കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടില്‍ മുളയരിയുടെ വിളവെടുപ്പ് കാലം

  • By Staff
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാടന്‍ വനാന്തരങ്ങളില്‍ മുളയരിയുടെ വിളവെടുപ്പുകാലം. ജീവിതകാലത്തിലൊരിക്കല്‍ പൂക്കുകയും പിന്നീട് പാടേ നശിയ്ക്കുകയും ചെയ്യുമെന്നതാണ് മുളങ്കാടുകളുടെ പ്രത്യേകത.

നെല്ലിനോട് സമാനമായ വിത്തുകളാണ് മുളയില്‍നിന്നും ലഭിയ്ക്കുന്നത്. ഔഷധഗുണവും വ്യത്യസ്തമായ രുചിയുമുള്ള ഈ ധാന്യത്തിന് ആവശ്യക്കാരേറെയാണ്. അതുകൊണ്ടുതന്നെ അപൂര്‍വമായി മാത്രം ഉണ്ടാകാറുള്ള ഈ വിളവെടുപ്പ് വയനാട്ടിലെ ആദിവാസിക്കുടുംബങ്ങളെ സംബന്ധിച്ച് നല്ല വരുമാനമാര്‍ഗം കൂടിയാണ്.

മുളങ്കാടുകള്‍ പൂക്കുന്ന വര്‍ഷം ആദിവാസി കുടുംബങ്ങള്‍ക്ക് പ്രതീക്ഷിയ്ക്കാത്ത ഒരു വരുമാനമാണ് കയ്യില്‍ വരുന്നത്. ഇവിടെയുള്ള ഒരു പ്രാദേശിക സഹകരണ സ്ഥാപനമാണ് ഇവര്‍ ശേഖരിയ്ക്കുന്ന അരി വിലയ്ക്കുവാങ്ങിയ്ക്കുന്നത്.

വയനാട് വന്യമൃഗസങ്കേതതത്തിലെ നൂല്‍പ്പുഴ റേഞ്ചില്‍പ്പെട്ട പണിയ, നായ്ക വിഭാഗത്തില്‍പ്പെട്ടവരാണ് കൂടുതലായും ഇത് ശേഖരിച്ച് വില്‍പ്പനയ്ക്കെത്തിയ്ക്കുന്നത്. മറ്റ് വനവിഭവങ്ങളായ കാട്ടുതേന്‍, പച്ചമരുന്നുകള്‍, നെല്ലിക്ക എന്നിവയോടൊപ്പം മുളയരിയെയും ഈയടുത്തകാലത്താണ് വനവിഭവങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്- സുല്‍ത്താന്‍ ബത്തേരി സഹകരണസൊസൈറ്റിയുടെ സെക്രട്ടറി പി.എം ജോര്‍ജ് പറയുന്നു.

12 മുതല്‍ 36വര്‍ഷം വരെ നീളുന്ന ആയുസ്സിനുള്ളില്‍ ഒരിക്കല്‍ മാത്രമാണ് മുളങ്കാടുകള്‍ പൂക്കുന്നത്. ഇതോടെ ഏകദേശം ആ ചെടിയുടെ ആയുസ്സ് അവസാനിച്ചുവെന്നും പറയാം. സസ്യശാസ്ത്ര ഗവേഷകരുടെ അഭിപ്രായത്തില്‍ ബാംബൂസ്, ഡെന്‍ഡ്രോകലാമസ് എന്നിങ്ങനെ രണ്ടുതരം മുളകളാണ് വയനാട്ടില്‍ പ്രധാനമായും കാണപ്പെടുന്നത്. മറ്റു വിഭാഗത്തില്‍പ്പെടുന്നവയും ഈ പ്രദേശത്ത് കാണപ്പെടുന്നുണ്ട്.

ചിലപ്രത്യേകതരം പച്ചമരുന്നുകളോട് ചേര്‍ത്ത് ഉപയോഗിയ്ക്കുന്ന മുളയരി ആര്‍ത്രൈറ്റിസ്, രക്തവാതം (റുമാറ്റിക് ഫീവര്‍) എന്നീ അസുഖങ്ങള്‍ക്ക് നല്ല ഔഷധമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്കുമുമ്പ് മുളങ്കൂട്ടങ്ങളാല്‍ സമൃദ്ധമായിരുന്നു വയനാടന്‍ വനാന്തരങ്ങള്‍. കടലാസ് നിര്‍മ്മാണകമ്പനികളും പള്‍പ്പ് നിര്‍മ്മാണശാലകളും മറ്റും അസംസ്കൃതവസ്തുവായി വന്‍തോതില്‍ ഇവ ഉപയോഗിച്ച് തുടങ്ങിയതോടെയാണ് ഇവിടത്തെ മുളങ്കാടുകള്‍ കുറഞ്ഞു തുടങ്ങിയത്. ഇതിനുശേഷം പരിസ്ഥിതി പ്രവര്‍ത്തകര്‍ മുളങ്കാടുകള്‍ സംരക്ഷിയ്ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നടത്തിയ പ്രചാരണങ്ങള്‍ക്ക് ശേഷമാണ് പുറത്തുനിന്നുള്ളവരുടെ ചൂഷണത്തിന് കുറവുവരുകയും ഇവ സംരക്ഷിക്കപ്പെടുകയും ചെയ്തത്.

മുളങ്കാടുകള്‍ പൂക്കുന്നതോടെ ഒരു ആദിവാസികുടുംബം പ്രതിദിനം 20കിലോയ്ക്കും 30 കിലോയ്ക്കുമിടയില്‍ മുളയരി ശേഖരിയ്ക്കും. സഹകരണ സൊസൈറ്റി കിലോഗ്രാമിന് 10 രൂപ നിരക്കിലാണ് ഇവരില്‍ നിന്നും ഇത് വാങ്ങുന്നത്. ഇതിലും കൂടിയ നിരക്കില്‍ മുളയരി വാങ്ങുന്ന മറ്റ് സ്വകാര്യഏജന്‍സികളുമുണ്ട്. സ്വര്‍ണവര്‍ണ്ണത്തിലുള്ള പൂക്കളുമായി പൂത്തുനില്‍ക്കുന്ന മുളങ്കാടുകള്‍ കാണാന്‍ വിനോദസഞ്ചാരികളും കൂടുതലായി എത്തുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X