കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊപ്ര താങ്ങുവില കൂട്ടി; ക്വിന്റിലിനു 30 രൂപ

  • By Staff
Google Oneindia Malayalam News

ദില്ലി: ഉണ്ട കൊപ്രയ്ക്കും മില്‍ കൊപ്രയ്ക്കും താങ്ങുവില കൂട്ടിയാതായി കേന്ദ്ര ധനമന്ത്രി പി. ചിദംബരം അറിയിച്ചു. മില്‍ കൊപ്രയ്ക്ക് 3,650 രൂപയും ഉണ്ട കൊപ്രയ്ക്ക് 3,870 രൂപയുമാണ് പുതിയ സംഭരണ വില. ക്വിന്റലിനു 30 രൂപ വീതമാണ് കൂട്ടിയത്.

കേന്ദ്ര മന്ത്രിസഭയുടെ ധനകാര്യ ഉപസമിതിയാണു പുതിയ താങ്ങുവില നിശ്ചയിച്ചത്. നാഫെഡാണ് കൊപ്രസംഭരിക്കുകയെന്നും ചിദംബരം അറിയിച്ചു. നാളികേര കൃഷി മേഖലയില്‍ പുന:കൃഷിക്കും കയര്‍ വ്യവസായ വികസനത്തിനുമായി കേരളം സമര്‍പ്പിച്ച പദ്ധതികളും കേന്ദ്രം അംഗീകരിച്ചു.

കേരളത്തിലെ തോട്ടം മേഖലയുടെ പുനരുദ്ധാരണത്തിനും പുന:കൃഷിക്കുമായി അടുത്ത ഏഴു വര്‍ഷങ്ങളില്‍ 3,000 കോടിയോളം രൂപ നല്‍കാനുളള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണിത്. വാണിജ്യ ബോര്‍ഡ് അധ്യക്ഷന്മാരുമായി കേന്ദ്ര വാണിജ്യ മന്ത്രാലയം നടത്തിയ ചര്‍ച്ചയിലാണ് ധനസഹായ പദ്ധതികളില്‍ തീരുമാനമായത്.

കയര്‍ മേഖലയുടെ പുനരുദ്ധാരണം, സാങ്കേതികവിദ്യ മെച്ചപ്പെടുത്തല്‍ എന്നിവയ്ക്കു കയര്‍ ബോര്‍ഡ് സമര്‍പ്പിച്ച 1,490 കോടിയുടെ പദ്ധതിയില്‍ 194 കോടിയുടെ സബ്സിഡി അഞ്ചുവര്‍ഷം കൊണ്ടു കേന്ദ്രം നല്‍കും. ഇതില്‍ ആദ്യഗഡുവായ 22.5 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

കശുവണ്ടി സംസ്കരണ യൂണിറ്റുകള്‍ക്കു ഘട്ടംഘട്ടമായി 50 കോടി നല്‍കാനും പദ്ധതിയുണ്ട്. കശുവണ്ടി, റബര്‍, നാളികേരം, സുഗന്ധവ്യഞ്ജനം,കയര്‍ മേഖലകളിലെ കയറ്റുമതി പ്രശ്നങ്ങള്‍ എന്നിവ പഠിക്കുന്നതിനു വിദഗ്ധ സമിതിയെ നിയമിക്കാന്‍ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കീഴിലുളള വ്യാപാര ബോര്‍ഡ് യോഗത്തില്‍ അനുഭാവ നിലപാടുണ്ടായതും കേരളത്തിനു നേട്ടമായി.

പ്രായമായ തെങ്ങുകള്‍ വെട്ടിമാറ്റി ഉല്‍പാദനക്ഷമത കൂടിയ തൈകള്‍ വയ്ക്കാന്‍ നാളികേര വികസന ബോര്‍ഡ് നല്‍കിയ പദ്ധതിക്കു കേന്ദ്ര അംഗീകാരമായി. ഇതനുസരിച്ചു പുന:കൃഷിക്കു തെങ്ങൊന്നിനു 1,000 രൂപ കേന്ദ്രസഹായം ലഭിക്കും. കേരളത്തിലെ ഒന്നര ലക്ഷത്തോളം ഏക്കര്‍ സ്ഥലത്താണ് ഇതു നടപ്പാക്കുക. തെങ്ങുകൃഷിയില്‍ നിന്നുളള ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് ഏഴു വര്‍ഷത്തിനകം 1.350 കോടിയാണു കേരളത്തിനു ലഭിക്കുക.

കയര്‍ മേഖലയില്‍ സബ്സിഡിക്കു ശേഷമുളള തുക ദേശസാല്‍ക്കൃത ബാങ്കിങ് സ്ഥാപനങ്ങളില്‍ നിന്നു കുറഞ്ഞ പലിശയ്ക്കു വായ്പയായി ലഭിക്കണമെന്നതായിരുന്നു കയര്‍ ബോര്‍ഡിന്റെ ആവശ്യം. ഇതിനായി ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്താമെന്നു കേന്ദ്ര വാണിജ്യ സഹമന്ത്രി ജയ്റാം രമേശ് വാഗ്ദാനം ചെയ്തതായി കയര്‍ ബോര്‍ഡ് ചെയര്‍മാന്‍ എ.സി ജോസ് അറിയിച്ചു.

കയര്‍ പിരി മേഖലയില്‍ ആറും ഉല്‍പാദനമേഖലയില്‍ ഒന്‍പതും ശതമാനം പലിശയ്ക്കു വായ്പ ലഭ്യമാക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. കയര്‍ ബോര്‍ഡിന് അനുവദിച്ച 22.5 കോടി രൂപ തറികളുടെ പുനരുദ്ധാരണം, തറികളുടെ സാങ്കേതിക നിലവാരം മെച്ചപ്പെടുത്തല്‍ തുടങ്ങിയവയ്ക്കായി പ്രയോജനപ്പെടുത്തും. തറികളുടെ നവീകരണത്തിനായി ഘട്ടംഘട്ടമായി 1,000 കോടിയുടെ പദ്ധതിയാണു കേന്ദ്രം ആവിഷ്കരിച്ചിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X