കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഡിബി വായ്പയ്ക്ക് എല്‍ഡിഎഫ് യോഗം അനുമതി നല്‍കി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നഗരസഭകളില്‍ സുസ്ഥിര നഗരവികസന പദ്ധതി നടത്തിപ്പിനായി എഡിബിയില്‍ നിന്നും വായ്പ സ്വീകരിയ്ക്കാന്‍ വ്യാഴാഴ്ച ചേര്‍ന്ന എല്‍ഡിഎഫ് യോഗം സര്‍ക്കാറിന് അനുമതി നല്‍കി.

ഘടകക്ഷികളായ സിപിഐ, ആര്‍എസ്പി, ജനതാദള്‍ എന്നിവയുടെ എതിര്‍പ്പ് അവഗണിച്ചാണ് വായ്പയെടുക്കാന്‍ യോഗം അനുമതി നല്‍കിയത്. കരാറിലെ വ്യവസ്ഥകളില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്ന ഘടകകക്ഷികളുടെ ആരോപണത്തിന് വായ്പയെടുക്കാതെ നഗരസഭകളുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താനാകില്ലെന്നാണ് സിപിഎം മറുപടി നല്‍കിയത്.

യോഗം തുടങ്ങിയപ്പോള്‍ത്തന്നെ എഡിബി കരാര്‍ ഒപ്പുവെയ്ക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ സിപിഎം സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ ചോദ്യം ചെയ്തു. മുന്നണിയില്‍ ചര്‍ച്ചചെയ്യാതെ കരാര്‍ ഒപ്പുശേഷം നടത്തുന്ന ചര്‍ച്ച പ്രഹസനമാണെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ടി.ജെ ചന്ദ്രചൂഢനും ആരോപിച്ചു.

എഡിബിവായ്പാവ്യവസ്ഥകളോടുള്ള തങ്ങളുടെ എതിര്‍പ്പ് അറിയിച്ചശേഷവും മന്ത്രിമാര്‍ പത്രക്കുറിപ്പുകളും പ്രസ്താവനകളുമായി വായ്പ അനിവാര്യമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചതിനെ ഇരുനേതാക്കളും ചോദ്യം ചെയ്തു.

വായ്പ എടുക്കേണ്ടെന്ന് തീരുമാനിച്ചാല്‍ തദ്ദേശഭരണ മന്ത്രിയില്‍ അവിശ്വാസം രേഖപ്പെടുത്തുന്നതിന് തുല്യമാകുമെന്നതിനാലാണ് ഈ ഘട്ടത്തില്‍ കരാറിനെ എതിര്‍ക്കാതിരുന്നതെന്നും അങ്ങനെചെയ്താല്‍ പാലൊളി രാജിവെയ്ക്കേണ്ടതായി വരുമെന്നും വെളിയം പറഞ്ഞു.

കരാര്‍ നിലവില്‍ വരുന്നതോടെ അഞ്ച് നഗരസഭകളിലെ മാലിന്യനിര്‍മ്മാര്‍ജനത്തിന്റെ ബാധ്യത കേരളത്തിലെ മുഴുവന്‍ ജനങ്ങളിലുമായിരിക്കുമെന്ന് ജനതാദള്‍(എസ്) സെക്രട്ടറി ജനറല്‍ കെ.കൃഷ്ണന്‍ കുട്ടി ചൂണ്ടിക്കാട്ടി.

ഘടകകക്ഷികളുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞ മന്ത്രി പാലൊളി മുഹമ്മദ് കുട്ടി യുഡിഎഫ് സര്‍ക്കാര്‍ ഒപ്പുവെച്ച വ്യവസ്ഥകളില്‍ പലതിലും ഇടതുസര്‍ക്കാര്‍ മാറ്റംവരുത്തിയിട്ടുണ്ടെന്ന കാര്യം ആവര്‍ത്തിച്ചു. തുടര്‍ന്ന് കരാറില്‍ ഒപ്പിടേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് വിശദീകരിച്ച ധനമന്ത്രി തോമസ് ഐസക് ജനങ്ങള്‍ക്ക് ദോഷകരമായ വ്യവസ്ഥകള്‍ പരമാവധി ലഘൂകരിച്ച് കരാര്‍ നടപ്പാക്കുമെന്ന് ഉറപ്പുനല്‍കി. ഇതിന് ശേഷമാണ് വായ്പയ്ക്ക് അനുമതി നല്‍കാന്‍ യോഗം തീരുമാനിച്ചത്.

യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ആദ്യം നിര്‍ദ്ദേശിക്കപ്പെട്ട വ്യവസ്ഥകളെയാണ് എല്‍ഡിഎഫ് എതിര്‍ത്തതെന്നും തുടര്‍ന്ന് നടത്തിയ സമരത്തിന്റെ ഫലമായി യുഡിഎഫ് കാലത്ത് തന്നെ വ്യവസ്ഥകളില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.

കരാറില്‍ ഒപ്പിടുന്നതിലുണ്ടായ വീഴ്ച മാധ്യമങ്ങളെ അറിയിക്കണമെന്ന ഘടകകക്ഷികളുടെ ആവശ്യം അംഗീകരിച്ച അദ്ദേഹം പത്രസമ്മേളനത്തില്‍ ഇക്കാര്യം വിശദീകരിച്ചു. കരാര്‍ ഒപ്പുവെയ്ക്കുന്നതിന് മുമ്പേ മുന്നണിയില്‍ ചര്‍ച്ചചെയ്യാതിരുന്നത് തെറ്റാണെന്ന് വിശ്വനൊപ്പം സിപിഎം നേതാക്കളും യോഗത്തില്‍ സമ്മതിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കില്ലെന്ന് അവര്‍ ഘടകകക്ഷികള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X