ലാവലിന്‍ കേസ്: സിബിഐ അന്വേഷണം ആരംഭിച്ചു
കൊച്ചി: എസ്എന്‍സി ലാവലിന്‍ അഴിമതിക്കേസില്‍ സിബിഐ സംഘം അന്വേഷണം ആരംഭിച്ചു.
കേസില്‍ എട്ടുപേരെ പ്രതിചേര്‍ത്തുകൊണ്ടുള്ള പ്രഥമവിവരറിപ്പോര്‍ട്ട് എറണാകുളം പ്രത്യേക സിബിഐ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സിബിഐ ചെന്നൈ യൂണിറ്റിലെ സ്പെഷ്യല്‍ ആന്റി കറപ്ഷന്‍ വിഭാഗമാണ് കേസന്വേഷണം നടത്തുന്നത്.
2006ഫെബ്രുവരിയില്‍ വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടില്‍ പ്രതിചേര്‍ക്കപ്പെട്ടവരെയാണ് ആദ്യ പട്ടികയില്‍ സിബിഐ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അന്വേഷണം പുരോഗമിയ്ക്കുമ്പോള്‍ കൂടുതല്‍ പേര്‍ക്കെതിരെ കേസ് രജിസ്റര്‍ ചെയ്തേയ്ക്കുമെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.
കാനഡയിലെ ലാവലിന്‍ കമ്പനി സീനിയര്‍ വൈസ് പ്രസിഡന്റ് ക്ലോഡ് ട്രെന്‍ഡര്‍, ഊര്‍ജ വകുപ്പ് മുന്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍മാരായിരുന്ന പി.എ സിദ്ധാര്‍ഥ മേനോന്‍, ആര്‍ ശിവദാസന്‍, ബോര്‍ഡ് അംഗങ്ങളായിരുന്ന കെ.ജി രാജശേഖരന്‍ നായര്‍, മാത്യു റോയി, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍, മുന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍. ഗോപാലകൃഷ്ണന്‍ എന്നിവരാണ് ആദ്യ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് ലാവലിന്‍ കമ്പനിയ്ക്കു കരാര്‍ നല്‍കിയതുമൂലം 374.5കോടി രൂപ ഖജനാവിന് നഷ്ടം നേരിട്ടതാണ് കേസിന്നാധാരം.
ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട് ഉന്നതതലത്തില്‍ ക്രമക്കേടു നടന്നതും ഖജനാവിന് വന്‍നഷ്ടം നേരിട്ടതും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. തലശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററിന് ലഭിക്കേണ്ടിയിരുന്ന 86.25കോടിരൂപയുടെ സാമ്പത്തിക സഹായം ലഭ്യമാകാത്തതും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സിബിഐ ചെന്നൈയൂണിറ്റിലെ ഡിവൈഎസ്പി വി.അശോക് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ചെന്നൈയിലും കൊച്ചിയിലും മാറിമാറി ക്യാമ്പ് ചെയ്തായിരിക്കും സിബിഐ അന്വേഷണം നടത്തുക. ഇതിനിടെ ആരെ വേണമെങ്കിലും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന് സിബിഐ ആസ്ഥാനത്തുനിന്നും അനുമതി നല്‍കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടുകള്‍ പഠിച്ചശേഷമായിരിക്കും ആരെയൊക്കെ ചോദ്യം ചെയ്യണമെന്ന കാര്യം സിബിഐ തീരുമാനിയ്ക്കുക.












Click it and Unblock the Notifications