കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പടക്കശാലയിലെ സ്ഫോടനത്തിന് കാരണമായത് പൊട്ടാസ്യം ക്ലോറൈറ്റ്

  • By Staff
Google Oneindia Malayalam News

മലപ്പുറം: ആറുപേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം നടന്ന വളാഞ്ചേരി പുല്ലന്‍ പറമ്പിലെ പടക്കനിര്‍മ്മാണശാലയില്‍ നിരോധിച്ച രാസവസ്തുക്കള്‍ ഉപയോഗിച്ചതായി കണ്ടെത്തി.

വെടിക്കോപ്പുകള്‍ നിര്‍മ്മിയ്ക്കുന്നതിനായി കിലോക്കണക്കിന് പൊട്ടാസ്യം ക്ലോറൈറ്റ് ഉപയോഗിച്ചതായി പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞു. ഇതുകൂടാതെ ലൈസന്‍സില്ലാത്ത ഒട്ടേറെ രാസവസ്തുക്കളുടെ ശേഖരവും കണ്ടെത്തിയിട്ടുണ്ട്.

കേന്ദ്രസര്‍ക്കാറിന്റെ എക്സ്പ്ലോസീവ് വിഭാഗം ഡെപ്യൂട്ടി കണ്‍ട്രോളര്‍ എം.കെ ത്രിവേദി, തിരുവനന്തപുരം ഫോറന്‍സിക് ലാബിലെ എക്സ്പ്ലോസീവ്സ് വിഭാഗം തലവനും അസിസ്റന്റ് ഡയറക്ടറുമായ പി.ഡി സോമരാജന്‍ എന്നിവര്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.

തീപ്പെട്ടി നിര്‍മ്മാണത്തിനുള്‍പ്പെടെയുള്ള വ്യാവസായിക ആവശ്യത്തിന് വേണ്ടി മാത്രം ഉപയോഗിയ്ക്കുന്ന രാസവസ്തുവാണ് പൊട്ടാസ്യം ക്ലോറൈറ്റ്. പടക്കനിര്‍മ്മാണത്തിന് ഇതുപയോഗിയ്ക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നേരത്തേ തന്നെ നിരോധിച്ചിട്ടുണ്ട്. ചെറിയ മര്‍ദ്ദമുണ്ടായാല്‍ പോലും പൊട്ടിത്തെറിയ്ക്കുന്ന രാസവസ്തുവാണിത്. വെടിക്കോപ്പിന്റെ ശക്തികൂട്ടാന്‍ ഇവിടെ ഇത് ധാരാളം ഉപയോഗിച്ചിരുന്നു.

പട്ടാമ്പി തിരുവേഗപ്പുറ എടത്തേടത്ത് പി.പി നാരായണനുണ്ണിയുടേതാണ് അപകടം നടന്ന പടക്ക നിര്‍മ്മാണശാല. ഒരേസമയം അഞ്ച് കിലോഗ്രാം ഗണ്‍പൗഡറും പത്തുകിലോഗ്രാം വെടിക്കോപ്പുകളും സൂക്ഷിയ്ക്കാനുള്ള ലൈസന്‍സാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍ സള്‍ഫര്‍, ഗണ്‍പൗഡര്‍ എന്നിവ വന്‍തോതിലാണ് ഇവിടെ ശേഖരിച്ചിരുന്നത്.

നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വെടിക്കോപ്പുകള്‍ ശാസ്ത്രീയമായ രീതിയിലല്ല സംഭരിച്ചിട്ടുള്ളതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. വെടിമരുന്ന് നിറച്ച സാധനങ്ങള്‍ അടുക്കിവെയ്ക്കാന്‍ പാടില്ലെന്ന നിയമവും ഇവിടെ പാലിച്ചിട്ടില്ല.

സ്ഫോടനം നടന്ന സ്ഥലത്തുനിന്നും ശേഖരിച്ച വസ്തുക്കള്‍ തിരൂര്‍ കോടതിയുടെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം ഫോറന്‍സിക് ലാബിലേയ്ക്ക് കൊണ്ടുപോകും. ലൈസന്‍സ് സംബന്ധമായ കാര്യങ്ങളിലാണ് എം.കെ ത്രിവേദി തെളിവെടുത്തത്. നരഹത്യയ്ക്കും അനധികൃതമായി സ്ഫോടകവസ്തുക്കള്‍ കൈകാര്യ ചെയ്തതിനും നാരായണനുണ്ണിക്കെതിരെ വളാഞ്ചേരി പൊലീസ് കേസെടുത്തിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X