കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിന് വെളിയത്തിന്റെ ഭീഷണി

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം : പൊന്മുടി ഭൂമിയിടപാട് കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിച്ചാല്‍ മന്ത്രിസഭയില്‍ നിന്നും സിപിഐ മന്ത്രിമാരെ പിന്‍വലിക്കുമെന്ന് വെളിയം ഭാര്‍ഗവന്‍ മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും കേന്ദ്ര ഏജന്‍സിയെ അന്വേഷണം ഏല്‍പ്പിക്കാന്‍ മുഖ്യമന്ത്രി വിസമ്മതിക്കുന്നത് വെളിയം ഭാര്‍ഗവന്റെ ഭീഷണിയെ തുടര്‍ന്നാണ്. സംസ്ഥാന മന്ത്രിസഭയില്‍ സിപിഐയുടെ സാന്നിദ്ധ്യം ഇടതുമുന്നണിയ്ക്ക് ദിനം പ്രതി നാണക്കേടുണ്ടാക്കുന്നതിനിടയിലാണ് സിപിഐ നേതാവിന്റെ ഭീഷണി.

ഒരാഴ്ച മുന്നേ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ഇടപാട് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന നിര്‍ദ്ദേശം ആദ്യം മുന്നോട്ടു വച്ചത്. തുടര്‍ന്ന് ഇക്കഴിഞ്ഞ വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗവും കേന്ദ്രഏജന്‍സിയുടെ അന്വേഷണം വേണം എന്ന നിലപാടിലായിരുന്നു. അന്വേഷണം പ്രഖ്യാപിച്ചാല്‍ വനം റവന്യൂ മന്ത്രിമാര്‍ മന്ത്രിസഭയില്‍ നിന്നും മാറി നില്‍ക്കേണ്ടി വരും.

ഇതു മുന്‍കൂട്ടിക്കണ്ടാണ് വെളിയം ഭാര്‍ഗവന്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് മന്ത്രിസഭയില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന ഭീഷണി മുഴക്കിയത്. ഇതേ തുടര്‍ന്നാണ് സിപിഎം സെക്രട്ടേറിയറ്റിന്റെയും മന്ത്രിസഭയുടെയും തീരുമാനത്തില്‍ നിന്നും വിഎസ് പിന്നാക്കം പോയത്.

മെര്‍ക്കിസ്റ്റണ്‍ ഭൂമി വിവാദം ഉയര്‍ന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഒരു ഉന്നത തലയോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഈ യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്താന്‍ സിപിഐ സംസ്ഥാന സെക്രട്ടറി നേരിട്ടെത്തിയത്.

ഭൂമി വിവാദത്തില്‍ വനം റവന്യൂ തൊഴില്‍ മന്ത്രിമാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ മന്ത്രിമാര്‍ക്ക് വ്യക്തിപരമായി ഈ ഇടപാടില്‍ ബന്ധമില്ലെന്നും ആരുടെയെങ്കിലും സമ്മര്‍ദ്ദത്തിനു വഴങ്ങി അന്വേഷണം പ്രഖ്യാപിച്ചാല്‍ ആനിമിഷം മന്ത്രിസഭയില്‍ നിന്നും മാറി നില്‍ക്കുമെന്നുമായിരുന്നു വെളിയത്തിന്റെ ഭീഷണി.

മൂന്നാര്‍ കയ്യേറ്റത്തില്‍ സിപിഐയുടെ പങ്ക് വെളിപ്പെട്ടതു മുതല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രതിരോധത്തിലാണ് പാര്‍ട്ടി. ഇനിയൊരു കളങ്കം കൂടി പാര്‍ട്ടിക്കു മേലേ പതിച്ചാല്‍ കേരളത്തിലെ ഏറ്റവും നാണംകെട്ട പാര്‍ട്ടിയെന്ന പേരുദോഷമാകും സിപിഐയ്ക്കു മേലെ പതിയുക. അത് മറികടക്കാനുളള ആള്‍ബലമോ സാമ്പത്തിക ശേഷിയോ മാധ്യമസ്വാധീനമോ സിപിഐയ്ക്കില്ല. ഇക്കാര്യം നന്നായി അറിയാവുന്നതു കൊണ്ടാണ് വെളിയം കടുത്ത പ്രയോഗവുമായി നേരിട്ട് ഇറങ്ങിയത്.

മൂന്നാര്‍ പ്രശ്നത്തില്‍ സിപിഐയെ പ്രതിരോധത്തിലാക്കിയത് വിഎസിന്റെ ഇടപെടലുകളാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കടുത്ത വിമര്‍ശനമാണ് വെളിയം വിഎസിനെതിരെ നടത്തിയത്. അന്വേഷണം ഏര്‍പ്പെടുത്തിയാല്‍ മന്ത്രി മാറി നില്‍ക്കേണ്ടി വരുമെന്ന കാര്യം കുരുവിളയുടെ പ്രശ്നം ചൂണ്ടിക്കാട്ടി വെളിയം വിഎസിനെ ഓര്‍മ്മിപ്പിച്ചു.

സിപിഐയിലെ ഏറ്റവും തിളക്കമുളള നേതാവായിരുന്ന ബിനോയ് വിശ്വത്തിനെ എന്തുവില കൊടുത്തും സംരക്ഷിക്കുമെന്ന് വിവാദം ഉയര്‍ന്ന വേളയില്‍ അടിയന്തര യോഗം ചേര്‍ന്ന് പാര്‍ട്ടി തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വീണ്ടും കേന്ദ്ര ഏജന്‍സിയുടെ അന്വേഷണമെന്ന ആവശ്യം ആവര്‍ത്തിച്ചതോടെ വിഎസ് അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലായിരിക്കുകയാണ്.

ഭൂമിയിടപാടില്‍ ബിനോയ് വിശ്വം അഴിമതി കാട്ടി എന്ന് സിപിഎം വിശ്വസിക്കുന്നില്ല. എന്നാല്‍ മന്ത്രിയുടെ കാര്യപ്രാപ്തിക്കുറവും അശ്രദ്ധയുമാണ് പ്രശ്നം വഷളാക്കിയതെന്ന് സിപിഎം വിശ്വസിക്കുന്നു.

ഭൂമിയിടപാടില്‍ കരിനിഴല്‍ പതിച്ച ഐഎസ്ആര്‍ഒയും അന്വേഷണം വേണ്ടെന്ന നിലപാടിലാണ്. തങ്ങളുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കൂടി ഉള്‍പ്പെട്ട ഈ വിവാദത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം തടി കേടാക്കുമെന്ന് അവര്‍ക്കറിയാം.

തേഞ്ഞുമാഞ്ഞു പോകുന്ന അഴിമതി

സംസ്ഥാന ചീഫ് സെക്രട്ടറിയും ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിലെ അത്യുന്നതരും ചേര്‍ന്ന് സര്‍ക്കാര്‍ സംവിധാനത്തെയാകെ വിഡ്ഢികളാക്കി നടത്തിയ അഴിമതി തേഞ്ഞുമാഞ്ഞു പോകുമെന്ന സൂചനയാണ് തലസ്ഥാനത്തു നിന്നും ലഭിക്കുന്നത്. ആദര്‍ശവാന്മാരെന്ന് നടിക്കുന്നവരുടെയാകെ തനിനിറം ഒരിക്കല്‍ കൂടി ജനത്തിനു മുന്നില്‍ തുറന്നു കാട്ടപ്പെടുന്നു.

പ്രചരണജാഥകളും ഉളുപ്പില്ലാത്ത മൈതാനപ്രസംഗങ്ങളും കൊണ്ട് ഏത് അഴിമതിയെയും ന്യായീകരിക്കാമെന്ന ആത്മവിശ്വാസം ഏതാണ്ട് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുമുണ്ട്. പൊന്മുടി ഇടപാടിന്റെ സത്യാവസ്ഥ ജനത്തെ അറിയിക്കാനെന്ന പേരില്‍ സിപിഐയ്ക്ക് കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ അടുത്ത ജാഥ നടത്താം. അതിന്റെ പേരില്‍ ജനത്തെ പിരിച്ചു പിഴിയാം. പണിയില്ലാത്ത കുറെ നേതാക്കള്‍ക്ക് പ്രസംഗിച്ച് രതിമൂര്‍ച്ഛയുടെ സാഫല്യം നുകരാം.

നാടകത്തിലെ അടുത്ത അങ്കം അതാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X