കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഡിബി കരാര്‍ പ്രശ്നം പൊളിറ്റ് ബ്യൂറോയിലേയ്ക്ക്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നഗരസഭകളിലെ സുസ്ഥിര നഗരവികസനപദ്ധതി നടത്തിപ്പിനായി സംസ്ഥന സര്‍ക്കാര്‍ ഒപ്പുവെച്ച എഡിബി കരാറിനെച്ചൊല്ലി പാര്‍ട്ടിയില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന തര്‍ക്കം പൊളിറ്റ് ബ്യൂറോയുടെ മുന്നിലെത്തുന്നു.

കൊല്‍ക്കത്തയില്‍ ജനുവരി ഒന്നുമുതല്‍ നാലുവരെയാണ് പൊളിറ്റ് ബ്യൂറോ യോഗം ചേരുന്നത്. അമേരിക്കയുമായുള്ള ആണവകരാറുമായി ബന്ധപ്പെട്ട് യുപിഎയുമായി നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതയാണ് യോഗത്തിന്റെ മുഖ്യ അജണ്ടയെങ്കിലും കേരളത്തിലെ പാര്‍ട്ടിയുടെ കെട്ടുറപ്പിനെയും ഭരണത്തെയും ഉലയ്ക്കുന്ന പ്രശ്നമായി എഡിബി കാരാര്‍ ഉയര്‍ന്നുവന്നതിനാല്‍ ഈ പ്രശ്നവും യോഗത്തില്‍ ചര്‍ച്ച ചെയ്യും.

ഇതിന്റെ ആദ്യഘട്ടമെന്ന നിലയ്ക്കാണ് ധനമന്ത്രി തോമസ് ഐസക് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായി ഞായറാഴ്ച ദില്ലിയില്‍ ചര്‍ച്ചനടത്തിയത്.

എഡിബി കരാറുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ രണ്ട് പ്രശ്നങ്ങളാണ് കാര്യമായി ഉയര്‍ന്നിട്ടുള്ളത്. എഡിബി മുന്നോട്ട് വെച്ച വ്യവസ്ഥകളില്‍ കാര്യമായ മാറ്റം വരുത്തിയാണോ കരാര്‍ ഒപ്പുവെച്ചത്, കരാര്‍ ഒപ്പുവെയ്ക്കുന്നതിന് മുമ്പ് അത് മന്ത്രിസഭയില്‍ ചര്‍ച്ചചെയ്യുന്നതുള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ എന്നിവയാണ് രണ്ട് പ്രധാന പ്രശ്നങ്ങള്‍.

ഈ രണ്ടു പ്രശ്നങ്ങളിലും പിണറായിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക പക്ഷവും വി.എസ് പക്ഷവും രണ്ട് നിലപാടുകളിലാണുള്ളത്. ആദ്യകരാറിലെ വ്യവസ്ഥകളില്‍ നിന്ന് കാര്യമായ മാറ്റം വരുത്താന്‍ എഡിബി അനുവദിച്ചുവെന്ന് പിണറായി പക്ഷം വാദിക്കുമ്പോള്‍ ആദ്യകരാറില്‍ നേരിയമാറ്റങ്ങള്‍ മാത്രമേ വരുത്തിയിട്ടുള്ളുവെന്ന് വി.എസ് പക്ഷം ആരോപിയ്ക്കുന്നു. കരാര്‍ ഒപ്പിടുന്നതില്‍ നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല എന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ പിണറായി പക്ഷം ഖണ്ഡിയ്ക്കുകയാണ്.

കരാറുമായി ബന്ധപ്പെട്ട രേഖകളുടെ അടിസ്ഥാനത്തില്‍ പോളിറ്റ് ബ്യൂറോയ്ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. നയപ്രശ്നങ്ങളെക്കുറിച്ചുള്ല രേഖയില്‍ രാജ്യാന്തര ഏജന്‍സികളില്‍ നിന്ന് ധനസഹായം സ്വീകരിക്കുന്നതില്‍ പാലിക്കേണ്ട വ്യവസ്ഥകളെപ്പറ്റി പ്രതിപാദിയ്ക്കുന്നുണ്ട്. സഹായത്തിനുപിന്നില്‍ നിയന്ത്രണങ്ങളുണ്ടാകരുതെന്നും സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക പരമാധികാരവും തീരുമാനമെടുക്കാനുള്ള സ്വാതന്ത്യ്രം അടിയറവുവെയ്ക്കരുതെന്നും അതില്‍ മുന്നറിയിപ്പുനല്‍കുന്നുണ്ട്.

യുഡിഎഫ് സര്‍ക്കാറിന്റെ അവസാനകാലത്താണ് സിപിഎംനേതൃത്വത്തിലുള്ള കോര്‍പ്പറേഷനുകളോട് കരാറില്‍ ഒപ്പുവെയ്ക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയത്. തിരുവനന്തപുരം, കൊച്ചി കോര്‍പ്പറേഷനുകള്‍ ആദ്യം ഇതിനോട് വിയോജിച്ചു. അന്നു വി.എസ് ഇക്കാര്യം പിബിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇപ്പോഴത്തെ ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ പ്രഭാത് പട്നായികിനോടാണ് അന്ന് പിബി ഉപദേശം തേടിയത്. ഇപ്പോള്‍ കരാര്‍ പരിശോധിച്ചു മടക്കിനല്‍കാന്‍ വൈകിയതിന് വി.എസ് പറയുന്ന കാരണവും പട്നായികിനോട് ചര്‍ച്ചചെയ്യാനിരിക്കുകയായിരുന്നു എന്നതാണ്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് കാരാട്ട് ഇതിനകം പട്നായികുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് സൂചന.

കരാര്‍ ഒപ്പുവയ്ക്കേണ്ട അവസാന തിയ്യതി ഡിസംബര്‍ 20ആണെന്നാണ് കേരള പദ്ധതിയുടെ ചുമതലയുള്ള എഡിബി പ്രൊജക്ട് ഇക്കണോമിസ്റ് ഹിരോയുകി ഐകെമോട്ടോ പറയുന്നത്. .പക്ഷേ ഡിസംബര്‍ എട്ടാണ് അവസാന തിയ്യതിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതെന്നും അതിനാലാണ് അന്ന് കരാറില്‍ ഒപ്പുവെച്ചതെന്നുമാണ് തദ്ദേശവകുപ്പ് വൃത്തങ്ങള്‍ പറയുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X