വിഎസ് പക്ഷം പോരിനുറച്ച്
ഇടുക്കി : സത്യസന്ധതയ്ക്ക് പേരു കേട്ട ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജു നാരായണ സ്വാമി വീണ്ടും ഒരു മന്ത്രിയുടെ കണ്ണിലെ കരടാകുന്നു. വമ്പന്‍ എലികളെ പിടിക്കാന്‍ വിഎസ് അച്യുതാനന്ദന്‍ നേരിട്ട് ഇടുക്കി കളക്ടറായി നിയോഗിച്ച നിര്‍ഭയനായ ഈ ഐഎഎസ് ഉദ്യോഗസ്ഥന്‍ മന്ത്രിസഭയിലെ ഒരു പെരുച്ചാഴിയെ പിടിച്ചു കൂട്ടിലടച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല.
പൊതുമരാമത്ത് വകുപ്പു മന്ത്രി ടി യു കുരുവിളയാണ് രാജു നാരായണസ്വാമിയുടെ എലിവില്ലില്‍ വീണു പിടയ്ക്കുന്നത്. ഷെവലിയാര്‍ കുരുവിളയുടെ മക്കളായ എല്‍ദോ കുരുവിള, രേഖാ തോമസ്, രേണു എന്നിവരുടെ പേരില്‍ രാജകുമാരി വില്ലേജില്‍ നടന്ന അമ്പതില്‍പരം ഏക്കര്‍ ഭൂമിയുടെ പോക്കുവരവ് ഇടുക്കി കളക്ടര്‍ രാജു നാരായണസ്വാമി തടഞ്ഞ സംഭവം ഇപ്പോള്‍ മുഖ്യമന്ത്രിയുടെ മേശപ്പുറത്താണ്.
പോക്കുവരവ് നടത്തിക്കൊടുക്കാന്‍ മന്ത്രി കുരുവിള നേരിട്ട് തന്നോട് ആവശ്യപ്പെട്ടതായി രാജകുമാരി വില്ലേജ് ഓഫീസര്‍ അറിയിച്ചെന്ന കാര്യം കളക്ടര്‍ പരസ്യമാക്കുകയും ചെയ്തു. വസ്തുക്കച്ചവടത്തിന്റെ പേരില്‍ കുരുവിളയുടെ മക്കള്‍ പണം തട്ടിയെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.
ബിനാമി ഇടപാടിലൂടെ സ്വന്തമാക്കിയ ഭൂമി കുവൈറ്റിലെ ഒരു ബിസിനസ് ഗ്രൂപ്പിന് മറിച്ചു വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വിവരം പുറത്തായത്. സെന്റിന് രണ്ടായിരം രൂപ നിരക്കില്‍ ഏക്കറിന് രണ്ടു ലക്ഷം രൂപ വില നിശ്ചയിച്ചാണ് ഈ ഭൂമി കുരുവിളയുടെ മക്കളുടെ പേരില്‍ രാജകുമാരി സബ് രജിസ്ട്രാര്‍ ഓഫീസില്‍ ആധാരം നടത്തിയിരിക്കുന്നത്.
ഈ ഭൂമി ഏക്കറിന് 19.5 ലക്ഷം രൂപയ്ക്ക് മറിച്ചു വില്‍ക്കാനാണ് ശ്രമിച്ചത്. വില്‍പനയ്ക്കു മുമ്പ് ധൃതിയില്‍ പോക്കുവരവ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് കളക്ടറുടെ പിടി വീണത്.
ഹോട്ടല്‍ നിര്‍മ്മിക്കാന്‍ നിയമപരമായി അനുവാദമില്ലാത്ത രാജകുമാരിയിലെ അമ്പതേക്കര്‍ കുത്തകപ്പാട്ട ഭൂമി വസ്തുതകള്‍ മറച്ചു വെച്ച് തങ്ങള്‍ക്ക് വില്‍ക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് കുവൈറ്റിലെ കെജിഎ, എന്‍ബിടിസി ഗ്രൂപ്പുകളുടെ ഉടമ കെ ജി എബ്രഹാം സര്‍ക്കാരിന് പരാതി നല്‍കിയിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഇടുക്കി സബ് കളക്ടര്‍ മോഹന്‍ദാസ്, ദേവികുളം സബ് കളക്ടര്‍ രത്തന്‍ ഖേല്‍ക്കര്‍, ഉടുമ്പഞ്ചോല തഹസീല്‍ദാര്‍ ജേക്കബ് എന്നിവരെ രാജു നാരായണ സ്വാമി നിയോഗിക്കുകയും ചെയ്തു.
അതിനിടെ ഈ ഭൂമിയിടപാട് സംബന്ധിച്ച് മുഴുവന്‍ രേഖകളും മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ശേഖരിച്ചു. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും പുറത്താക്കപ്പെട്ട പി സി ജോര്‍ജാണ് വിവാദ ഇടപാടിന്റെ രേഖകള്‍ ശേഖരിച്ച് അച്യുതാനന്ദന് നല്‍കിയത്. കുരുവിളയെ എന്തുവിലകൊടുത്തും മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ് പി സി ജോര്‍ജ്.












Click it and Unblock the Notifications