കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊട്ടിത്തെറിയ്ക്കുപിന്നില്‍ സ്ഫോടകവസ്തുവെന്ന് സംശയം

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: മിഠായിത്തെരുവിലെ തീപിടുത്തമുണ്ടായത് പടക്കക്കടയിലെ സാധാരണ പടക്കങ്ങള്‍ക്ക് തീപിടിച്ചതുകൊണ്ടുമാത്രമല്ലെന്ന് ഉറപ്പായി. ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുവാണ് പൊട്ടിത്തെറിയ്ക്കുപിന്നിലെന്നാണ് വിദഗ്ധാഭിപ്രായം.

സ്ഫോടനത്തിന്റെ ആഘാതത്തില്‍ കുറച്ചകലെയുള്ള തെങ്ങ് മൂന്നായി ഒടിഞ്ഞതും കെട്ടിടത്തിന്റെ ഭീമുകള്‍ നാലു ഭാഗത്തേയ്ക്ക് തെറിച്ചതുമാണ് തീപിടുത്തത്തിന് പിന്നില്‍ ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുവാണുള്ളതെന്ന നിഗമനത്തില്‍ വിദഗ്ധരെ എത്തിയ്ക്കുന്നത്.

കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ബീം തകര്‍ന്ന് അവശിഷ്ടങ്ങള്‍ 70 മുതല്‍ 130 മീറ്റര്‍വരെ അകലേയ്ക്ക് തെറിച്ചിട്ടുണ്ട്. തൊട്ടു പിന്നിലുള്ള കെട്ടിടങ്ങളിലും വിള്ളലുകളുണ്ടായിട്ടുണ്ട്. സ്ഫോടനത്തിന്റെ തീവ്രതയാണിതില്‍ നിന്നും വ്യക്തമാകുന്നത്.

1000 കിലോഗ്രാം പടക്കവും 450 കിലോഗ്രാം പടക്കവും ശേഖരിയ്ക്കാനുള്ള രണ്ടു ലൈസന്‍സുകളാണ് സ്ഫോടനം നടന്ന കേരള സ്റേഷനറി മാര്‍ട്ടിനുള്ളത്. പടക്കശാലയുടെ ഉടമായ അപ്പൂട്ടിയുടെതാണ് 450 കിലോഗ്രാം ശേഖരിയ്ക്കാനുള്ള ലൈസന്‍സ്. 1000 കിലോഗ്രാം ശേഖരിയ്ക്കാനുള്ള ലൈസന്‍സിന്റെ ഉടമ അപ്പൂട്ടിയുടെ മകന്‍ ജഗദീശാണ്.

ലൈസന്‍സുള്ളതിലേറെ പടക്കം ശേഖരിയ്ക്കുന്നത് പതിവാണ്. എന്നാല്‍ പോലും പടക്കത്തിന് തീ പിടിച്ചാല്‍ ഇത്രയും ഉഗ്രസ്ഫോടനമോ നാശനഷ്ടമോ ഉണ്ടാകില്ലെന്നാണ് വിദഗ്ധ നിരീക്ഷണം. പടക്കമെന്ന പേരില്‍ സൂക്ഷിച്ചവയില്‍ ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുകലര്‍ന്നിട്ടുണ്ടോയെന്നും സംശയമുണ്ട്. പടക്കനിര്‍മ്മാതാക്കളില്‍ നിന്നുമാത്രമേ ഉത്തരത്തിലൊരു കലര്‍പ്പ് വരാനിടയുള്ളു. നാല്പതുവര്‍ഷത്തിലേറെയായി പടക്കച്ചവടം ചെയ്യുന്ന അപ്പുക്കുട്ടിയെ ഇക്കാര്യത്തില്‍ സംശയിക്കാനാവില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.

സ്ഫോടനത്തിന്റെ തീവ്രത അളക്കാന്‍ വിദഗ്ധര്‍ക്ക് കഴിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടെ കെട്ടിടം പൊളിഞ്ഞതാണ് ഇതിനുള്ള സാധ്യത നഷ്ടപ്പെടുത്തിയത്. സ്ഫോടനമുണ്ടായ സ്ഥലത്തെ കുഴിയുടെ നീളവും ആഴവും അളന്നശേഷം നിശ്ചിത ഫോര്‍മുല പ്രയോഗിച്ചാണ് സ്ഫോടന ശേഷി നിര്‍ണ്ണയിയ്ക്കുക. സ്ഫോടനം നടന്ന കെട്ടിടം പൊളിച്ചതോടെ ഇതിനുള്ള സാധ്യത നഷ്ടപ്പെട്ടിരിയ്ക്കുകയാണ്.

ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ലോസീവ്സ് ജി.എന്‍ റെഡ്ഡി, എക്സ്പ്ലോസീവ് കണ്‍ട്രോളര്‍ ആര്‍. വേണുഗോപാല്‍ , കേരള പൊലീസ് ബോംബ് സ്ക്വാഡ് ഇന്‍സ്പെക്ടര്‍ പി.എ ബാബു എന്നിവരുടെ നേതൃത്വത്തില്‍ വ്യത്യസ്ത തലങ്ങളില്‍ സ്ഫോടന ശേഷിയെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X