പൊലീസ് പരിഷ്കരണം: സംസ്ഥാന റിവ്യൂ ഹര്‍ജി നല്‍കും
തിരുവനന്തപുരം: പൊലീസ് സേനയില്‍ പരിഷ്കരണം നടത്താനും സേനയുടെ പ്രവര്‍ത്തനങ്ങല്‍ നിരീക്ഷിക്കുന്നതിനുമായി സംസ്ഥാന സെക്യൂരിറ്റി കമ്മിഷന്‍ രൂപീകരണക്കാനുമുള്ള സുപ്രിം കോടതിവിധിയ്ക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചു.
കോടതിവിധിയിലെ ഭൂരിഭാഗം നിര്‍ദ്ദേശങ്ങളോടും സംസ്ഥാനത്തിന് യോജിക്കാന്‍ കഴിയില്ലെന്ന് വിശദമാക്കിക്കൊണ്ട് സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിന് കത്തയച്ചിട്ടുണ്ട്.
നിയമ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരുമായി ചര്‍ച്ചചെയ്തശേഷമാണ് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ റിവ്യൂ ഹര്‍ജി നല്‍കാന്‍ തീരുമാനമെടുത്തത്. കോടതി വിധി സംസ്ഥാന സര്‍ക്കാറിന്റെ അധികാരത്തിന്മേലുള്ള കൈകടത്തലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കുക.
ഒന്നരമാസം മുമ്പാണ് സുപ്രിം കോടതി ഇതുസംബന്ധിച്ച വിധി പുറപ്പെടുവിച്ചത്. സംസ്ഥാന പൊലീസ് സേനയുടെ മേധാവിയെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുന്ന പതിവ് മാറ്റി യുപിഎസ്സി ലിസ്റില്‍ നിന്നും ഡിജിപിയെ നിയമിക്കുക. പൊലീസിന്റെ പ്രവര്‍ത്തനങ്ങല്‍ നിരീക്ഷിക്കാന്‍ സംസ്ഥാന സെക്യൂരിറ്റി കമ്മിഷന്‍ രൂപീകരിക്കുക എന്നിങ്ങനെയായിരുന്നു കോടതി വിധി. ക്രമസമാധാന പാലനം, കുറ്റാന്വേഷണം എന്നിവയ്ക്കായി സംസ്ഥാന പൊലീസിനെ രണ്ടുവിഭാഗമാക്കി മാറ്റണെന്നും വിധിയില്‍ നിര്‍ദ്ദേശമുണ്ട്.
ഇതില്‍ ആദ്യത്തെ രണ്ടു നിര്‍ദ്ദേശങ്ങളും നടപ്പാക്കാന്‍ കഴിയില്ലെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ നിലപാട്. വളരെ മുമ്പ് തന്നെ രൂപീകരിച്ച കേരളാ പൊലീസ് ആക്ട് അനുസരിച്ച്ാണ് സംസ്ഥാന പൊലീസ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ നിയന്ത്രണത്തിനായി പ്രത്യേക നിയമങ്ങളുടെ ആവശ്യമില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ സേനയെ രണ്ടുവിഭാഗമാക്കി തിരിക്കുകയെന്ന നിര്‍ദ്ദേശത്തോട് അനുകൂലനിലപാടാണ് സര്‍ക്കാറിനുള്ളത്. ഇക്കാര്യങ്ങളെല്ലാം ശിവരാജ് പാട്ടീലിന് അയച്ച കത്തില്‍ വിശദമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications