വിഎസ് ഗ്രൂപ്പിന് പരിപ്പു വടയും കട്ടനും മസ്റ്റ്!
തിരുവനന്തപുരം: തൂത്തമ്പാറ എസ്റ്റേറ്റ് പോബ്സണ്‍ ഗ്രൂപ്പിന് വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി ജയറാം രമേശ് മുഖ്യമന്ത്രിക്ക് അയച്ച് കത്ത് ചോര്‍ത്തിയത് വനംമന്ത്രിയുടെ ഓഫീസില്‍ നിന്ന്?
കേന്ദ്ര വാണിജ്യ സഹമന്ത്രി മുഖ്യമന്ത്രിക്ക് അയച്ച കത്ത് നടപടി ക്രമങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ഓഫീസ് വനം വകുപ്പിലേയ്ക്ക് അയച്ചു. അവിടെ നിന്നാണ് ഒരു വാര്‍ത്താ ചാനലിന് കത്ത് ചോര്‍ത്തിക്കൊടുത്തത് എന്നാണ് സംശയം.
മൂന്നാഴ്ച മുമ്പാണ്, കത്ത് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുന്നു എന്ന കുറിപ്പോടെ വനം മന്ത്രിയുടെ ഓഫീസിലേയ്ക്ക് മുഖ്യമന്ത്രി അയച്ചത്. കത്തിലെ ഉളളടക്കം ഇവിടെ നിന്നാണ് ചോര്‍ന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതായി അറിയുന്നു.
വനം വകുപ്പിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ കത്തിന്റെ ഉളളടക്കവുമായി രണ്ട് വാര്‍ത്താ ചാനലുകളെ സമീപിച്ചതായി വെളിപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് വാര്‍ത്തായാക്കാന്‍ പ്രസ്തുത ചാനലുകാര്‍ വിസമ്മതിച്ചു. കത്തുമായി ഇദ്ദേഹം സമീപിച്ച മൂന്നാമതു ചാനലിലാണ് വാര്‍ത്ത വന്നത്. കത്തിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി തന്നെ ഇദ്ദേഹം ആ ചാനലിന് നല്‍കുകയായിരുന്നു.
പോബ്സണ്‍ ഗ്രൂപ്പിന് കാലാവധി പുതുക്കി നല്‍കണമെന്നായിരുന്നു വനം വകുപ്പിന്റെ ആഗ്രഹം. ഇതു സംബന്ധിച്ച് വ്യക്തിപരമായി ബിനോയ് വിശ്വവും സിപിഐയും ഏറെ പഴിയും കേട്ടിരുന്നു. മുഖ്യമന്ത്രിയുടെ കടുംപിടിത്തം കാരണമാണ് വനം വകുപ്പിന്റെ ഈ നീക്കം നടക്കാതെ പോയത്.
പോബ്സണ്‍ ഗ്രൂപ്പിന് അനുകൂലമായി തീരുമാനമെടുക്കണമെന്ന കുറിപ്പോടെ ബന്ധപ്പെട്ട ഫയല്‍ വനം വകുപ്പ് മുഖ്യമന്ത്രിക്ക് അയച്ച വിവരം പുറത്തു വന്നതോടെയാണ് സംഭവം വിവാദമായത്. പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി പാട്ടക്കാര്‍ക്ക് മടക്കി നല്‍കാന്‍ പാടില്ലെന്ന നിര്‍ദ്ദേശത്തോടെ ഈ ഫയല്‍ മുഖ്യമന്ത്രി വനം വകുപ്പിലേയ്ക്ക് തിരിച്ചയച്ചു.
തുടര്‍ന്നാണ് തൂത്തമ്പാറ എസ്റ്റേറ്റ് ഏറ്റെടുത്ത് പ്ലാന്റേഷന്‍ കോര്‍പറേഷന് കൈമാറിയത്.
ഈ ഫയല്‍ പരിഗണനയ്ക്ക് വന്ന രണ്ടു മന്ത്രിസഭാ യോഗങ്ങളിലും വനംവകുപ്പ് പോബ്സണ്‍ ഗ്രൂപ്പിന് അനുകൂലമായാണ് നിലകൊണ്ടത്. എന്നാല്‍ ഒരുകാരണവശാലും ഭൂമി വിട്ടുകൊടുക്കില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാട് മനസില്ലാ മനസോടെ വനം വകുപ്പ് അംഗീകരിക്കുകയായിരുന്നു.
തങ്ങള്‍ക്കേറ്റ അപമാനത്തില്‍ നിന്ന് രക്ഷപെടാനാണ് കേന്ദ്രമന്ത്രിയുടെ കത്ത് വനംവകുപ്പ് ചോര്‍ത്തിയതെന്ന് അനുമാനിക്കുന്നു. കത്ത് ചോര്‍ത്തി മുഖ്യമന്ത്രിയെ അപമാനിക്കുക എന്ന ലക്ഷ്യമാണ് വനംവകുപ്പിനുണ്ടായിരുന്നത്.
തന്നില്‍ നിന്നും പരിസ്ഥിതി വകുപ്പ് എടുത്തുമാറ്റിയതില്‍ മുഖ്യമന്ത്രിയോടുളള നീരസവുമായി കഴിയുകയാണ് ബിനോയ് വിശ്വം. കേരള സമൂഹത്തില്‍ തനിക്കുളള ബുദ്ധിജീവി പരിവേഷം നിലനിര്‍ത്താന്‍ പരിസ്ഥിതിമന്ത്രി സ്ഥാനവും പ്രസംഗങ്ങളും ഉതകുമെന്ന സ്വപ്നം തകര്‍ന്നതിന്റെ ഷോക്കില്‍ നിന്നും ബിനോയ് വിശ്വം ഇനിയും മുക്തനായിട്ടില്ല.
കത്ത് ചോര്‍ന്നതില്‍ കേന്ദ്രമന്ത്രി ജയറാം രമേശ് അസ്വസ്ഥനാണ്. ഒരു സംസ്ഥാന മുഖ്യമന്ത്രിക്ക് അയയ്ക്കുന്ന കത്തുകള്‍ ചോര്‍ത്തി നല്‍കി വാര്‍ത്തയാക്കുന്ന നടപടി അപഹാസ്യമാണെന്ന് ജയറാം രമേശ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.
മുഖ്യമന്ത്രിക്ക് അയച്ച കത്തിന് യഥാസമയം മറുപടി നല്‍കിയെന്നും കത്ത് ചോര്‍ത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ പത്രക്കുറിപ്പ് വിശദീകരിക്കുന്നു.
ഏച്ചുകെട്ടിയ ഇടതുപക്ഷ ഇമേജുകള്‍ പലേടത്തും മുഴച്ചു തന്നെയാണ് ഇരിക്കുന്നതെന്ന് കേരളത്തെ ഒരിക്കല്‍കൂടി ബോധ്യപ്പെടുത്തുന്നു ഈ വിവാദവും.
ഈ വിവാദത്തോട് നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു?












Click it and Unblock the Notifications