് 33 സ്ഥലങ്ങളിലായി പരിശീലനം നല്‍കിയിട്ടുണ്ട്. വളണ്ടിയര്‍മാരായി തീര്‍ത്ഥാടകരോടൊപ്പം പോകാനുള്ള 25 പേരുടെ പട്ടിക കേന്ദ്രസര്‍ക്കാറിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്.

കരിപ്പൂരിലെ സ്ഥിരം ഹജ് ഹൗസിന് ഡിസംബര്‍ പത്തിനകം തറക്കല്ലിടുമെന്നും ഒരു വര്‍ഷത്തിനകം പണി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. 100 ഹാജിമാര്‍ക്കാണ് ഇവിടെ സൗകര്യമുണ്ടാവുക.

4.5 കോടി രൂപഇതിനായി ചെലവാകുമെന്നാണ് കണക്കാക്കുന്നത്. ഇതില്‍ 1.5 കോടി കേന്ദ്രഹജ് കമ്മറ്റി നല്‍കും. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍നിന്ന് 25 ലക്ഷവും അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ഹജ് ക്യാമ്പിലുണ്ടായിരുന്നവരുടെ സംഭാവനയായി 26 ലക്ഷം രൂപ കിട്ടിയിട്ടുണ്ട്. ഇത്തവണയും നിര്‍മ്മാണത്തിനായി സംഭാവന സ്വീകരിക്കും.

യോഗങ്ങള്‍, വിവാഹം എന്നിവ നടത്താനും താമസത്തിനും പുതിയകെട്ടിടം വിട്ടുകൊടുക്കാനും തീരുമാനമായിട്ടുണ്ട്- ഹമീദ് അറിയിച്ചു. മലപ്പുറം പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X