യുപി: ക്രിമിനലുകളും അതിസന്പന്നരും മത്സരരംഗത്ത്
ലക്‌നൗ: ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരില്‍ ഭൂരിഭാഗവും ക്രിമിനലുകളും കോടിപതികളുമെന്ന് റിപ്പോര്‍ട്ട്. മുന്‍പ് നടന്ന നാലു ഘട്ടങ്ങളിലെ പോലെ അഞ്ചാം ഘട്ടത്തിലും കുറ്റവാളികളും ധനവന്മാരുമാണ് ജനവിധി തേടുന്നവരില്‍ കൂടുതലുമെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.
തെരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ടത്തില്‍ 58 സീറ്റുകളിലായി 863 പേരാണ് മല്‍സരിച്ചത്. ഇതില്‍ 115 പേര്‍ ക്രിമിനല്‍ കുറ്റങ്ങളില്‍ വിചാരണ നേരിടുന്നവരാണെങ്കില്‍ 61 പേര്‍ ലക്ഷാധിപതികളും കോടീശ്വരപട്ടികയില്‍ ഉള്‍പ്പെട്ടവരുമാണ്.
ക്രിമിനല്‍ പഞ്ചാത്തലമുളള 26 പേരെയാണ് ബിഎസ്പി സ്ഥാനാര്‍ത്ഥികളാക്കിയിരിക്കുന്നത്. 21 കുറ്റവാളികളുമായി സമാജ് വാദി പാര്‍ട്ടിയാണ് തൊട്ടുപിറകിലുളളത്. ബിജെപിയിലെ ക്രിമിനല്‍ സ്ഥാനാര്‍ത്ഥികളുടെ എണ്ണം 12 ആണെങ്കില്‍ 7 കുറ്റവാളികളാണ് കോണ്‍ഗ്രസ് പതാകയുമേന്തി മത്സര രംഗത്തുളളത്.
ഒന്‍പതു ജില്ലകളിലായി 756 കൊലപാതകങ്ങളും 604 വധശ്രമങ്ങളും 207 ബലാല്‍സംഗങ്ങളും 275 ഭവന ഭേദനവും 413 തട്ടിക്കൊണ്ടു പോകലുകളും നടന്നതായാണ് റിപ്പോര്‍ട്ട്. ഇതില്‍ സംസ്ഥാന തലസ്ഥാനമായ ലക്‌നൗവാണ് മുന്നില്‍ നില്‍ക്കുന്നത്. ഇവിടെ194 കൊലപാതകങ്ങളും 156 വധശ്രമങ്ങളും 51 ബലാല്‍സംഗങ്ങളും 136 പെണ്‍കുട്ടികളുടേതുള്‍പ്പടെ 150 തട്ടിക്കൊണ്ടു പോകലുകളും നടന്നതായി 2005 മുതലുള്ള സംസ്ഥാന ക്രൈം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു.
സ്ഥാനാര്‍ത്ഥികളിലെ ധനവാന്മാരില്‍ ഏറ്റവും വലിയ ധനവാനെ കോണ്‍ഗ്രസ്സ് അവതരിപ്പിച്ചപ്പോള്‍ സമാജ് വാദി പാര്‍ട്ടി ടിക്കറ്റ് നല്‍കിയിരിക്കുന്നത് 18 ലക്ഷപ്രഭുക്കള്‍ക്കാണ്. സാന്പത്തികമായി ഉന്നത നിലവാരത്തില്‍ നില്‍ക്കുന്ന 14 പേരെ കോണ്‍ഗ്രസ്സ് ഉള്‍പ്പെടുത്തിയപ്പോള്‍ ബിജെപി 13ഉം ബിഎസ്‌പി എട്ടും വന്‍ പണക്കാരെയാണ് മത്സര രംഗത്തവതരിപ്പിച്ചത്.
സുധീര്‍ ഹല്‍വാസിയാ, ശിവ് പ്രകാശ് മിശ്ര, അനില്‍ പ്രതാപ് സിങ്, അജയ് കുമാര്‍ ത്രിപാഠി, അരവിന്ദ് ത്രിപാഠി, ആര്‍.പി സിങ്, അമിതാ സിങ്, അജയ് പാല്‍ സിങ് കുന്‍വാര്‍ വി സിങ് എന്നിവരാണ് മല്‍സരരംഗത്തുളള 10 അതിധനവാന്‍മാര്‍.
115 സ്ഥാനാര്‍ത്ഥികളില്‍ 58 പേര്‍ ബിരുദം, പിജി, മറ്റു പ്രൊഫഷണല്‍ ബിരുദങ്ങള്‍ എന്നിവയിലെന്തെങ്കിലും നേടിയവരാണ്. 41-60 പ്രായത്തിനിടയിലുളളവരാണ് ഭൂരിപക്ഷം സ്ഥാനാര്‍ത്ഥികളും.












Click it and Unblock the Notifications