കഞ്ചിക്കോട്ട് 5 ഉരുക്കു ഫാക്ടറികള്‍ക്കു കൂടി അനുമതി
പാലക്കാട്: പാലക്കാട് ജില്ലയിലെ വ്യാവസായിക മേഖലയായ കഞ്ചിക്കോട്ട് വീണ്ടും അഞ്ച് പുതിയ ഉരുക്കുഫാക്ടറികള്‍ക്കുകൂടി സര്‍ക്കാര്‍ പ്രവര്‍ത്തനാനുമതി നല്‍കി.
പരിസരമലിനീകരണം കണക്കിലെടുത്ത് കഞ്ചിക്കോട് മേഖലയില്‍ പുതിയ ഉരുക്കുകമ്പനികള്‍ക്ക് അനുമതി നല്‍കില്ലെന്ന് പൊതുവേദികളില്‍ എല്‍ഡിഎഫ് മന്ത്രിമാര്‍ പലതവണ നടത്തിയ പ്രഖ്യാപനങ്ങള്‍ കാറ്റില്‍പറത്തിക്കൊണ്ടാണ് പുതിയ കമ്പനികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്.
ഇപ്പോള്‍ത്തന്നെ 31 ഉരുക്കുകമ്പനി യൂണിറ്റുകള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെനിന്നു പുറംതള്ളുന്ന മാലിന്യങ്ങള്‍ പരിസരത്തെ തുണിമില്ലുകള്‍ക്കും പ്രാദേശിക ജനതയ്ക്കും ഭീഷണിയായിരിക്കുകയാണ്.
കഞ്ചിക്കോട് മേഖലയില്‍ പുതിയ ഉരുക്കുകമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കില്ലെന്ന് നവംബര്‍ രണ്ടിന് വാര്‍ത്താസമ്മേളനത്തില്‍ സിപിഎം സെക്രട്ടേറിയറ്റ് അംഗവും വൈദ്യുതി മന്ത്രിയുമായ എ. കെ ബാലന്‍ പ്രഖ്യാപിച്ചിരുന്നു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ലഭിക്കുന്ന അപേക്ഷകള്‍ പഞ്ചായത്ത് സ്വീകരിക്കരുതെന്നും ബാലന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
അതിന് ശേഷം പിറ്റേദിവസം ബാലനും വ്യാവസായിക മന്ത്രി എളമരം കരീമും ചേര്‍ന്നുനടത്തിയ വാര്‍ത്താ സമ്മേളനത്തിലും ഈ പ്രഖ്യാപനം ആവര്‍ത്തിച്ചിരുന്നു. പരിസര മലിനീകരണം തടയുന്നതിനായി സംസ്ഥാന മലനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദ്ദേശിക്കുന്ന നടപടികള്‍ സ്വീകരിക്കുന്ന കമ്പനികള്‍ക്കു മാത്രമേ പ്രവര്‍ത്തനം തുടരാനുള്ള അനുതി നല്‍കൂവെന്നും ഇവര്‍ അറിയിച്ചിരുന്നു.
അന്നേദിവസം തന്നെ കഞ്ചിക്കോട്ടെ ഇന്റഗ്രേറ്റഡ് ടെക്സ്റെയില്‍ പാര്‍ക്കിന് തറക്കല്ലിടുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെയും വ്യവസായ മന്ത്രിയുടെയും സാന്നിദ്ധ്യത്തില്‍ മലമ്പുഴയില്‍ സ്ഥാപിക്കുന്ന പുതിയ കമ്പനിയ്ക്ക് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ വൈദ്യുതി നല്‍കില്ലെന്ന് വൈദ്യുതി മന്ത്രി വീണ്ടും പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ കൃഷ്ണ സ്റീസ് റോളിം മില്‍സ് എന്ന സ്ഥാപനത്തിന് ആവശ്യമായ 22 കെവി വൈദ്യുതി നല്‍കിക്കൊണ്ട് കേരള വൈദ്യുതി ബോര്‍ഡിലെ ഇലക്ട്രിക്ക് വിഭാഗം ചീഫ് എന്‍ജിനീയര്‍ അനുമതി നല്‍കിയിട്ടുണ്ട്.
കാലത്ത് ആറിനും പത്തിനും ഇടയിലുള്ള സമയത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി വൈദ്യുതി ഉപയോഗിക്കരുത് എന്ന ഒരു വിലക്കുമാത്രമേ വൈദ്യുതി വകുപ്പ് കമ്പനിയ്ക്കു നല്‍കിയ കത്തിലുള്‍പ്പെടുത്തിയിട്ടുള്ളു. കൂടാതെ വൈദ്യുതി വകുപ്പ് കൃഷ്ണ കമ്പനി അധികൃതരില്‍ നിന്ന് 4,50,000രൂപ മുന്‍കരുതല്‍ തുകയായി കൈപ്പറ്റിയിട്ടുമുണ്ട്.
മറ്റ് നാല് കമ്പനികള്‍ക്കു കൂടി വൈദ്യുതി ഉപയോഗത്തിനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്നും ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു. പാരഗണ്‍ സ്റീല്‍, തായ് ഇസ്പാത്ത്, കുട്ടിപുലാന്‍ സ്റീല്‍സ്, ധന്‍ സ്റീല്‍സ് എന്നിവയാണ് മറ്റ് നാല് കമ്പനികള്‍. ഇതില്‍ പാരഗണിന്റേത് കഞ്ചിക്കോട്ടെ എട്ടാമത്തെ യൂണിറ്റാണ്.
ഇതിനിടയില്‍ പ്രഖ്യാപനങ്ങളെല്ലാം വിസ്മരിച്ചുകൊണ്ട് പുതിയ അഞ്ച് കമ്പനികള്‍ക്ക് കൂടി അനുമതി നല്‍കിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടിയ്ക്കെതിരെ ജന്‍ ജാഗ്രത, മലമ്പുഴ ഡാം സുരക്ഷാ സമിതി എന്നീ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഈ കമ്പനികള്‍ പ്രവര്‍ത്തനം തുടങ്ങാന്‍ അനുവദിക്കരുതെന്നും അവയുടെ അനുമതി റദ്ദുചെയ്യണമെന്നും ജന്‍ ജാഗ്രതാ സെക്രട്ടറി പി.എസ് പണിക്കര്‍ ആവശ്യപ്പെട്ടു. യുഡിഎഫ് സര്‍ക്കാറിന്റെ അനുമതിയോടെ ഫാക്ടറി നിര്‍മ്മാണം ആരംഭിച്ച കമ്പനികള്‍ക്കാണ് ഇപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തനാനുമതിയും വൈദ്യുതിയും നല്‍കാന്‍ തയ്യാറായിരിക്കന്നത്.
ഇത്തരം ചില ഫാക്ടറികള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ തന്നെ ധര്‍ണ്ണയും മറ്റ് സമരപരിപാടികളുമായി മുന്നോട്ടുപോകുന്നതിനിടയിലാണ് വിരോധാഭാസം പോലെ എല്‍ഡിഎഫ് സര്‍ക്കാര്‍ പുതിയ കമ്പനികള്‍ക്ക് അനുമതി നല്‍കുന്നത്- പണിക്കര്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications