ഉറങ്ങിപ്പോയ വിമാനയാത്രക്കാരന്‍ ടിക്കറ്റില്ലാതെ തിരിച്ചെത്തി
കൊച്ചി: എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ ദോഹയ്ക്കു യാത്രതിരിച്ച യുവാവ് ഉറങ്ങിപ്പോയതിനെത്തുടര്‍ന്ന് നെടുമ്പാശേരിയില്‍ത്തന്നെ തിരിച്ചിറങ്ങി.
ജോലിയ്ക്കുള്ള വിസയുമായി ദോഹയ്ക്കുപോയ കാലടി സ്വദേശി ഒഴക്കല്‍ കിഴക്കാമ്പ്രത്തുകുടി കെ.ഡി ഷിജോമോനാണ്(26) ദോഹവരെ യാത്രചെയ്ത് തിരിച്ച് അതേ വിമാനത്തില്‍ നെടുമ്പാശേരിയില്‍ വന്നിറങ്ങിയത്.
ബുധനാഴ്ച വൈകീട്ട് 5.55ന് നെടുമ്പാശേരിയില്‍ നിന്നും പുറപ്പെട്ട് എഐ 957ാം നമ്പര്‍ വിമാനത്തിലാണ് ഷിജോ യാത്രതിരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 5.45ന് ഇതേ വിമാനം തിരിച്ച് നെടുമ്പാശേരിയിലെത്തിയപ്പോള്‍ ഷിജോ അതില്‍ത്തന്നെയുണ്ടായിരുന്നു.
ദോഹയില്‍ കാത്തുനിന്ന ആറുപേര്‍ ഷിജോയെക്കാണാതെ മടങ്ങി. അവിടെയെത്തിയ ഷിജോയുടെ ബാഗുകള്‍ ഏറ്റുവാങ്ങാനാളില്ലാതെ വിമാനത്താവളത്തില്‍ കിടക്കുകയാണ്.
വിമാനത്തിലിരുന്ന് ഉറങ്ങിപ്പോയ ഷിജോയെ ദോഹയിലെത്തിയപ്പോള്‍ ആരും വിളിച്ചുണര്‍ത്താതിരുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. ആദ്യ വിമാനയാത്രയായതിനാല്‍ കാര്യങ്ങളൊന്നും ഷിജോയ്ക്ക് നിശ്ചയവുമുണ്ടായിരുന്നില്ല.
ഇറങ്ങുന്ന യാത്രക്കാരുടെ ചാര്‍ട്ട് പരിശോധിക്കാത്തതുകൊണ്ടാണ് ഷിജോയെ കാണാതിരുന്നത്. വിമാനം പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാരെ തിട്ടപ്പെടുത്താന്‍ ആറു വട്ടം പരിശോധനകളുണ്ട്. ഇതില്‍ ബോര്‍ഡിംഗ് പാസെങ്കിലും നോക്കിയിരുന്നെങ്കില്‍ ഷിജോയെ ദോഹയില്‍ ഇറക്കാമായിരുന്നു.
വിസയ്ക്ക് ഡിസംബര്‍ അഞ്ചുവരെ കാലാവധിയുള്ളതിനാല്‍ 12,000രൂപ മുടക്കി ദോഹയ്ക്ക് വീണ്ടും ടിക്കറ്റെടുത്തിരിക്കുകയാണ് ഷിജോ. ദോഹയില്‍ നിന്നും തിരിച്ച് നെടുമ്പാശേരി വരെ യാത്രചെയ്തതിന്റെ കാശും എയര്‍ ഇന്ത്യ ഷിജോയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ടിക്കറ്റും ബോര്‍ഡിംഗ് പാസുമില്ലാതെ ഒരാള്‍ ദോഹമുതല്‍ നെടുമ്പാശേരിവരെ യാത്രചെയ്തുവെന്നത് സുരക്ഷാ പാളിച്ചയിലേയ്ക്കും വിരല്‍ ചൂണ്ടുന്നു.












Click it and Unblock the Notifications