കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മാര്‍ട്ട് സിറ്റിയ്ക്ക് ടീകോം തയ്യാര്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : സര്‍ക്കാരിന്റെ വ്യവസ്ഥകള്‍ സമ്മതിച്ച് കൊച്ചിയില്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കാന്‍ ടീകോം സമ്മതിച്ചു. ഇന്റര്‍സിറ്റ് സിറ്റി സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വച്ച പാട്ടക്കരാര്‍ ടീകോം അംഗീകരിച്ചു.

ഇതു സംബന്ധിച്ചുളള ടീകോം അധികൃതരുടെ കത്ത് വ്യാഴാഴ്ച സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. സര്‍ക്കാര്‍ മുന്നോട്ടു വച്ച മറ്റു വ്യവസ്ഥകള്‍ കമ്പനി നേരത്തെ അംഗീകരിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ നയം ഒരു ബഹുരാഷ്ട്ര കമ്പനിയെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ കഴിഞ്ഞത് ഇടതുമുന്നണിയുടെ രാഷ്ട്രീയ നേട്ടമാണ്. കമ്പനികള്‍ ലോകത്തെങ്ങുമുളള സര്‍ക്കാരുകള്‍ക്കു മേല്‍ തങ്ങളുടെ കരാറുകള്‍ അടിച്ചേല്‍പ്പിക്കുമ്പോഴാണ് ഇടതു മുന്നണി സര്‍ക്കാര്‍ ടീകോമിനെ വരച്ച വരയില്‍ നിര്‍ത്തിയത്.

കഴിഞ്ഞ സര്‍ക്കാര്‍ മുന്നോട്ടു വച്ച കരാറില്‍ വന്‍മാറ്റങ്ങള്‍ വരുത്തിയാണ് ഇടതുമുന്നണി കൊച്ചിയില്‍ സ്മാര്‍ട്ട്സിറ്റി സ്ഥാപിക്കുന്നത്. ഇതുയര്‍ത്തുന്ന രാഷ്ട്രീയ വിവാദങ്ങളില്‍ ഉമ്മന്‍ചാണ്ടിയ്ക്കും യുഡിഎഫിനും പ്രതിരോധത്തിലേയ്ക്ക് വലിയേണ്ടി വന്നേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഇന്‍ഫോ പാര്‍ക്ക് വിട്ടു കൊടുക്കാനാവില്ലെന്നും മറ്റ് ഐടി സ്ഥാപനങ്ങള്‍ പാടില്ലെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നുമുളള സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് നേരത്തെ തന്നെ ടീകോം അംഗീകരിച്ചിരുന്നു. സര്‍ക്കാരിന് കമ്പനിയില്‍ ഒമ്പതു ശതമാനം ഓഹരിയേ നല്‍കാനാവൂ എന്നാണ് ടീകോം വാശി പിടിച്ചിരുന്നത്.

എന്നാല്‍ ഇത് 26 ശതമാനമാക്കി ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു. ഭൂമിയ്ക്ക് മാര്‍ക്കറ്റ് വില നല്‍കണമെന്ന സര്‍ക്കാര്‍ വ്യവസ്ഥയും കമ്പനിക്ക് പിന്നീട് അംഗീകരിക്കേണ്ടി വന്നു.

സ്മാര്‍ട്ട് സിറ്റിയ്ക്കു വേണ്ട ഭൂമിയുടെ വില 26 കോടിയാണ് യുഡിഎഫ് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇത് 104 കോടിയാക്കി ഉയര്‍ത്താന്‍ ഇടതുമുന്നണി സര്‍ക്കാരിന് കഴിഞ്ഞു.

സ്മാര്‍ട്ട് സിറ്റിയില്‍ 33000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നായിരുന്നു യുഡിഎഫ് ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥ. എന്നാല്‍ ഇപ്പോള്‍ അത് 90,000 ആയി ഉയര്‍ന്നു.

സര്‍ക്കാര്‍ നല്‍കുന്ന ഭൂമിയുടെ 70 ശതമാനവും ഐടി അനുബന്ധ സേവനങ്ങള്‍ക്ക് ഉപയോഗിക്കണം എന്ന പുതിയ വ്യവസ്ഥയും കമ്പനിയെക്കൊണ്ട് അംഗീകരിപ്പിച്ചിട്ടുണ്ട്.

നന്ദിഗ്രാം, പാലൊളി, ബാലന്‍ പ്രശ്നങ്ങളില്‍ ഇതുവരെ പ്രതിരോധത്തിലായിരുന്ന ഇടതുമുന്നണിക്ക് വന്‍രാഷ്ട്രീയ നേട്ടമാവും സ്മാര്‍ട്ട് സിറ്റിയുടെ സ്ഥാപനം. ഇടതുമുന്നണി വന്നാല്‍ സ്മാര്‍ട്ട് സിറ്റി നഷ്ടപ്പെടുമെന്ന് പ്രചരിപ്പിച്ച യുഡിഎഫിന് ഇത് കനത്ത അടിയാണ്.

സ്മാര്‍ട്ട് സിറ്റി വരുന്നു എന്ന് മാത്രമല്ല, ഇടതുമുന്നണി മുന്നോട്ടു വച്ച മിക്ക നിര്‍ദ്ദേശങ്ങളും ടീകോം അംഗീകരിച്ചു എന്നതാണ് യുഡിഎഫിനെയും ഉമ്മന്‍ചാണ്ടിയെയും കുഴയ്ക്കുന്നത്.

ഇന്‍ഫോ പാര്‍ക്ക് വിട്ടു കൊടുത്തില്ലെങ്കില്‍ ടീകോം സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്നും പിന്മാറുമെന്നായിരുന്നു പഴയ സര്‍ക്കാരിന്റെ വാദം. ഭൂമി വിലയെയും ഇന്‍ഫോ പാര്‍ക്കിന്റെ കൈമാറ്റത്തെയും സംബന്ധിച്ച് ഉയരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ട ബാധ്യത ഇതോടെ ഉമ്മന്‍ചാണ്ടിയുടെ തലയിലായിരിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X