പ്രതികളായ കുട്ടികളുടെ പടം പ്രസിദ്ധീകരിക്കുന്നത് വിലക്കി
കൊച്ചി: കുട്ടികളായ കുറ്റവാളികളുടെ ചിത്രങ്ങള്‍ പസിദ്ധീകിരിക്കുന്നതില്‍ നിന്നും ഹൈക്കോടതി മാധ്യമങ്ങളെ കര്‍ശനമായി വിലക്കി.
ഇത്തരത്തിലുള്ള കുട്ടികളുടെ ചിത്രം പ്രസിദ്ധീകരിക്കുന്നത് ജുവനൈല്‍ ജസ്റിസ് ആക്ടിന്റെ ലംഘനമാണെന്നും ഇതിനെതിരെ നിയമനടപടികളെടുക്കുമെന്നും വിധി പുറപ്പെടുവിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.
കുട്ടികളായ കുറ്റവാളികളുടെ പടങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന നിബന്ധന നടപ്പാക്കുന്നതിനായി പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്ന് കോടതി സര്‍ക്കാറിനും പൊലീസ് ഡിജിപിയ്ക്കും കോടതി പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജസ്റിസ് കെഎസ് രാധാകൃഷ്ണന്‍, ജസ്റിസ് എം.എന്‍ കൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഇതുസംബന്ധിച്ച വിധി പുറപ്പെടുവിച്ചത്.
നിയമം ലംഘിക്കുന്ന പത്രങ്ങലും ചാനലുകളും ജുവനൈല്‍ ജസ്റിസ് ആക്ടിലെ സെക്ഷന്‍ 21(2) പ്രകാരം 25,000രൂപ പിഴയൊടുക്കണമെന്നും കോടതി അറിയിച്ചിട്ടുണ്ട്.
ജൂണ്‍ 15ന് തൃശ്ശൂരില്‍ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന പതിനാറുകാരനെ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിയുടെ ചിത്രമെടുത്ത് പ്രസിദ്ധീകരിച്ചിരുന്നു. ഇത് നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്ന് കാണിച്ച് ജില്ലാ ശിശുക്ഷേമസമിതി ചെയര്‍മാന്‍ ജോര്‍ജ് ഹൈക്കോടതിക്കു കത്തയച്ചിരുന്നു. ഈ കത്ത് പരിഗണിച്ച് കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
ഇത്തരത്തില്‍ പടങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും വേദനാജനകമായിരിക്കുമെന്നും വിധി പുറപ്പെടുവിച്ചുകൊണ്ട് കോടതി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications