കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തച്ചങ്കരിയുടെ അനധികൃത സന്പാദ്യം 95 ലക്ഷം: എഫ്ഐആര്‍

  • By Staff
Google Oneindia Malayalam News

തൃശ്ശൂര്‍: ഐജി ടോമിന്‍ തച്ചങ്കരി അനധികൃത സ്വത്ത്‌ സമ്പാദിച്ചതായി പ്രഥമ വിവര റിപ്പോര്‍ട്ട്‌. 2003-05 കാലത്ത്‌ 94 ലക്ഷത്തില്‍ പരം രൂപ വരവില്‍ കവിഞ്ഞ്‌ സമ്പാദിച്ചതായി എറണാകുളം വിജിലന്‍സ്‌ എസ്‌പി മുരളീധരന്‍ നായര്‍ തൃശ്ശൂര്‍ വിജിലന്‍സ്‌ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ഇത്‌ കൂടാതെ ഭൂമി ഇടപാടില്‍ 5,10,990 രൂപയുടേയും സ്റ്റാമ്പ്‌ ഡ്യൂട്ടിയിനത്തില്‍ 1,70,330 രൂപയുടേയും തട്ടിപ്പ്‌ ഈ കാലഘട്ടത്തില്‍ തച്ചങ്കരി നടത്തിയതായി എഫ്‌ഐആറില്‍ പറയുന്നു. കഴിഞ്ഞ ആഴ്‌ചയില്‍ രണ്ട്‌ ദിവസങ്ങളായി നടത്തിയ റെയ്‌ഡില്‍ പിടിച്ചെടുത്ത രേഖകളും തൃശ്ശൂര്‍ വിജിലന്‍സ്‌ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്‌.

തച്ചങ്കരി കേരളാ ബുക്‌സ്‌ ആന്‍ഡ്‌ പബ്ലിക്കേഷന്‍സ്‌ സൊസൈറ്റി എംഡിയായിരിക്കേ സര്‍ക്കാരിന്‌ ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയതായി കണ്ടെത്തിയിട്ടുണ്ട്‌. 2003-05 കാലത്ത്‌ തച്ചങ്കരി കൈകാര്യം ചെയ്‌ത്‌ ബാങ്ക്‌ ഇടപാടുകള്‍ സംബന്ധിച്ച്‌ 12 ബാങ്ക്‌ അക്കൗണ്ടുകള്‍ വിജിലന്‍സ്‌ വിശദമായി പരിശോധിച്ചു.

റിയാന്‍ സ്‌റ്റുഡിയോയിലും തച്ചങ്കരിയുടെ വീടുകളിലും നടത്തിയ റെയ്‌ഡില്‍ പിടിച്ചെടുത്ത രേഖകളാണ്‌ സമര്‍പ്പിച്ചത്‌. തച്ചങ്കരിയ്‌ക്കെതിരെ അഴിമതി നിരോധന നിയമത്തിലെ 12,13 വകുപ്പുകള്‍ അനുസരിച്ച്‌ വിജിലന്‍സ്‌ കേസെടുത്തിട്ടുണ്ട്‌.

ഇതുകൂടാതെ തച്ചങ്കരിയ്‌ക്കെതിരെ പൊതുപ്രവര്‍ത്തകനായ പി.ഡി ജോസഫ്‌ നല്‍കിയ മറ്റൊരു പൊതുതാല്‍പര്യ ഹര്‍ജിയും വിജിലന്‍സ്‌ കോടതി പരിശോധിച്ചു. തച്ചങ്കരിയുടെ വിദേശയാത്രകളെക്കുറിച്ചും ഭാര്യയുടെ പേരിലുളള റിയാന്‍ സ്റ്റുഡിയോയുടെ പിന്നിലെ സാമ്പത്തിക ശ്രോതസ്സും അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ്‌ പരാതി നല്‍കിയിട്ടുളളത്‌.

വരവില്‍ കവിഞ്ഞ സ്വത്ത്‌ സമ്പാദിക്കാനും അഴിമതി നടത്താനും ടോമിന്‍ തച്ചങ്കരിക്ക്‌ കൂട്ട്‌ നിന്നവര്‍ക്കെതിരെയും നടപടിയുണ്ടാവുമെന്ന്‌ അധികൃതര്‍ സൂചിപ്പിച്ചിട്ടുണ്ട്‌. തച്ചങ്കരിയുടെ സ്വത്തിന്‍റെ ഭൂരിഭാഗവും ഭാര്യയുടെയും ബന്ധുക്കളുടെയും പേരിലാണ്.

പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ പേരില്‍ വരെ വന്‍ നിക്ഷേപങ്ങള്‍ നടത്തിയതിന്‍റെ രേഖകള്‍ വിജിലന്‍സിന്‌ ലഭിച്ചതായാണ്‌ വിവരം. വെളളിയാഴ്ച രാത്രി വൈകിയാണ്‌ റെയ്ഡുകള്‍ പൂര്‍ത്തിയായത്‌.

അഴിമതി കേസ് രജിസ്റ്റര്‍ ചെയ്‌ത സാഹചര്യത്തില്‍ തച്ചങ്കരിയെ സസ്പെന്‍ഡ് ചെയ്യണമെന്ന്‌ വിജിലന്‍സിന്‍റെ നിയമോപദേഷ്ടാവ്‌ ശുപാര്‍ശ നല്‍കിയതായി അറിയുന്നു. എന്നാല്‍ ഇത്‌ സംബന്ധിച്ച്‌ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ഇതിനിടെ വിദേശ പഠനത്തിനായി രണ്ടുവര്‍ഷത്തെ ലീവ്‌ അനുവദിക്കണം എന്നാവശ്യപ്പെട്ട്‌ ടോമിന്‍ തച്ചങ്കരി നല്‍കിയ അപേക്ഷ സര്‍ക്കാര്‍ നിരസിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഈ ഫയല്‍ എത്തിയെങ്കിലും നിലവിലെ സാഹചര്യത്തില്‍ അപേക്ഷ അനുവദിക്കേണ്ടെന്നാണ്‌ തീരുമാനമുണ്ടായത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X