കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജസ്റിസ് ബാലിയ്ക്കുവേണ്ടിയുള്ള വി.എസിന്റെ കത്ത് വിവാദത്തിലേയ്ക്ക്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സുപ്രിം കോടതി ജഡ്ജി സ്ഥാനത്തേയ്ക്ക് കേരള ഹൈക്കോടതി ചീഫ് ജസ്റിസ് വി.കെ ബാലിയെ പരിഗണിയ്ക്കാത്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി വി.എസ് അച്യുതാന്ദന്‍ രാഷ്ട്രപതിയ്ക്ക് അയച്ച കത്ത് വിവാദത്തിലേയ്ക്ക്.

സ്വാശ്രയ കോളജ് പ്രശ്നത്തില്‍ സര്‍ക്കാറിനെതിരെ വിധി പറഞ്ഞതില്‍ പ്രതിഷേധിച്ച് സിപിഎമ്മും എസ്എഫ്ഐയും ജസ്റിസ് വി.കെ ബാലിയ്ക്കെതിരെ രംഗത്ത് വന്നിരിക്കുന്ന സാഹചര്യത്തിലാണ് ബാലിയ്ക്ക് വേണ്ടി അച്യുതാനന്ദന്‍ നല്‍കിയ ശുപാര്‍ശക്കത്ത് വിവാദമായിരിക്കുന്നത്.

എസ്എന്‍സി ലാവലിന്‍ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന സര്‍ക്കാര്‍ നിലപാടിനെ മറികടന്ന് സിബിഐ അന്വേഷണത്തിനുത്തരവിട്ടുകൊണ്ട് വിധി പുറപ്പെടുവിച്ച ഡിവിഷന്‍ ബഞ്ചിന്റെയും തലവന്‍ ബാലിയായിരുന്നു.

കത്തിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ വിസമ്മതിച്ച മുഖ്യമന്ത്രി പക്ഷേ ഈ വാര്‍ത്ത നിഷേധിച്ചിട്ടില്ല. മുഖ്യമന്ത്രി ഇത്തരത്തില്‍ ഒരു കത്തയച്ചിട്ടുണ്ടെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. വാര്‍ത്ത പുറത്തുവിട്ട ദിട്രിബ്യൂണ്‍ എന്ന പത്രത്തിന്റെ ലേഖകനും വാര്‍ത്ത ശരിയാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.

മുഖ്യമന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ആരോപണമുണ്ട്. നിയമവിദഗ്ധര്‍ ഇക്കാര്യത്തില്‍ രണ്ട് അഭിപ്രായങ്ങളാണ് പ്രകടിപ്പിക്കുന്നത്. ഹൈക്കോടതി ചീഫ് ജസ്റിസിനെയും ജഡ്ജിമാരെയും നിയമിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാറിന്റെ അഭിപ്രായം തേടാറുണ്ട്. എന്നാല്‍ ഇവിടെ മുഖ്യമന്ത്രി മുന്‍ കയ്യെടുക്കുകയാണ് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് ഇത്തരം കീഴ്വഴക്കം നിലവിലില്ല.

ഡിസംബര്‍ 19നാണ് മുഖ്യമന്ത്രി രാഷ്ട്രപതിയ്ക്ക് കത്ത് നല്‍കിയിരിക്കുന്നത്. ജനുവരി മൂന്നുനാണ് ട്രീബ്യൂണ്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. രാഷ്ട്രപതി ഭവനും ഈ വാര്‍ത്ത നിഷേധിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ കത്ത് രാഷ്ട്രപതി നിയമമന്ത്രാലയത്തിന്റെ പരിഗണനയ്ക്ക് വിട്ടതായും സൂചനയുണ്ട്.

പാര്‍ട്ടിയും സംഘടനകളും സ്വീകരിച്ച നിലപാട് അറിഞ്ഞുകൊണ്ട് അതിന് വിരുദ്ധമായി രാഷ്ട്രപതിയ്ക്കു കത്തയച്ച മുഖ്യമന്ത്രിയുടെ നടപടിയ്ക്കെതിരെ പിണറായി പക്ഷം രംഗത്ത് വന്നിട്ടുണ്ട്. ഇക്കാര്യം തിങ്കളാഴ്ച സിപിഎം മേഖലാ യോഗത്തിനായി കേരളത്തിലെത്തിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് അദ്ദേഹം അനൗപചാരികമായി വി.എസില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ട്.

എന്നാല്‍ സുപ്രിം കോടതി ജഡ്ജിയാകാന്‍ ജസ്റിസ് വി.കെ ബാലി അര്‍ഹനാണെന്ന് കാണിച്ച് രാഷ്ട്രപതിയ്ക്ക് കത്തയച്ച വി.എസിന്റെ നടപടിയില്‍ അപാകതയില്ലെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഇതുപൊലെ മറ്റു പല മുഖ്യമന്ത്രിമാരും രാഷ്ട്രപതിയ്ക്ക് കത്തയച്ച കീഴ്വഴക്കങ്ങളും ഉണ്ടെന്ന് അവര്‍ പറയുന്നു.

ബാലിയുടെ സീനിയോരിറ്റി മറികടക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി കത്തയച്ചതില്‍ അപാകതയില്ലെന്ന് മുന്‍ സുപ്രിം കോടതി ജഡ്ജി ജസ്റിസ് കെ.ടി തോമസും അഭിപ്രായപ്പെട്ടിട്ടുണ്ട്. ജനാധിപത്യ സംവിധാനത്തില്‍ ഇത്തരം വിലയിരുത്തല്‍ നടത്താന്‍ മുഖ്യമന്ത്രിയ്ക്കും സര്‍ക്കാറിനും എല്ലാ അവകാശങ്ങളുമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X