കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസഫ് ഗ്രൂപ്പ് പുറത്തേയ്ക്ക്....?

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : ജോസഫ് ഗ്രൂപ്പിനെ ഒഴിവാക്കി ഇടതുമുന്നണി ശുദ്ധീകരിക്കാനുളള സിപിഎം കരുനീക്കം വിജയം കാണുമെന്നുറപ്പാവുന്നു. വീണു കിട്ടിയ കുരുവിള പ്രശ്നം മുതലെടുത്ത് ജോസഫ് ഗ്രൂപ്പിനെ പുറത്താക്കാനാണ് സിപിഎമ്മിന്റെ ബുദ്ധികേന്ദ്രങ്ങള്‍ കെണിയൊരുക്കിയത്. ഇക്കാര്യത്തില്‍ പാര്‍ട്ടിയിലെ വിഎസ് പിണറായി ഗ്രൂപ്പുകള്‍ ഒറ്റക്കെട്ടാണ്.

പുതിയ മന്ത്രിയെക്കുറിച്ച് വിഎസും പാലൊളിയും ജോസഫ് ഗ്രൂപ്പിന് നല്‍കിയ മുന്നറിയിപ്പുകള്‍ വിരല്‍ ചൂണ്ടുന്നത് ജോസഫ് ഗ്രൂപ്പിന്റെ ഇടതുമുന്നണി വാസം ഏതാണ്ട് അവസാനിച്ചു എന്ന സത്യത്തിലേയ്ക്കാണ്. കേരള രാഷ്ട്രീയത്തില്‍ വരുംദിവസങ്ങളില്‍ പലതും സംഭവിക്കുമെന്ന് കെ എം മാണിയും വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ കുറെക്കാലമായി മനവും മിഴിയും യുഡിഎഫിലേയ്ക്കയച്ചു നില്‍ക്കുകയാണ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ്. മാണിയുമായി നടത്തിയ രഹസ്യചര്‍ച്ചകളുടെ വിവരങ്ങള്‍ അറിഞ്ഞതു മുതല്‍ സിപിഎം നേതൃത്വം ജോസഫുമായി കടുത്ത നീരസത്തിലാണ്. മന്ത്രിയെന്ന നിലയില്‍ ജോസഫിന്റെയും കുരുവിളയുടെയും പ്രകടനം മുന്നണിയ്ക്കും മന്ത്രിസഭയ്ക്കും കടുത്ത അപമാനമാണ് വരുത്തി വെച്ചത്.

കുരുവിളയുമായി തുടക്കം മുതല്‍ കടുത്ത അഭിപ്രായ വ്യത്യാസമുണ്ടായിരുന്നത് ധനകാര്യ മന്ത്രി തോമസ് ഐസക്കിനാണ്. പിണറായി ഗ്രൂപ്പിലെ അതികായനായ ഐസക്കുമായി നേരിട്ട് പോരടിച്ച കുരുവിളയ്ക്ക് പക്ഷേ വിഎസ് അച്യുതാനന്ദന്റെ പിന്തുണ ഉറപ്പാക്കാനുമായില്ല.

മന്ത്രിപദവിയില്‍ പൂര്‍ണ പരാജയമായിരുന്നു കുരുവിള. പൊട്ടിപ്പൊളിഞ്ഞ റോഡുകളിലെ ആഴമേറിയ ഗട്ടറുകള്‍ കണക്കിലെടുത്ത് ജനം മന്ത്രിയെ കുഴിവിളയെന്ന് പരിഹസിച്ചപ്പോഴും കാറ്റുപിടിക്കാത്ത ആട്ടുകല്ലിന്റെ നിസംഗതയായിരുന്നു കുരുവിളയ്ക്ക്. ദേശീയ പാതയും സ്റ്റേറ്റ് ഹൈവേയും മുതല്‍ പഞ്ചായത്ത് റോഡുകള്‍ വരെ കുഴികള്‍ കൊണ്ടു നിറഞ്ഞപ്പോഴും മന്ത്രി എക്സ്പ്രസ് ഹൈവേയെക്കുറിച്ചാണ് സ്വപ്നങ്ങള്‍ പങ്കുവച്ചത്.

പൊതുമരാമത്ത് വകുപ്പില്‍ നിന്നും പുറത്തുവന്ന അഴിമതിക്കഥകളും ജോസഫ് ഗ്രൂപ്പിന്റെ ഒറ്റപ്പെടലിന് വഴി വച്ചു. മുന്നണിയിലെ ഒരു ഘടകകക്ഷിയുടെ പോലും ആത്മാര്‍ത്ഥമായ പിന്തുണ ഉറപ്പാക്കാന്‍ ജോസഫിന് കഴിഞ്ഞതുമില്ല.

പുതിയ മന്ത്രിയെ തീരുമാനിക്കുന്നതില്‍ കടുത്ത അഭിപ്രായവ്യത്യാസമാണ് ജോസഫ് ഗ്രൂപ്പില്‍ നിലനില്‍ക്കുന്നത്. ഒരു വിഭാഗം മോന്‍സ് ജോസഫിനെ പിന്തുണയ്ക്കുമ്പോള്‍ വേറൊരു കൂട്ടര്‍ സുരേന്ദ്രന്‍ പിളള മന്ത്രിയാകണമെന്ന് വാദിക്കുന്നു. മന്ത്രിപദത്തില്‍ തിരിച്ചെത്താനുളള മോഹം ജോസഫിനു തന്നെയും ഉണ്ട്.

വിമാനയാത്രയിലെ പീഡനക്കേസ് ഒതുക്കിത്തീര്‍ക്കുന്നതില്‍ ഏതാണ്ട് വിജയിച്ചു നില്‍ക്കുകയാണ് ജോസഫ്. തന്റെ മന്ത്രിസ്ഥാനം തിരിച്ചു നല്‍കിയില്ലെങ്കില്‍ അക്കാര്യം പറ‍ഞ്ഞ് മുന്നണി വിടാമെന്ന് ജോസഫ് കണക്കുകൂട്ടുന്നു. അത് അറിഞ്ഞു തന്നെയാണ് പാലൊളി മുഹമ്മദ് കുട്ടിയുടെ പ്രസ്താവനയും.

കേസിന്റെ കാര്യത്തില്‍ തീരുമാനമാകാതെ പി ജെ ജോസഫിനെ മന്ത്രിയാക്കില്ലെന്ന് പാലൊളി തുറന്നടിച്ചത് പിണറായി അറിയാതെയാവില്ല. പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കാന്‍ തന്റെ മന്ത്രിസഭയില്‍ മിടുക്കന്മാരുണ്ടെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. സിപിഎമ്മിന്റെ ഇരു ഗ്രൂപ്പുകള്‍ക്കും ജോസഫ് ഗ്രൂപ്പിനോടുളള മനോഭാവം എന്താണെന്നതിന്റെ വ്യക്തമായ സൂചനകളാണ് ഈ രണ്ടു പ്രസ്താവനകളും.

ജോസഫ് ഗ്രൂപ്പിനെ സംബന്ധിച്ച് നിര്‍ണായകമായ ദിനമാവും സെപ്തംബര്‍ 15 എന്നുറപ്പായിട്ടുണ്ട്. മന്ത്രിസ്ഥാനത്തേയ്ക്ക് പി ജെ ജോസഫിനെ തന്നെയാവും പാര്‍ട്ടി നിര്‍ദ്ദേശിക്കുക. ആന്റണി രാജുവിന്റെ നാവിലൂടെ സംസാരിക്കുന്നത് സാക്ഷാല്‍ ജോസഫ് ആയതിനാല്‍ അക്കാര്യത്തില്‍ ഇനിയൊരു സംശയവും അവശേഷിക്കുന്നില്ല.

ജോസഫിനെ മന്ത്രിയാക്കാന്‍ ഈ സാഹചര്യത്തില്‍ സിപിഎം തയ്യാറാവാനിടയില്ല. മോന്‍സ് ജോസഫിനോടാണ് സിപിഎമ്മിന് ആഭിമുഖ്യം. എന്നാല്‍ ജോസഫ് ഗ്രൂപ്പ് വെല്ലുവിളിയുടെ മാര്‍ഗം സ്വീകരിച്ചാല്‍ അതേ നിലയില്‍ തിരിച്ചടിക്കാനാണ് സിപിഎം ഉദ്ദേശിക്കുന്നത്. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ സെപ്തംബര്‍ കഴിയുമ്പോള്‍ ഇടതുമുന്നണിയില്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ഉണ്ടാവുകയില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X