പി. ജയരാജനെ ദേശാഭിമാനി ജനറല്‍ മാനേജരാക്കാന്‍ നീക്കം
തിരുവനന്തപുരം : നിഷ്ക്രിയതയുടെ ആള്‍രൂപങ്ങളായിരുന്ന കേരളത്തിലെ എംപിമാര്‍ ഒടുവില്‍ പാര്‍ലമെന്റ് സ്തംഭിപ്പിച്ചു. പാലക്കാട് ഡിവിഷന്‍ വിഭജിച്ച് സേലം ഡിവിഷന്‍ ഉണ്ടാക്കുന്നതിനെതിരെ കേരളം പാര്‍ലമെന്റിലുയര്‍ത്തിയ പ്രതിഷേധത്തിന് ഫലമുണ്ടോയെന്നറിയാന്‍ വെളളിയാഴ്ച വരെ കാത്തിരിക്കണം. പ്രശ്നത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അന്നാണ് വാ തുറക്കുന്നത്.
സേലം ഡിവിഷന്‍ സംബന്ധിച്ച് പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നത് ആ ബോധത്തിലേയ്ക്കാണ്. നിഷ്ക്രിയത്വവും കെടുകാര്യസ്ഥതയും വിടുവായുമായിരുന്നു കേരള എംപിമാരുടെ മുതല്‍ക്കൂട്ടെങ്കില്‍ കഴിഞ്ഞദിവസമെങ്കിലും കഥ മാറി.
സേലം ഡിവിഷന്‍ രൂപീകരിക്കുമെന്ന് 2004ലാണ് പാര്‍ലമെന്റില്‍ അറിയച്ചത്. മധുര, ചെന്നൈ ഡിവിഷനുകള്‍ വിഭജിച്ച് സേലം ഡിവിഷന്‍ ഉണ്ടാക്കുമെന്നായിരുന്നു അന്നത്തെ നിര്‍ദ്ദേശം. നിര്‍ദ്ദേശം കേരളവും അംഗീകരിച്ചു. ഇപ്രകാരം സേലം ഡിവിഷന്‍ എന്ന നിര്‍ദ്ദേശം അംഗീകരിക്കാമെന്ന് പാര്‍ലമെന്ററി ഉപസമിതി റിപ്പോര്‍ട്ടും നല്‍കി.
റെയില്‍വേയുടെ ഒളിച്ചു വയ്ക്കപ്പെട്ട അജണ്ടയായിരുന്നു പാലക്കാട് ഡിവിഷന്റെ വിഭജനം. സ്വന്തമായി ഒരു റെയില്‍വേ സോണ്‍ എന്ന ആവശ്യം കേരളം ഉന്നയിച്ചപ്പോള്‍ പാര്‍ലമെന്ററി ഉപസമിതി റിപ്പോര്‍ട്ട് വലിച്ചെറിഞ്ഞ് പാലക്കാടിനെ മുറിക്കാനാണ് റെയില്‍വേ തീരുമാനിച്ചത്.
പാര്‍ലമെന്ററി ഉപസമിതി റിപ്പോര്‍ട്ട് റെയില്‍വേ മാനിക്കാത്തതില്‍ കേരളം പ്രതിഷേധിച്ചില്ലെന്നു മാത്രമല്ല, റെയില്‍വേ നിര്‍ദ്ദേശം അന്ന് അംഗീകരിക്കുകയും ചെയ്തു. ഇതിനിടെ പ്രത്യേക സോണ്‍ എന്ന കേരളത്തിന്റെ ആവശ്യവും റെയില്‍വേ തളളിക്കളഞ്ഞു.
റെയില്‍പാതയുടെ ദൂരക്കുറവും മറ്റു സംവിധാനങ്ങളുടെ അപര്യാപ്തതയും ചൂണ്ടിക്കാട്ടിയാണ് പ്രത്യേക സോണ്‍ എന്ന ആവശ്യം റെയില്‍വേ നിരസിച്ചത്. സോണ്‍ രൂപീകരിക്കാന്‍ വേണ്ട ദൂരപരിധി കേരളത്തിലെ റെയില്‍പാളങ്ങള്‍ക്കില്ലെന്നായിരുന്നു ന്യായം.
പാലക്കാട് സോണിന്റെ പകുതിയിലേറെ ദൂരം സേലം ഡിവിഷനുണ്ടാവുമ്പോള്‍ ഒരിക്കലും പ്രത്യേക സോണ്‍ എന്ന ആവശ്യം നടക്കാതെ വരും. പ്രത്യേക റെയില്‍വേ സോണ്‍ എന്ന ആവശ്യം കേരളം ഒരിക്കലും ഉന്നയിക്കരുതെന്ന ദുഷ്ടബുദ്ധിയും ഈ നീക്കത്തിനു പിന്നിലുണ്ടെന്ന് പറയപ്പെടുന്നു.
കേരളത്തിന് പ്രത്യേക സോണ്‍ അനുവദിച്ചാല്‍ ചെന്നൈ ആസ്ഥാനമായ ദക്ഷിണ സോണില്‍ ഉള്‍പ്പെടുന്ന തമിഴ്നാടിന്റെ ചില ഭാഗങ്ങള്‍ കൂടി ഈ പരിധിയില്‍ വരുമായിരുന്നു. ഇതു തടയാനാണ് മധുര, ചെന്നൈ ഡിവിഷന്‍ വിഭജനം തമിഴ്നാട് എതിര്‍ത്തതും പാലക്കാടിനെ വിഭജിക്കണമെന്ന് ആവശ്യപ്പെട്ടതും.
ഇക്കാലമത്രയും മൗനത്തിലായിരുന്നു നമ്മുടെ ജനപ്രതിനിധികള്‍. നേരിയ പ്രതിഷേധം പോലും ഉയര്‍ത്താതെ ഈ അവഗണന അവര്‍ ഏറ്റുവാങ്ങി. പാര്‍ലമെന്റില്‍ വച്ച നിര്‍ദ്ദേശം അട്ടിമറിക്കപ്പെട്ടപ്പോഴും അത് ഉന്നയിക്കാനോ അവകാശലംഘന നോട്ടീസ് നല്‍കാനോ ഒന്നും ഇവിടുത്തെ എംപിമാര്‍ക്ക് സമയമോ താല്‍പര്യമോ ഇല്ലായിരുന്നു.
സേലം ഡിവിഷന്‍ പ്രഖ്യാപനം വന്ന് അതിര്‍ത്തി നിര്‍ണയിക്കുകയും ചെയ്തിട്ടും ഇവര്‍ അനങ്ങിയില്ല. മാധ്യമങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴും മൗനമായിരുന്നു എംപിമാര്‍ക്ക് ഭൂഷണം.
മലയാളി പ്രവാസി സംഘടനകളാണ് പാലക്കാട് വിഭജനത്തിനെതിരെ സുപ്രിം കോടതിയെ സമീപിച്ചത്. കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ജനപ്രതിനിധികള്‍ ഇല്ലേ എന്ന് പരിഹസിച്ചാണ് കോടതി ഹര്‍ജി തളളിയത്.
സേലം ഡിവിഷനെ സംബന്ധിച്ച് റെയില്‍വേ ബോര്‍ഡ് തീരുമാനമെടുത്തിട്ടില്ലെന്ന ന്യായവുമായി ടെലിവിഷന്‍ മുറികളില്‍ എംപിമാര്‍ വിഡ്ഢിവേഷം കെട്ടി. അതേ സമയം സേലത്ത് മൂന്നരക്കോടി ചെലവില്‍ ഡിവിഷന്‍ ആസ്ഥാന സമുച്ചയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയായിരുന്നു.
കേരളത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് യഥാസമയം കേന്ദ്രത്തിനു മുന്നില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ എംപിമാര്‍ക്ക് കഴിഞ്ഞിരുന്നെങ്കില്‍ കേരളത്തിന് ദ്രോഹം വരാത്ത തരത്തില്‍ സേലം ഡിവിഷന്‍ രൂപപ്പെടുമായിരുന്നു.
കേന്ദ്ര റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. വെളളിയാഴ്ച ഇതിന്മേല്‍ ലാലു മറുപടി പറയും. ആ മറുപടിയില്‍ കേരളത്തിന് അനുകൂലമായതെന്തെങ്കിലും ഉണ്ടാവുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. എം പിമാര്‍ ഇനിയെന്തു ചെയ്യുമെന്നാണ് ജനം കാത്തിരിക്കുന്നത്.












Click it and Unblock the Notifications